ജൊഹാനസ്ബർഗ് : യു.എൻ രക്ഷാസമിതി പരിഷ്‍കരണം അനിവാര്യമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദക്ഷിണാഫ്രിക്കയിൽ ജി20 ഉച്ചകോടിയോടനുബന്ധിച്ച് ബ്രസീൽ, ദക്ഷിണാഫ്രിക്ക രാഷ്ട്രനേതാക്കളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യ, ദക്ഷിണാഫ്രിക്ക, ബ്രസീൽ സഖ്യം വ്യക്തമായ സന്ദേശം നൽകണം.
ലോകത്ത് വലിയ ഭിന്നത പ്രകടമായ സാഹചര്യത്തിൽ ഐക്യം, സഹകരണം, മാനവികത എന്നിവയുടെ സന്ദേശം നൽകാൻ ത്രികക്ഷി സഖ്യത്തിന് കഴിയും. തീവ്രവാദത്തിനെതിരായ പോരാട്ടത്തിൽ ഒരുമിച്ച് മുന്നേറണം. ഇത്തരം ഗുരുതര വിഷയത്തിൽ ഇരട്ടത്താപ്പിന് സ്ഥാനമില്ല.
മനുഷ്യ കേന്ദ്രീകൃതമായ വികസനത്തിൽ സാങ്കേതികവിദ്യക്ക് നിർണായക പങ്കുണ്ട്. യു.പി.ഐ, സൈബർ സുരക്ഷ, വനിത ടെക് സംരംഭങ്ങൾ, ആരോഗ്യ പ്ലാറ്റ്ഫോമുകൾ തുടങ്ങിയ പൊതു ഡിജിറ്റൽ സൗകര്യങ്ങൾ പങ്കുവെക്കാൻ ഇന്ത്യ, ബ്രസീൽ, ദക്ഷിണാഫ്രിക്ക ഡിജിറ്റൽ നവീകരണ സഖ്യം രൂപവത്കരിക്കണമെന്ന നിർദേശവും പ്രധാനമന്ത്രി മുന്നോട്ടുവെച്ചു
ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൽ രാമഫോസയുമായി നടത്തിയ കൂടിക്കാഴ്ചയിൽ വ്യാപാര സഹകരണം, അപൂർവ ധാതുക്കൾ, സാങ്കേതികവിദ്യ, നൈപുണ്യ വികസനം, നിർമിത ബുദ്ധി തുടങ്ങിയവ ചർച്ചയായി.

