ഡൽഹി : ചെങ്കോട്ട സ്ഫോടനക്കേസിലെ പ്രതികളായ ഡോക്‌ടർമാരുടെ സംഘം ഇന്ത്യയിലെ പല നഗരങ്ങളിലും ഭീകരാക്രമണങ്ങൾ നടത്താനായി 26 ലക്ഷം രൂപയോളം സമാഹരിച്ചതായി എൻഐഎ വൃത്തങ്ങൾ. സ്ഫോടന കേസിലെ പ്രധാന പ്രതികളിലൊരാളായ മുസമ്മിൽ ഗനായിയാണ് ഇത് സംബന്ധിച്ച വെളിപ്പെടുത്തൽ നടത്തിയത്.
ഗനായി 5 ലക്ഷം രൂപ സംഭാവന നൽകിയതായും അദീൽ അഹമ്മദ് റാഥറും സഹോദരൻ മുസാഫർ അഹമ്മദ് റാഥറും യഥാക്രമം 8 ലക്ഷം രൂപയും 6 ലക്ഷം രൂപയും നൽകിയതായും റിപ്പോർട്ടുണ്ട്.
മറ്റൊരു ഡോക്ടറായ ഷഹീൻ ഷാഹിദ് 5 ലക്ഷം രൂപ നൽകിയതായും സ്ഫോടക വസ്തുക്കളുമായി കാറോടിച്ചെത്തിയ ഡോക്ടർ ഉമർ ഉൻ-നബി മുഹമ്മദ് 2 ലക്ഷം രൂപ സംഭാവന ചെയ്‌തതായും കരുതപ്പെടുന്നു. അവർ ഒറ്റരാത്രികൊണ്ട് സ്ഫോടകവസ്തുക്കൾ നിർമ്മിക്കുകയായിരുന്നില്ല, ഇത് ചിട്ടയായ ഒരു പ്രവർത്തനമായിരുന്നുവെന്ന് ഒരു എൻഐഎ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു.
ഭീകരാക്രമണങ്ങൾക്കായി ശേഖരിച്ച പണമെല്ലാം കൈകാര്യം ചെയ്‌തത് ഉമറാണ്. സാധനങ്ങൾ വാങ്ങുന്നതിലും പദ്ധതി നടപ്പിലാക്കുന്നതിലും അയാൾക്ക് ഒരു പ്രധാന പങ്കുണ്ട്. രണ്ട് വർഷത്തിലേറെ ചെലവിട്ടാണ് സ്ഫോടനം നടത്തിയത്. സ്ഫോടകവസ്തുക്കളും റിമോട്ട് ഉപയോഗിച്ച് പ്രവർത്തിപ്പിക്കുന്ന ഉപകരണങ്ങളും ശേഖരിക്കാൻ ഒരുപാട് സമയമെടുത്തു.
അതേസമയം, ഗൂരുഗ്രാമിൽ നിന്ന് കിൻ്റെൽ കണക്കിന് എൻപികെ വളമാണ് ഗനായി സംഘടിപ്പിച്ചത്. കൂടാതെ അമോണിയം നൈട്രേറ്റും യൂറിയയും സംഭരിച്ചിരുന്നു. ഇതിൽ നിന്ന് സ്ഫോടക വസ്തു നിർമിച്ച പദ്ധതിയുടെ മേൽനോട്ടം വഹിച്ചത് ഉമറാണെന്ന് കരുതപ്പെടുന്നു. എല്ലാവർക്കും ജോലി കൃത്യമായി വിഭജിച്ചു നൽകിയിരുന്നു. സാങ്കേതിക വശങ്ങൾ ഉമർ കൈകാര്യം ചെയ്‌തപ്പോൾ മറ്റുള്ളവർ പണവും സ്ഫോടനമുണ്ടാക്കാനുള്ള വസ്തുക്കൾ വാങ്ങുന്നതിലും അവ സംഭരണ കേന്ദ്രത്തിൽ ആരുടെയും കണ്ണിൽ പെടാതെ എത്തിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിച്ചു.
കേസിൽ ഇതുവരെ ഗനായി, ഷഹിൻ സയീദ്, അദീൽ റാഥർ എന്നീ മൂന്ന് ഡോക്‌ടർമാരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതേ ശൃംഖലയുടെ ഭാഗമാണെന്ന് സംശയിക്കുന്ന മുസാഫർ റാഥർ അഫ്ഗാനിസ്ഥാനിലാണെന്ന് കരുതപ്പെടുന്നു. ഇയാളെ കസ്റ്റഡിയിലെടുക്കാനുള്ള ശ്രമം തുടരുകയാണ്.
പ്രതികളിൽ പലരും ജോലി ചെയ്തിരുന്ന അൽ-ഫലാഹ് മെഡിക്കൽ കോളേജിലെ ഇവരുടെ സഹപ്രവർത്തകനായ നിസാർ ഉൾ-ഹസനു വേണ്ടിയും അധികൃതർ തിരച്ചിൽ നടത്തുന്നുണ്ട്.പ്രതികളിൽ ഒരാൾക്ക് ഹൻസുള്ള എന്ന പേരിൽ അറിയപ്പെടുന്ന ജെയ്ഷെ മുഹമ്മദ് ഭീകരൻ ബോംബ് നിർമാണ വീഡിയോകൾ അയച്ചുകൊടുത്തതായി റിപ്പോർട്ടുകളുണ്ട്. ജമ്മു കശ്മീരിലെ ഷോപ്പിയാനിൽ നിന്നുള്ള പുരോഹിതനായ മൗലവി ഇർഫാൻ അഹമ്മദ് വഴിയാണ് ഹൻസുള്ള പ്രതിയെ ബന്ധപ്പെട്ടത്.
ഡോക്ടർമാരെ തീവ്രവാദത്തിലേ ക്കെത്തിക്കുകയും വൈറ്റ് കോളർ ഭീകര മൊഡ്യൂൾ രൂപീകരിച്ചതിനും പിന്നിൽ പ്രവർത്തിച്ചത് മൗലവി ഇർഫാൻ അഹമ്മദാണെന്ന് അന്വേഷണ സംഘം നേരത്തേ കണ്ടെത്തിയിരുന്നു.ഫരീദാബാദിലെ അൽ-ഫലാഹ് സർവകലാശാലയിൽ ഡോക്‌ടറായി ജോലി ചെയ്തിരുന്ന ഡോ മുസമ്മിലിനെയാണ് മൗലവി ആദ്യം റിക്രൂട്ട് ചെയ്യുന്നത്. തുടർന്ന് ഷക്കീൽ സർവകലാശാലയിലെ മൂന്ന് ഡോക്ടർമാരെയും പദ്ധതിയുടെ ഭാഗമാക്കി.
സ്ഫോടനം ആസൂത്രണം ചെയ്തവർക്ക് അഫ്ഗാനിസ്താനിൽ പരിശീലനം ലഭിച്ചതായി അന്വേഷണ സംഘം സംശയിക്കുന്നുണ്ട്. ഷക്കീൽ, തുർക്കി വഴി അഫ്ഗാനിസ്താനിലേക്ക് പോയതിന്റെ സൂചനകൾ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്.മുഖ്യപ്രതി ഡോ. ഉമർ നബി മൂന്നുവർഷം മുൻപ് തുർക്കി സന്ദർശിച്ചിരുന്നതായി അന്വേഷണ സംഘം നേരത്തേ കണ്ടെത്തിയിരുന്നു. ഡൽഹി, ഗുരുഗ്രാം, ഫരീദാബാദ് എന്നിവിടങ്ങളിലെ ഉന്നത പ്രദേശങ്ങൾ ലക്ഷ്യമിടുന്നതിനായി 200 ശക്തമായ ഇംപ്രൊവൈസ്‌ഡ് എക്‌സ്പ്ലോസീവ് ഉപകരണങ്ങൾ (ഐഇഡികൾ) സംഘം തയ്യാറാക്കിയിരുന്നു.

