മനാമ: ബഹ്റൈനിലെ വിസിറ്റ് വിസ ജോലി പെർമിറ്റായി മാറ്റുന്നത് തടയുന്ന നിർദേശത്തിന്റെ മേലുള്ള നിർണായക വോട്ടെടുപ്പിന് പാർലമെന്റ് ചൊവ്വാഴ്ച ഒരുങ്ങുന്നു. പൗരന്മാർക്ക് കൂടുതൽ തൊഴിലവസരങ്ങൾ ഉറപ്പാക്കാൻ ലക്ഷ്യമിടുന്ന ഈ നിയമ ഭേദഗതി, രാജ്യത്തെ വിസ ചട്ടങ്ങൾ അടിമുടി മാറ്റാൻ സാധ്യതയുണ്ട്. 1965ലെ വിദേശികളുടെ (ഇമിഗ്രേഷൻ ആൻഡ് റെസിഡൻസ്) നിയമത്തിൽ മാറ്റം വരുത്താനുള്ള ഈ നിർദേശം പാർലമെന്റ് ഈ വർഷം ആദ്യം അംഗീകരിച്ചിരുന്നു. എന്നാൽ, ശൂറ കൗൺസിൽ തള്ളിക്കളഞ്ഞതോടെ നിയമം വീണ്ടും പാർലമെന്റിൽ ‘ഇൻസിസ്റ്റൻസ് വോട്ടിനായി’ തിരിച്ചെത്തിയിരിക്കയാണ്.
പൗരന്മാരുടെ ഇടയിലെ തൊഴിലില്ലായ്മ നിരക്ക് കുറക്കുന്നതിനും അവർക്ക് കൂടുതൽ തൊഴിൽ ലഭ്യത ഉറപ്പാക്കുന്നതിനും ഈ ഭേദഗതി അനിവാര്യമാണെന്ന് എം.പിമാർ പറയുന്നു. നിലവിലുള്ള നിയമങ്ങൾതന്നെ ഈ വിഷയത്തിൽ ആവശ്യമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നുണ്ടെന്നും, പുതിയ നിയമം ആവശ്യമില്ലെന്നും സർക്കാർ വാദിക്കുന്നു. നിലവിലെ നിയമത്തിലെ (ആർട്ടിക്കിൾ 18) വ്യവസ്ഥകൾ പ്രകാരം, തൊഴിൽ പെർമിറ്റുകൾ നൽകുന്നതിൽ അധികാരികൾക്ക് വിശാലമായ വിവേചനാധികാരമുണ്ടെന്ന് സർക്കാർ ചൂണ്ടിക്കാട്ടി. പുതിയ നിയമം നടപ്പാക്കുന്നത് ഈ നിയമപരമായ വിവേചനാധികാരത്തെ കർശനമായി പരിമിതപ്പെടുത്തും എന്നും സർക്കാർ വാദിക്കുന്നു.
വിദേശകാര്യ, പ്രതിരോധ, ദേശീയസുരക്ഷാസമിതി ചെയർമാൻ എം.പി. ഹസൻ ബുഖമ്മാസ് ഈ ഭേദഗതിയെ ശക്തമായി ന്യായീകരിച്ചു. തൊഴിൽവിപണിക്ക് സംരക്ഷണം നൽകാനും വിസ ദുരുപയോഗം ചെയ്യുന്നത് തടയാനും ഈ നിയമം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ജോലി വിസയിൽ അല്ലാതെ രാജ്യത്തേക്ക് പ്രവേശിച്ച് പിന്നീട് തൊഴിൽ തേടുന്നത് തദ്ദേശീയരായ ഉദ്യോഗാർഥികൾക്ക് ജോലി ലഭിക്കുന്നതിൽ വെല്ലുവിളിയാകുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാർലമെന്റ് അവരുടെ മുൻ തീരുമാനത്തിൽ ഉറച്ചുനിൽക്കുകയാണെങ്കിൽ, ഈ ബിൽ അന്തിമ തീരുമാനത്തിനായി ദേശീയ അസംബ്ലിയുടെ സംയുക്ത സമ്മേളനത്തിലേക്ക് അയക്കും. ചൊവ്വാഴ്ച നടക്കുന്ന വോട്ടെടുപ്പിൽ, തങ്ങളുടെ മുൻ നിലപാട് നിലനിർത്തിക്കൊണ്ട് നിയമത്തെ മുന്നോട്ട് കൊണ്ടുപോകണോ എന്ന് എം.പിമാർ തീരുമാനിക്കും.

