Friday, December 5, 2025
HomeNewsഎറിഞ്ഞു മടുത്ത് ഇന്ത്യ: സെഞ്ചുറി നേടി സെനുരാന്‍ മുത്തുസ്വാമി; ദക്ഷിണാഫ്രിക്ക 489 റണ്‍സിന് പുറത്ത്

എറിഞ്ഞു മടുത്ത് ഇന്ത്യ: സെഞ്ചുറി നേടി സെനുരാന്‍ മുത്തുസ്വാമി; ദക്ഷിണാഫ്രിക്ക 489 റണ്‍സിന് പുറത്ത്

ഗുവാഹാട്ടി: ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ ദക്ഷിണാഫ്രിക്ക 489 റണ്‍സിന് പുറത്ത്. ഇന്ത്യന്‍ ബൗളര്‍മാര്‍ പന്തെറിഞ്ഞു മടുത്ത ഒന്നര ദിവസത്തിനു ശേഷമാണ് പ്രോട്ടീസ് ഇന്നിങ്‌സ് അവസാനിച്ചത്. സെഞ്ചുറി നേടിയ സെനുരാന്‍ മുത്തുസ്വാമിയും സെഞ്ചുറിക്ക് ഏഴു റണ്‍സകലെ മാത്രം പുറത്തായ മാര്‍ക്കോ യാന്‍സനും ചേര്‍ന്ന് ഇന്ത്യന്‍ ബൗളര്‍മാരുടെ ക്ഷമ പരീക്ഷിച്ചു.

ഒരു ഘട്ടത്തില്‍ ആറിന് 246 റണ്‍സെന്ന നിലയിലായിരുന്ന ദക്ഷിണാഫ്രിക്കയെ രക്ഷിച്ചെടുത്തത് ഇന്ത്യന്‍ വംശജനായ മുത്തുസ്വാമിയും യാന്‍സനും ചേര്‍ന്നാണ്. സെഞ്ചുറി നേടിയ മുത്തുസ്വാമി 206 പന്തില്‍ നിന്ന് രണ്ട് സിക്‌സും 10 ഫോറുമടക്കം 109 റണ്‍സെടുത്തു. പ്രോട്ടീസ് ഇന്നിങ്‌സിലെ ടോപ് സ്‌കോററും മുത്തുസ്വാമി തന്നെ. പിന്നാലെ യാന്‍സനും മികച്ച ബാറ്റിങ് കാഴ്ചവെച്ചു. സെഞ്ചുറിയിലേക്ക് കുതിക്കുകയായിരുന്ന യാന്‍സനെ പുറത്താക്കി കുല്‍ദീപ് യാദവാണ് പ്രോട്ടീസ് ഇന്നിങ്‌സ് അവസാനിപ്പിച്ചത്. 91 പന്തുകള്‍ നേരിട്ട് 93 റണ്‍സെടുത്താണ് താരം മടങ്ങിയത്. ഏഴ് സിക്‌സും ആറ് ഫോറുമടങ്ങുന്നതായിരുന്നു യാന്‍സന്റെ ഇന്നിങ്‌സ്.

ഇന്ത്യയ്ക്കായി കുല്‍ദീപ് നാലു വിക്കറ്റ് വീഴ്ത്തി. ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, രവീന്ദ്ര ജഡേജ എന്നിവര്‍ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.നേരത്തേ ആറുവിക്കറ്റിന് 247 റണ്‍സെന്ന നിലയില്‍ രണ്ടാംദിനം ബാറ്റിങ് ആരംഭിച്ച ദക്ഷിണാഫ്രിക്കയ്ക്കായി സെനുറാന്‍ മുത്തുസാമിയും കെയ്ല്‍ വെരെയ്‌നും ശ്രദ്ധയോടെ ബാറ്റേന്തി. ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് പിടികൊടുക്കാതെ ഇരുവരും പ്രോട്ടീസ് ഇന്നിങ്‌സ് മുന്നോട്ടുനയിച്ചു. പിന്നാലെ മുത്തുസാമി അര്‍ധസെഞ്ചുറി തികച്ചു. വെറാനും സ്‌കോറുയര്‍ത്തിയതോടെ പ്രോട്ടീസ് മുന്നൂറ് കടന്നു. ഏഴാം വിക്കറ്റില്‍ മുത്തുസ്വാമി-വെരെയ്ന്‍ സഖ്യം 236 പന്തില്‍ നിന്ന് 88 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി.

സ്‌കോര്‍ 334-ല്‍ നില്‍ക്കേ വെരെയ്‌നെ പുറത്താക്കി ജഡേജ രണ്ടാം ദിനത്തിലെ ആദ്യ വിക്കറ്റ് സ്വന്തമാക്കി. 45 റണ്‍സെടുത്താണ് താരം മടങ്ങിയത്. പിന്നീടിറങ്ങിയ മാര്‍ക്കോ യാന്‍സന്‍ ഇന്ത്യന്‍ ബൗളര്‍മാരെ തകര്‍ത്തടിച്ചതോടെ ദക്ഷിണാഫ്രിക്കന്‍ സ്‌കോര്‍ കുതിച്ചു. മുത്തുസാമിയും നിലയുറപ്പിച്ചതോടെ ഇന്ത്യ അക്ഷരാര്‍ഥത്തില്‍ പ്രതിരോധത്തിലായി. ടീം സ്‌കോര്‍ 400 കടക്കുകയും ചെയ്തു. വൈകാതെ മുത്തുസാമിയുടെ സെഞ്ചുറിയുമെത്തി. പിന്നാലെ യാന്‍സന്‍ അര്‍ധസെഞ്ചുറിയും നേടിയതോടെ ദക്ഷിണാഫ്രിക്ക ശക്തമായ നിലയിലെത്തി. എന്നാല്‍ 109 റണ്‍സെടുത്ത മുത്തുസാമിയെ സിറാജ് കൂടാരം കയറ്റി. എട്ടാം വിക്കറ്റില്‍ ഇരുവരും 97 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. സിമോണ്‍ ഹാര്‍മറും(5) പിന്നാലെ പുറത്തായി. കേശവ് മഹാരാജ് 12 റണ്‍സോടെ പുറത്താകാതെ നിന്നു.

ഏയ്ഡന്‍ മാര്‍ക്രം (38), റയാന്‍ റിക്കെല്‍ട്ടണ്‍ (35), ട്രിസ്റ്റന്‍ സ്റ്റബ്ബ്‌സ് (49), ക്യാപ്റ്റന്‍ ടെംബ ബവുമ (41), (ടോണി ഡിസോര്‍സി (28), വിയാന്‍ മുള്‍ഡര്‍ (13) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങള്‍.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments