ന്യൂഡൽഹി : ഡൽഹിയിലെ നാഷണൽ സുവോളജിക്കൽ പാർക്കിൽ നിന്ന് ഒരു സംഘം കുറുക്കൻമാർ രക്ഷപ്പെട്ടു. സുരക്ഷാ ജീവനക്കാരുടെ അനാസ്ഥ ചോദ്യം ചെയ്യപ്പെടുന്നു.തൊട്ടടുത്തുള്ള കാട്ടിലേക്ക് രക്ഷപ്പെട്ട ഇവയെത്തേടി അധികൃതർ പരക്കം പായുകയാണ്. എന്നാൽ ഇത് മൃഗശാലയിലെത്തുന്ന കാഴ്ചക്കാർക്ക് ഭീഷണിയല്ലെന്നും മൃഗശാലയുടെ പിറകിലെ വനപ്രദേശത്തേക്കാണ് ഇവ രക്ഷപ്പെട്ടതെന്നും ജീവനക്കാർ പറഞ്ഞു.
ശനിയാഴ്ച രാവിലെയാണ് ജീവനക്കാരുടെ കണ്ണുവെട്ടിച്ച് കുറുക്കൻമാർ കടന്നുകളുഞ്ഞത്. സംഭവത്തെക്കുറിച്ച് നാലപാടുനിന്നും മൃഗശാലയിലേക്ക് ഫോൺവിളികളുടെ ബഹളമാണ്. എന്നാൽ ഉത്തരം നൽകാതെ കുഴങ്ങുകയാണ് ജീവനക്കാർ.മൃഗശാലയുടെ പിറകിലെ മതിലിൽ ചെറിയൊരു വിള്ളലുണ്ടായിരുന്നു. ഇതിലൂടെയാണ് ഇവ രക്ഷപ്പെട്ടത്. ഇത് നേരെ തൊട്ടടുത്തുള്ള കാട്ടിലേക്കാണ് തുറക്കുന്നത്. അതിനാൽ മൃഗശാലയിലെത്തുന്നവർക്ക് ഭീഷണിയില്ല. അധികൃതർ ഒരു സംഘത്തെത്തന്നെ ഇവയെ കണ്ടുപിടിക്കാനായി നിയോഗിച്ചിട്ടുണ്ട്.
വയർമെഷുകൊണ്ട് തിരിച്ചതാണ് കുറുക്കൻമാരുടെ താവളം. ഇതിനിടയിലൂടെ ഇവ എങ്ങനെ രക്ഷപെട്ടു എന്നും പരിശോധിക്കുന്നു. കുറുക്കൻമാർ ആളുകൾ പ്രവേശിക്കുന്ന ഭാഗത്തേക്ക് എത്തിയിട്ടില്ലെന്നും സന്ദർശകർ സുരക്ഷിതരാണെന്നും അധികൃതർ അറിയിക്കുന്നു.

