അയോധ്യ: ഉത്തർപ്രദേശിലെ അയോധ്യയിലെ രാമക്ഷേത്രത്തിന്റെ നിർമ്മാണം പൂർത്തിയായതായി ക്ഷേത്ര ട്രസ്റ്റ്. ക്ഷേത്രത്തിൻ്റെ പുതിയ ദൃശ്യങ്ങൾ പുറത്തുവിട്ടു. ധ്വജാരോഹണ ചടങ്ങ് വിപുലമായ രീതിയിൽ ആഘോഷിക്കാനാണ് ക്ഷേത്ര ട്രസ്റ്റിന്റെ തീരുമാനം. നവംബർ 25-ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ക്ഷേത്രത്തിന് മുകളിൽ ധർമ പതാക ഉയർത്തും. ചടങ്ങ് കുറ്റമറ്റതാണെന്ന് ഉറപ്പാക്കാൻ എഞ്ചിനീയർമാരും പൂജാ ക്രമം നിർവഹിക്കുന്ന സംഘങ്ങളും റിഹേഴ്‌സലുകൾ നടത്തുന്നുണ്ട്.
സന്യാസിമാർ, വിശിഷ്ട വ്യക്തികൾ, ആയിരക്കണക്കിന് ഭക്തർ എന്നിവർ ചടങ്ങിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷചടങ്ങിൽ അയോധ്യ, കാശി, ദക്ഷിണേന്ത്യ എന്നിവിടങ്ങളിൽ നിന്നായി 108 ആചാര്യന്മാർ പങ്കെടുക്കും. രാമക്ഷേത്രത്തിൻ്റെ 191 അടി ഉയരമുള്ള ശിഖരത്തിന് മുകളിലാണ് പതാക ഉയർത്തുക. ത്രികോണാകൃതിയിലുള്ള കാവി നിറത്തിലുള്ള പതാകയാണ് ക്ഷേത്രത്തിലുയർത്തുക. പതാകയ്ക്ക് നടുക്ക് ഓം എന്ന ചിഹ്നവുമുണ്ടാകും.
ക്ഷേത്രത്തിന്റെ നിർമാണം 2020 ഓഗസ്റ്റ് അഞ്ചിനാണ് ഔദ്യോഗികമായി ആരംഭിച്ചത്. 2024 ജനുവരിയിലാണ് രാമവിഗ്രഹം പ്രതിഷ്ഠിച്ചത്.അ യോധ്യയിൽ രാമക്ഷേത്രത്തിനും അനുബന്ധ വികസന പദ്ധതികൾക്കുമായി ഇതുവരെ 2,150 കോടി രൂപയിലധികം നിക്ഷേപം നടത്തിയിട്ടുണ്ട്. 2020-ൽ 60 ലക്ഷം ഭക്തരാണ് ക്ഷേത്ര ദർശനത്തിനെത്തിയത്. 2025 ജനുവരി മുതൽ ജൂൺ വരെ മാത്രം 23 കോടി വിനോദസഞ്ചാരികൾ അയോധ്യാ നഗത്തിലെത്തി. ഡിസംബറോടെ ഇത് 50 കോടി കവിയുമെനാണ് ഉദ്യോഗസ്ഥരുടെ കണക്കുകൂട്ടൽ.

