Friday, December 5, 2025
HomeAmericaറഷ്യ-യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കാന്‍ യുഎസ് നിര്‍ദ്ദേശിക്കുന്ന സമാധാന പദ്ധതി നടപ്പിലാക്കാനായി യുക്രൈനുമേൽ സമ്മർദ്ദം ശക്തമാക്കി ...

റഷ്യ-യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കാന്‍ യുഎസ് നിര്‍ദ്ദേശിക്കുന്ന സമാധാന പദ്ധതി നടപ്പിലാക്കാനായി യുക്രൈനുമേൽ സമ്മർദ്ദം ശക്തമാക്കി ട്രംപ്

ജനീവ: റഷ്യ-യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കാന്‍ യുഎസ് നിര്‍ദ്ദേശിക്കുന്ന സമാധാന പദ്ധതി നടപ്പിലാക്കാനായി യുക്രൈനുമേൽ സമ്മർദ്ദം ശക്തമാക്കി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.  പദ്ധതിയുടെ കരട് രൂപത്തില്‍ കാര്യമായ തിരുത്തലുകള്‍ ആവശ്യമാണെന്ന് യുക്രൈനിനെ പിന്തുണക്കുന്ന രാജ്യങ്ങളുടെ കൂട്ടായ്മ മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെയാണ് ട്രംപിന്റെ ഇടപടൽ. സമാധാന പദ്ധതി അവസാനത്ത ഓഫറല്ലെന്നാണ് ഇപ്പോൾ പറയുന്നത്. എന്നാൽ കരാര്‍ അംഗീകരിക്കുന്നില്ല എങ്കില്‍ സെലെന്‍സ്‌കിക്ക് ഇഷ്ടം പോലെ പോരാടാമെന്ന് ട്രംപ് പറഞ്ഞു. നവംബര്‍ 27-നകം പദ്ധതി അംഗീകരിക്കാന്‍ യുക്രെയ്‌നിന് മേല്‍ ട്രംപ് സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്. എന്നാല്‍ സമാധാന പദ്ധതി അവസാന നിർദ്ദേശമാണോ എന്ന് എന്ന് ചോദിച്ചപ്പോള്‍, ‘അല്ല, ഞങ്ങള്‍ സമാധാനം കൈവരിക്കാന്‍ ആഗ്രഹിക്കുന്നു. ഏത് വഴിയിലൂടെയും  ഞങ്ങള്‍ യുദ്ധം അവസാനിപ്പിക്കും.’ എന്ന് ട്രംപ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.


2022-ന്റെ തുടക്കത്തില്‍ താനായിരുന്നു അമേരിക്കയുടെ പ്രസിഡന്റ് എങ്കില്‍ ഈ യുദ്ധം ഒരിക്കലും ഉണ്ടാകുമായിരുന്നില്ലെന്നും ട്രംപ് അവകാശപ്പെട്ടു. യുഎസ് മുന്നോട്ട് വയ്ക്കുന്ന പദ്ധതിയിലെ നിര്‍ദ്ദേശങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായി യുക്രൈന്‍,യുഎസ്, ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മ്മനി എന്നിവിടങ്ങളില്‍ നിന്നുള്ള ഉന്നത സുരക്ഷാ ഉദ്യോഗസ്ഥര്‍ ജനീവയില്‍ യോഗം ചേരും.

പദ്ധതിയിലെ നിര്‍ദ്ദേശങ്ങള്‍ റഷ്യയ്ക്ക് അനുകൂലമാണെന്ന ആശങ്കയിലാണ് യുക്രൈന്‍. ഇത് അംഗീകരിക്കാനുള്ള യുഎസ് സമ്മര്‍ദ്ദത്തിനിടയില്‍ ‘നമ്മുടെ ചരിത്രത്തിലെ ഏറ്റവും പ്രയാസമേറിയ നിമിഷങ്ങളിലൊന്ന്’ നേരിടുകയാണെന്ന് യുക്രൈന്‍ പ്രസിഡന്റ് സെലെന്‍സ്‌കി പ്രതികരിച്ചിരുന്നു. മികച്ച ആയുധങ്ങളും അംഗബലവുമുള്ള റഷ്യന്‍ സൈന്യം, യുദ്ധത്തിന്റെ മുന്‍നിരയില്‍ സാവധാനമെങ്കിലും സ്ഥിരമായി മുന്നേറുകയാണ്. യുദ്ധം ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും കഠിനമായ ശൈത്യകാലങ്ങളില്‍ ഒന്നിനെയാണ് യുക്രൈന്‍ ഇപ്പോള്‍ അഭിമുഖീകരിക്കുന്നത്.

അതേസമയം ഈ പദ്ധതി ഒരു ഒത്തുതീര്‍പ്പിന് അടിസ്ഥാനമായി വര്‍ത്തിക്കുമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുതിന്‍ പറഞ്ഞു. ഭൂമി വിട്ടുകൊടുക്കാനും സൈന്യത്തെ വെട്ടിക്കുറയ്ക്കാനും നാറ്റോയില്‍ ഒരിക്കലും ചേരില്ലെന്ന് പ്രതിജ്ഞ ചെയ്യാനും യുക്രൈനെ നിര്‍ബന്ധിക്കുന്ന ഈ നിര്‍ദ്ദേശത്തെ പുതിന്‍ സ്വാഗതം ചെയ്തു.

ദക്ഷിണാഫ്രിക്കയില്‍ നടന്ന ജി20 ഉച്ചകോടിയുടെ ഭാഗമായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍, ജര്‍മ്മന്‍ ചാന്‍സലര്‍ ഫ്രീഡ്രിക്ക് മെര്‍സ്, യുകെ പ്രധാനമന്ത്രി കെയ്ര് സ്റ്റാര്‍മര്‍ എന്നിവര്‍ ശനിയാഴ്ച കൂടിക്കാഴ്ച നടത്തിയിരുന്നു. യുക്രൈനിന്റെ അതിര്‍ത്തികള്‍ ബലപ്രയോഗത്തിലൂടെ മാറ്റരുതെന്നും സൈന്യത്തിന് മേല്‍ നിര്‍ദ്ദേശിച്ച പരിധികള്‍ രാജ്യത്തെ ഭാവിയിലെ ആക്രമണങ്ങള്‍ക്ക് വിധേയമാക്കുമെന്ന് ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തു.

‘ഒന്നുകില്‍ ഈ കരാറിന്റെ ചട്ടക്കൂടിനെക്കുറിച്ച് അവര്‍ക്ക് തെറ്റായ ധാരണയാണുള്ളത്. അല്ലെങ്കില്‍, ചില നിര്‍ണായക യാഥാര്‍ത്ഥ്യങ്ങളെ അവര്‍ തെറ്റായി ചിത്രീകരിക്കുന്നു.’ എന്നാണ് ഈ പദ്ധതിയെക്കുറിച്ചുള്ള വിമര്‍ശനങ്ങളോട് യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ് പ്രതികരിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments