ന്യൂഡൽഹി: ദുബൈ എയർഷോക്കിടെ ഇന്ത്യയുടെ അഭിമാനമായ തേജസ്സ് യുദ്ധവിമാനം തകർന്നുവീഴുന്നതിന് നിമിഷങ്ങൾക്ക് മുമ്പ് പൈലറ്റ് രക്ഷപ്പെടാൻ ശ്രമം നടത്തിയിരുന്നതായി റിപ്പോർട്ട്. അപകടത്തിന്‍റേതായി പുറത്തുവന്ന പുതിയ വീഡിയോ വിലയിരുത്തിയാണ് റിപ്പോർട്ട്. വീരമൃത്യു വരിച്ച വിങ് കമാൻഡർ നമൻഷ് ശ്യാൽ അവസാന നിമിഷം രക്ഷപ്പെടാൻ ശ്രമിച്ചിരിക്കാമെന്നും പക്ഷേ സമയം ലഭിക്കുന്നതിന് മുമ്പ് തന്നെ ജെറ്റ് നിലത്ത് ഇടിച്ച് കഴിഞ്ഞിരുന്നെന്നും റിപ്പോർട്ടിൽ പറയുന്നു. അവസാന നിമിഷങ്ങളിൽ എന്താണ് സംഭവിച്ചതെന്ന് പുതിയ വീഡിയോ വ്യക്തമായി കാണിക്കുന്നു. 49-52 സെക്കൻഡ് സമയത്തിനുള്ളിൽ വിമാനം നിലത്ത് ഇടിച്ചിറങ്ങി പൊട്ടിത്തെറിച്ച് തീജ്വാലകളായി മാറുമ്പോൾ പാരച്യൂട്ട് പോലുള്ള വസ്തു ദൃശ്യമാണെന്നും വിലയിരുത്തപ്പെടുന്നുണ്ട്.
അതേസമയം, നമൻഷ് ശ്യാലിന്‍റെ സംസ്കാരം ഇന്ന് ഔദ്യോഗിക ബഹുമതികളോടെ ഹിമാചൽ പ്രദേശിലെ സ്വന്തം നാട്ടിൽ നടക്കും. ഇന്നലെ സുലൂരിലെ ബേസ് ക്യാമ്പിൽ മൃതദേഹം എത്തിച്ചിരുന്നു. വ്യോമ അഭ്യാസത്തിന്‍റെ ദൃശ്യങ്ങൾ യൂട്യൂബിൽ കണ്ടുകൊണ്ടിരിക്കെയാണ് തേജസ് വിമാനം തകർന്നത് അദ്ദേഹത്തിന്‍റെ പിതാവ് അറിയുന്നത്.നേരത്തെ, എയർ ഷോ തുടങ്ങുന്നതിന് തൊട്ടുമുമ്പുള്ള നമൻഷ് ശ്യാലിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. പ്രതിരോധ സഹമന്ത്രി സഞ്ജു സേത്ത്, ഇന്ത്യൻ നയതന്ത്ര പ്രതിനിധി ദീപക് മിത്തൽ, ഇന്ത്യൻ അഡീഷണൽ സെക്രട്ടറി അസീം മഹാജൻ എന്നിവർക്കൊപ്പമുള്ള വിങ് കമാൻഡറിന്റെ അവസാന ദൃശ്യങ്ങളായിരുന്നു പുറത്ത് വന്നത്.
വെള്ളിയാഴ്ച പ്രാദേശിക സമയം 2.15ഓടെയായിരുന്നു അപകടം. അപകടത്തെക്കുറിച്ച് വ്യോമസേന നടത്തുന്ന അന്വേഷണം പുരോഗമിക്കുകയാണ്. വിമാനത്തിന്‍റെ ബ്ലാക്ക് ബോക്സ് കണ്ടെത്താൻ ദുബൈ ഏവിയേഷൻ അധികൃതരുടെ സഹായം വ്യോമസേന തേടിയതായാണ് സൂചന.
ഒറ്റ എൻജിനുള്ള ബഹുതല റോളുകളുള്ള ലൈറ്റ് കോംപാക്ട് 4.5 തലമുറ യുദ്ധവിമാനമായ തേജസ്സ് വികസിപ്പിച്ച് 24 വർഷത്തിനിടെ രണ്ടാം തവണയാണ് തകരുന്നത്. കഴിഞ്ഞ വർഷം മാർച്ചിൽ ജയ്സാൽമീറിൽവെച്ച് തേജസിന്റെ ആദ്യ അപകടം റിപ്പോർട്ട് ചെയ്തിരുന്നു. ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡും (എച്ച്.എ.എൽ) എയ്റോനോട്ടിക്കൽ ഡെവലപ്മെന്റ് ഏജൻസിയും (എ.ഡി.എ) സംയുക്തമായി വ്യോമസേനക്ക് വേണ്ടി വികസിപ്പിച്ചെടുത്തതാണിത്. വിദേശ എൻജിനാണ് ഉപയോഗിച്ചിരിക്കുന്നതെങ്കിലും ഇന്ത്യയുടെ ആദ്യ തദ്ദേശീയ യുദ്ധ വിമാനമാണ്.

