തിരുവനന്തപുരം: തെക്കൻ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യത. തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ ശനിയാഴ്ച മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു.ശനിയാഴ്ചയോടെ തെക്ക്കിഴക്കൻ ബംഗാൾ ഉൾക്കടലിനു മുകളിൽ പുതിയ ന്യൂനമർദം രൂപപ്പെടാനിടയുണ്ട്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ തിങ്കളാഴ്ചവരെ മിന്നലോടുകൂടിയ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
അടുത്ത മൂന്നു മണിക്കൂറിൽ സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ നേരിയ (<5 mm/h) മഴക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.അടുത്ത മൂന്നു മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ/ഇടത്തരം മഴക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത. കൊല്ലം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴക്കും, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.
അതേസമയം, കനത്ത മഴയെ തുടർന്ന് നെയ്യാർ ഡാമിൽ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ഡാമിന്റെ നാലു ഷട്ടറുകളും ഇന്ന് (22.11.2025) രാവിലെ 9 മണിക്ക് 15 സെന്റീമീറ്റർ വീതം (നിലവിൽ 20 സെന്റിമീറ്റർ ഉയർത്തിയിട്ടുള്ളതിനാൽ ആകെ 80 സെന്റീമീറ്റർ) ഉയർത്തും. ഡാമിന്റെ സമീപപ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടർ അറിയിച്ചു.

