വാഷിങ്ടൻ : 350% തീരുവ ചുമത്തുമെന്ന് ഇരുരാജ്യങ്ങളെയും ഭീഷണിപ്പെടുത്തിയാണ് മേയിലെ ഇന്ത്യ – പാക്കിസ്ഥാൻ സംഘർഷം അവസാനിപ്പിച്ചതെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു. ഭീഷണിക്കു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പാക്ക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫും തന്നെ വിളിച്ചെന്നും സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ പങ്കെടുത്ത യുഎസ് – സൗദി ഇൻവെസ്റ്റ്മെന്റ് ഫോറത്തിൽ ട്രംപ് വെളിപ്പെടുത്തി.
താൻ ഇടപെട്ടാണ് ഇന്ത്യ – പാക്ക് സംഘർഷം പരിഹരിച്ചതെന്ന് അറുപതിലേറെത്തവണ ട്രംപ് പറഞ്ഞിട്ടുണ്ട്. മൂന്നാംകക്ഷി ഇടപെടലുണ്ടായെന്ന വാദം ഇന്ത്യ തള്ളുമ്പോഴാണു മോദി നേരിട്ടു വിളിച്ചെന്നു പുതിയ വെളിപ്പെടുത്തൽ നടത്തിയത്. ‘ആണവായുധങ്ങളുമായി ഇന്ത്യയും പാക്കിസ്ഥാനും യുദ്ധത്തിലേക്കു നീങ്ങുകയായിരുന്നു. നിങ്ങൾക്ക് അതിലേക്കു കടക്കാമെന്നും പക്ഷേ, 350% തീരുവ ചുമത്തുമെന്നും ഞാൻ വ്യക്തമാക്കി.
എന്റെ അടുത്തേക്കു മടങ്ങിവന്നാൽ തീരുവ പിൻവലിക്കാമെന്നു പറഞ്ഞതോടെ ഇരുകൂട്ടരും വഴങ്ങി’ – ട്രംപ് കൂട്ടിച്ചേർത്തു. 8 യുദ്ധങ്ങളിൽ അഞ്ചെണ്ണം തീരുവയിലൂടെ താൻ പരിഹരിച്ചെന്നും മറ്റൊരു പ്രസിഡന്റും അങ്ങനെ ചെയ്തിട്ടില്ലെന്നും ട്രംപ് അവകാശപ്പെട്ടു.

