വാഷിംഗ്ടണ്‍ : ട്രംപ് ഭരണകൂടത്തിന്റെ നിയമവിരുദ്ധമായ ഉത്തരവുകള്‍ നിരസിക്കാന്‍ യുഎസ് സൈനികര്‍ക്ക് കടമയുണ്ടെന്ന് പറയുന്ന ഒരു വീഡിയോ പുറത്തിറക്കിയതിന് ഡെമോക്രാറ്റുകളെ കടന്നാക്രമിച്ച് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. സൈനികരോട് പ്രത്യേക ആഹ്വാനം നടത്തിയ ആറ് ഡെമോക്രാറ്റിക് നിയമനിര്‍മ്മാതാക്കളെ ‘രാജ്യദ്രോഹികള്‍’ എന്നാണ് ട്രംപ് വിളിച്ചത്. മാത്രമല്ല, അവരെ വധശിക്ഷയ്ക്ക് വിധേയരാക്കണമെന്ന് ആഹ്വാനം ചെയ്യുകയും ചെയ്തു.
ട്രൂത്ത് സോഷ്യലില്‍ വീഡിയോയെക്കുറിച്ചുള്ള ഒരു ലേഖനം പോസ്റ്റ് ചെയ്ത ട്രംപ് ”വഞ്ചനാപരമായ പെരുമാറ്റം, മരണശിക്ഷ!”എന്നാണ് കുറിച്ചത്. നിയമവിരുദ്ധമായ ഉത്തരവുകളെ ചെറുക്കാന്‍ സൈനികരോട് പറയുന്ന ഡെമോക്രാറ്റുകളെക്കുറിച്ചുള്ള ട്രംപിന്റെ അതിരുകടന്ന ശിക്ഷാ ആവശ്യമായിരുന്നു ഇത്.
ചൊവ്വാഴ്ച പുറത്തിറങ്ങിയ വീഡിയോയില്‍ മുന്‍ സൈനിക ഉദ്യോഗസ്ഥരായ സെനറ്റര്‍മാര്‍ എലിസ സ്ലോട്ട്കിന്‍, മാര്‍ക്ക് കെല്ലി, പ്രതിനിധികളായ ജേസണ്‍ ക്രോ, മാഗി ഗുഡ്ലാന്‍ഡര്‍, ക്രിസ് ഡെലുസിയോ, ക്രിസ്സി ഹൗലഹാന്‍ എന്നിവരെ കാണാം. ട്രംപ് ഭരണകൂടം സ്ഥാപനങ്ങളെ അപകടത്തിലാക്കുകയും ഭരണഘടനയെ ദുര്‍ബലപ്പെടുത്തുകയും ചെയ്യുന്നുവെന്ന് അവര്‍ സൈനിക അംഗങ്ങള്‍ക്കും ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ക്കും മുന്നറിയിപ്പ് നല്‍കി. ”നിങ്ങള്‍ ഇപ്പോള്‍ വലിയ സമ്മര്‍ദ്ദത്തിലാണെന്ന് ഞങ്ങള്‍ക്കറിയാം,” കെല്ലി പറഞ്ഞു. ”ഞങ്ങളുടെ നിയമങ്ങള്‍ വ്യക്തമാണ്: നിങ്ങള്‍ക്ക് നിയമവിരുദ്ധമായ ഉത്തരവുകള്‍ നിരസിക്കാന്‍ കഴിയും.”സ്ലോട്ട്കിനാകട്ടെ ”നമ്മുടെ നിയമങ്ങള്‍ക്കും ഭരണഘടനയ്ക്കും വേണ്ടി നിങ്ങള്‍ നിലകൊള്ളണം. കീഴടങ്ങരുത്.”എന്നും പറഞ്ഞു. ഇതാണ് ട്രംപിനെ ചൊടിപ്പിച്ചത്. ഇതിനെതിരെയാണ് ട്രംപ് സമൂഹമാധ്യമത്തിലൂടെ പ്രതികരണവുമായി എത്തിയത്.
ട്രംപിന്റെ പോസ്റ്റുകള്‍ക്ക് ശേഷം, താനും സഹപ്രവര്‍ത്തകരും ഭരണഘടനയെ പ്രതിരോധിക്കുന്നത് തുടരുമെന്ന് സ്ലോട്ട്കിന്‍ എക്സില്‍ എഴുതി.ട്രംപിന്റെ പരാമര്‍ശങ്ങളെ നേരിട്ടുള്ള ഭീഷണിയായും അക്രമത്തിനുള്ള സാധ്യതയുള്ള പ്രേരണയായും ഉന്നത ഡെമോക്രാറ്റുകള്‍ അപലപിച്ചതായി വാര്‍ത്താ ഏജന്‍സി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ”നമ്മുടെ സൈനികരെ അത് ഓര്‍മ്മിപ്പിച്ചതിന് സെനറ്റര്‍മാരെയും കോണ്‍ഗ്രസ് അംഗങ്ങളെയും വധശിക്ഷയ്ക്ക് വിധേയമാക്കണമെന്ന് ആഹ്വാനം ചെയ്യുന്നത് സ്വേച്ഛാധിപതികളില്‍ നിന്ന് പ്രതീക്ഷിക്കേണ്ട ഭയാനകമായ പെരുമാറ്റമാണ്… അമേരിക്കന്‍ പ്രസിഡന്റില്‍ നിന്നല്ല. എന്റെ ഓരോ റിപ്പബ്ലിക്കന്‍ സഹപ്രവര്‍ത്തകരും എഴുന്നേറ്റു നിന്ന് ഇതിനെ വേഗത്തില്‍ അപലപിക്കേണ്ടതുണ്ട്.” സെനറ്റര്‍ ക്രിസ് കൂണ്‍സ് പറഞ്ഞു.
ഡോണള്‍ഡ് ട്രംപ് വധശിക്ഷയുടെയും രാജ്യദ്രോഹത്തിന്റെയും ഭാഷ ഉപയോഗിക്കുമ്പോള്‍, അദ്ദേഹത്തിന്റെ ചില പിന്തുണക്കാര്‍ക്ക് അത് നന്നായി തോന്നിയേക്കാം, മറ്റുള്ളവര്‍ക്ക് അങ്ങനെയല്ല”സെനറ്റ് ഭൂരിപക്ഷ നേതാവ് ചക്ക് ഷുമര്‍ കൂട്ടിച്ചേര്‍ത്തു.

