ദുബായ് : ദുബായ് കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ട്രേഡ് സെന്റർ റൗണ്ട് എബൗട്ട്, അൽ മുസ്തക്ബാൽ സ്ട്രീറ്റ് വികസന പദ്ധതികളുടെ പുരോഗതി വിലയിരുത്തി. ദുബായിലെ റോഡ്-ഗതാഗത സംവിധാനങ്ങളിൽ വൻ മാറ്റങ്ങൾ നടന്നുവരുന്നതിന്റെ ഭാഗമാണിത്.
ഏഴ് പാലങ്ങളും മൂന്ന് തുരങ്കങ്ങളും ഉൾപ്പെടുന്ന ഈ പദ്ധതികൾക്ക് 130 കോടി ദിർഹമാണ് (1.3 ബില്യൻ ദിർഹം) മുതൽമുടക്ക്. ഈ വികസന പദ്ധതികൾ ഏഴ് പ്രധാന ജില്ലകളെ സ്വാധീനിക്കുമെന്നും ഒരു ദശലക്ഷത്തിലേറെ താമസക്കാർക്കും സന്ദർശകർക്കും ഗതാഗതം കൂടുതൽ മെച്ചപ്പെടുത്തുമെന്നും ഷെയ്ഖ് ഹംദാൻ വിശദീകരിച്ചു. 6,500 മീറ്റർ ദൂരത്തിൽ നിർമിക്കുന്ന ഏഴ് പാലങ്ങളും മൂന്ന് തുരങ്കങ്ങളുമാണ് ഈ പദ്ധതിയുടെ പ്രധാന ആകർഷണം.
ദുബായിലെ റോഡ് പ്രോജക്ടുകൾക്കായി പുതിയ വാസ്തുവിദ്യാ ശൈലിയും അദ്ദേഹം ഈ അവസരത്തിൽ അംഗീകരിച്ചു. കൂടാതെ, നഗര അടിസ്ഥാന സൗകര്യങ്ങളെ സാംസ്കാരിക-കലാപരമായ ലാൻഡ്മാർക്കുകളാക്കി മാറ്റുന്ന ‘ദുബായ് തുരങ്കങ്ങൾ’ എന്ന സംരംഭവും അവലോകനം ചെയ്തു.
ലോകോത്തര നിലവാരമുള്ള അടിസ്ഥാന സൗകര്യങ്ങളിലും സംയോജിത പൊതുഗതാഗത സംവിധാനങ്ങളിലും തുടർച്ചയായി നിക്ഷേപം നടത്താൻ പ്രതിജ്ഞാബദ്ധരാണെന്നും ഇത് സാമ്പത്തിക വളർച്ചയെ മുന്നോട്ട് കൊണ്ടുപോകാനും ജീവിത നിലവാരം മെച്ചപ്പെടുത്താനും സഹായിക്കുമെന്നും ഷെയ്ഖ് ഹംദാൻ കൂട്ടിച്ചേർത്തു.

