ആഗ്ര: യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ മകന്‍ ഡോണള്‍ഡ് ട്രംപ് ജൂനിയര്‍ വ്യാഴാഴ്ച ആഗ്രയിലെ താജ്മഹല്‍ സന്ദര്‍ശിച്ചു. വിപുലമായ സുരക്ഷാ ക്രമീകരണത്തില്‍ ഒരു മണിക്കൂറോളം താജ്മഹലില്‍ ചിലവഴിക്കുകയും ധാരാളം ചിത്രങ്ങള്‍ പകര്‍ത്തിയുമാണ് അദ്ദേഹം മടങ്ങിയത്.ട്രംപ് ജൂനിയര്‍ ഉച്ചകഴിഞ്ഞ് 3.30 ഓടെ താജ്മഹലിലെത്തി. താജ്മഹലിന്റെ ചരിത്രത്തിലും നിര്‍മ്മാണത്തിലും തനിക്ക് ആഴമായ താല്‍പ്പര്യമുണ്ടെന്നും അതിന്റെ വാസ്തുവിദ്യയെക്കുറിച്ച് വിശദമായ ചോദ്യങ്ങള്‍ അദ്ദേഹം തന്റെ ഗൈഡിനോട് ചോദിച്ചതായും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
നിതിന്‍ സിംഗ് എന്ന ഗൈഡാണ് ട്രംപ് ജൂനിയറിനൊപ്പം ഉണ്ടായിരുന്നത്. 2020 ലെ സന്ദര്‍ശന വേളയില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് താജ്മഹല്‍ കാണിച്ചുകൊടുത്ത അതേ ഗൈഡാണ് സിംഗ് ഇന്നലെ ഇദ്ദേഹത്തൊടൊപ്പം ഉണ്ടായിരുന്നത്. സന്ദര്‍ശനത്തിനായി സുരക്ഷ ഗണ്യമായി കര്‍ശനമാക്കിയിരുന്നു. ലോക്കല്‍ പൊലീസിന് പുറമേ, യുഎസില്‍ നിന്നുള്ള സുരക്ഷാ ഉദ്യോഗസ്ഥരെയും വിന്യസിച്ചിരുന്നു.
ട്രംപ് ജൂനിയര്‍ താജ്മഹല്‍ പരിസരത്ത് പ്രവേശിച്ചയുടനെ സിഐഎസ്എഫ് ആന്തരിക സുരക്ഷ ഏറ്റെടുത്തു. അദ്ദേഹത്തിന്റെ വരവിനു മുന്നോടിയായി, ഭരണകൂടം പ്രത്യേക ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്തുവെന്നും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഉദയ്പൂരില്‍ നടക്കുന്ന ഒരു വിഐപി വിവാഹത്തില്‍ പങ്കെടുക്കാനാണ് ട്രംപ് ജൂനിയര്‍ ഇന്ത്യയിലെത്തിയതെന്നാണ് റിപ്പോര്‍ട്ട്.

