Friday, December 5, 2025
HomeNewsട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങളുടെ ഫിറ്റ്‌നെസ് ഫീസ് കുത്തനെ ഉയർത്തി കേന്ദ്രം: വർദ്ധനവ് 10 ഇരട്ടി വരെ

ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങളുടെ ഫിറ്റ്‌നെസ് ഫീസ് കുത്തനെ ഉയർത്തി കേന്ദ്രം: വർദ്ധനവ് 10 ഇരട്ടി വരെ

തിരുവനന്തപുരം: ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങളുടെ ഫിറ്റ്‌നെസ് പുതുക്കുന്നതിനുള്ള ഫീസ് വര്‍ദ്ധിപ്പിച്ച കേന്ദ്ര സര്‍ക്കാര്‍ തീരുമാനം ബുധനാഴ്ച മുതല്‍ പ്രാബല്യത്തിലായി

200 രൂപയായിരുന്ന ഫീസ് 25000 ആക്കി ഉയര്‍ത്തിയാണ് കേന്ദ്രം ഉത്തരവ് പുറപ്പെടുവിച്ചത്. ഈ തീരുമാനം ഏറ്റവും അധികം ബാധിച്ചിരിക്കുന്നത് ഓട്ടോ – ടാക്‌സി തൊഴിലാളികളേയാണ്. നോണ്‍ ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങളുടെ ഫിറ്റ്‌നെസ് പുതുക്കുന്നതിനുള്ള ഫീസ് വര്‍ദ്ധിപ്പിച്ചത് ഒക്ടോബറില്‍ പ്രാബല്യത്തില്‍ വന്നിരുന്നു.2021ല്‍ കേന്ദ്രസര്‍ക്കാര്‍ ഫീസ് കുത്തനെ വര്‍ദ്ധിപ്പിച്ചെങ്കിലും വാഹനയുടമകളും കാര്‍ വില്‍പനക്കാരും ഹൈക്കോടതിയെ സമീപിച്ച്‌ സ്റ്റേ വാങ്ങിയിരുന്നു.

2025ല്‍ പുതിയ ഉത്തരവ് കേന്ദ്രം പുറത്തിറക്കിയതോടെ പഴയ സ്റ്റേ ഉത്തരവിന് നിയമപിന്തുണ നഷ്ടപ്പെട്ടു. 2021ല്‍ വര്‍ദ്ധിപ്പിച്ചതിനെക്കാള്‍ കുറവോ തുല്യമോ ആണ് ഇപ്പോഴത്തെ വര്‍ദ്ധന. കേന്ദ്രം ഉയര്‍ത്തിയ ഫീസ് സംസ്ഥാനത്തിന് കുറയ്ക്കാന്‍ കഴിയുമെങ്കിലും അതിന് സാദ്ധ്യത തീരെ കുറവാണ്.പുതിയ നിയമം അനുസരിച്ച്‌, ഉയര്‍ന്ന ഫിറ്റ്‌നസ് ഫീസുകള്‍ക്കുള്ള കാലപഴക്കം 15 വര്‍ഷത്തില്‍ നിന്ന് 10 വര്‍ഷമായി മാറ്റിയിട്ടുണ്ട്. വാഹനങ്ങളുടെ പഴക്കം അനുസരിച്ച്‌ മൂന്ന് വിഭാഗങ്ങളായി തിരിച്ചാണ് ഫീസ് വര്‍ദ്ധിപ്പിക്കുന്നത്. 10-15 വര്‍ഷം, 15-20 വര്‍ഷം, 20 വര്‍ഷത്തില്‍ കൂടുതലുള്ള വാഹനങ്ങള്‍ എന്നിങ്ങനെയാണ് തരംതിരിച്ചിട്ടുള്ളത്. വാഹനം ഉപയോഗിക്കുന്നതിന്റെ വര്‍ഷം കൂടുമ്ബോള്‍ ഓരോ വിഭാഗത്തിനും ഉയര്‍ന്ന ഫീസാണ് ഇനി ഈടാക്കുക.

ഹെവി കൊമേഴ്‌സ്യല്‍ വാഹനങ്ങള്‍ക്കാണ് ഏറ്റവും വലിയ വര്‍ദ്ധനവ് വരുത്തിയിട്ടുള്ളത്. 20 വര്‍ഷത്തിലധികം പഴക്കമുള്ള വലിയ വാഹനങ്ങള്‍ക്ക് ഫിറ്റ്നസ് ടെസ്റ്റിനായി 25,000 രൂപ നല്‍കേണ്ടിവരും. നേരത്തെ ഇത് 2,500 രൂപ ആയിരുന്നു. ഇതേ കാലപഴക്കമുളള മീഡിയം കൊമേഴ്സ്യല്‍ വാഹനങ്ങള്‍ 1,800 രൂപയ്ക്ക് പകരം 20,000 രൂപയും നല്‍കണം. 20 വര്‍ഷത്തില്‍ കൂടുതലുള്ള ലൈറ്റ് മോട്ടോര്‍ വാഹനങ്ങള്‍ക്ക് ഇനി 15,000 രൂപയാണ് നല്‍കേണ്ടത്. മുച്ചക്ര വാഹനങ്ങള്‍ക്ക് 7,000 രൂപയാണ് നിരക്ക്. 20 വര്‍ഷത്തിലധികം പഴക്കമുള്ള ടു – വീലറുകള്‍ക്ക് 600 രൂപയില്‍ നിന്ന് 2,000 രൂപയായി ഉയരുകയും ചെയ്തിട്ടുണ്ട്.

15 വര്‍ഷത്തില്‍ താഴെയുള്ള വാഹനങ്ങള്‍ക്കും ഉയര്‍ന്ന ഫീസ് ഈടാക്കും. ഫിറ്റ്നസ് ടെസ്റ്റുകള്‍ക്കായി മോട്ടോര്‍സൈക്കിളുകള്‍ക്ക് 400 രൂപ നല്‍കണം. ലൈറ്റ് മോട്ടോര്‍ വാഹനങ്ങള്‍ക്ക് 600 രൂപയും മീഡിയം, ഹെവി കൊമേഴ്സ്യല്‍ വാഹനങ്ങള്‍ക്ക് 1,000 രൂപയുമാണ് നല്‍കേണ്ടത്. റോഡുകളില്‍ നിന്ന് പഴയതും സുരക്ഷിതവുമല്ലാത്ത വാഹനങ്ങള്‍ ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് സര്‍ക്കാരിന്റെ പുതിയ നടപടി. പഴയ വാഹനങ്ങള്‍ കൂടുതല്‍ നിരക്കില്‍ പരിപാലിക്കുന്നത് ചെലവേറിയ കാര്യമാണ്. ഇത് വാഹന ഉടമകളെ അവ ഉപേക്ഷിക്കാനോ പുതിയത് വാങ്ങാനോ നിര്‍ബന്ധിതരാക്കും എന്നാണ് ഫീസ് കുത്തനെ ഉയര്‍ത്തിയ നടപടിയിലൂടെ കേന്ദ്ര സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments