Friday, December 5, 2025
HomeNewsഇന്ത്യൻ ബഹിരാകാശ നിലയം 2035-ഓടെ സജ്ജം; ഐഎസ്ആർഒടെ ഭാവി പരിപാടികൾ വിവരിച്ച് ചെയർമാൻ

ഇന്ത്യൻ ബഹിരാകാശ നിലയം 2035-ഓടെ സജ്ജം; ഐഎസ്ആർഒടെ ഭാവി പരിപാടികൾ വിവരിച്ച് ചെയർമാൻ

ന്യൂഡൽഹി : ഐഎസ്ആർഒ ഏറ്റവും തിരക്കേറിയ സമയങ്ങളിലൊന്നിലൂടെയാണ് നീങ്ങുന്നതെന്ന് ചെയർമാൻ വി നാരായണൻ. 2028 ൽ ഐഎസ്ആർഒ ചന്ദ്രയാൻ-4 വിക്ഷേപിക്കുമെന്നും 2035 ഓടെ പൂർത്തീകരിക്കാൻ ലക്ഷ്യമിടുന്ന ഒരു ഇന്ത്യൻ ബഹിരാകാശ നിലയത്തിന്റെ പണി ഐഎസ്‌ആർഒ ആരംഭിച്ചിട്ടുണ്ടെന്നും ചെയർമാൻ നാരായണൻ വ്യക്തമാക്കി. “അഞ്ച് മൊഡ്യൂളുകളിൽ ആദ്യത്തേത് 2028 ഓടെ ഭ്രമണപഥത്തിൽ സ്ഥാപിക്കും,” അദ്ദേഹം പറഞ്ഞു. യുഎസ് നയിക്കുന്ന ഐഎസ്എസ് അതിന്റെ അവസാനത്തോട് അടുക്കുകയും ചൈനയുടെ ടിയാൻഗോംഗ് പൂർണ്ണ പ്രവർത്തനത്തിലേക്ക് നീങ്ങുകയും ചെയ്യുന്നതിനാൽ, ബഹിരാകാശ നിലയം പ്രവർത്തിപ്പിക്കുന്ന മൂന്നാമത്തെ പ്രധാന രാജ്യമായി ഇന്ത്യയെ മാറ്റാൻ ഈ ശ്രമം സഹായിക്കും. ചന്ദ്രയാൻ-4 ചന്ദ്രനിൽ നിന്ന് സാമ്പിളുകൾ തിരികെ കൊണ്ടുവരാൻ ശ്രമിക്കും – നിലവിൽ യുഎസ്, റഷ്യ, ചൈന എന്നിവർ മാത്രമാണ് ഇത് ചെയ്തിട്ടുള്ളത്.ഈ സാമ്പത്തിക വർഷം ഏഴ് വിക്ഷേപണങ്ങൾ കൂടി ആസൂത്രണം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യയുടെ ആദ്യത്തെ മനുഷ്യ ബഹിരാകാശ യാത്ര 2027 ൽ ഷെഡ്യൂൾ ചെയ്തിട്ടുണ്ടെന്നും ചെയർമാൻ പറഞ്ഞു.

ശാസ്ത്രം, സാങ്കേതികവിദ്യ, വ്യവസായ ശേഷി എന്നിവയിൽ ദ്രുതഗതിയിലുള്ള വളർച്ചയ്ക്ക് സഹായിക്കുന്ന നീക്കത്തിന് ഇസ്റോ തയ്യാറെടുക്കുകയാണെന്നും പിടിഐയ്ക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. വാണിജ്യ ആശയവിനിമയ ഉപഗ്രഹം, ഒന്നിലധികം പിഎസ്എൽവി, ജിഎസ്എൽവി ദൗത്യങ്ങൾ എന്നിവയുൾപ്പെടെ ഏഴ് വിക്ഷേപണങ്ങൾ കൂടി ഇസ്റോ (ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന) ലക്ഷ്യമിടുന്നുണ്ടെന്ന് നാരായണൻ പറഞ്ഞു. പൂർണ്ണമായും ഇന്ത്യയിൽ നിർമ്മിച്ച ആദ്യത്തെ പിഎസ്എൽവിയുടെ വിക്ഷേപണം ഒരു നാഴികക്കല്ലായിരിക്കും. ചന്ദ്രയാൻ-4 ദൗത്യത്തിന് സർക്കാർ അംഗീകാരം നൽകിയിട്ടുണ്ടെന്നും ഇത് ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും സങ്കീർണ്ണമായ ചാന്ദ്ര ശ്രമമായിരിക്കുമെന്നും ഇസ്റോ മേധാവി പറഞ്ഞു. കൂടാതെ, ജാക്സ (ജപ്പാൻ എയ്‌റോസ്‌പേസ് എക്‌സ്‌പ്ലോറേഷൻ ഏജൻസി)യുമായുള്ള സംയുക്ത ചാന്ദ്ര ധ്രുവ പര്യവേക്ഷണ പദ്ധതിയായ ലൂപെക്‌സ് ആണ് ഇസ്രോയെ കാത്തിരിക്കുന്ന മറ്റൊരു പ്രധാന ദൗത്യം. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലെ ജലഹിമത്തെക്കുറിച്ച് പഠിക്കുക എന്നതാണ് ലൂപെക്‌സ് ലക്ഷ്യമിടുന്നത്.2040-ഓടെ ഇന്ത്യൻ ബഹിരാകാശയാത്രികരെ ചന്ദ്രോപരിതലത്തിലേക്ക് അയച്ച് സുരക്ഷിതമായി തിരികെ കൊണ്ടുവരുന്നതിനായി പ്രവർത്തിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഐഎസ്ആർഒയ്ക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments