പത്തനംതിട്ട : ശബരിമല സ്വർണകൊള്ള കേസിൽ എസ്ഐടി സന്നിധാനത്ത് നിർണായക പരിശോധന നടത്തുന്നു. ഹെെക്കോടതിയുടെ നിർദേശപ്രകാരമാണ് നടപടി. ദ്വാരപാലക ശിൽപ്പത്തിലേയും കട്ടിളപ്പാളിയിലേയും സ്വർണപാളികൾ ഇളക്കിയാണ് പരിശോധന. ഇവിടുന്ന് ശേഖരിക്കുന്ന സാമ്പിളുകൾ ശാസ്ത്രീയ പരിശോധന നടത്തും. പരിശോധന പൂർണമായും വീഡിയോയിൽ ചിത്രീകരിക്കുന്നുണ്ട്.ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറിയിട്ടില്ലാത്ത ക്ഷേത്രഭാഗത്തെ സ്വർണത്തിന്റെ സാമ്പിളുകൾ, മറ്റിടങ്ങളിലെ സാമ്പിളുകൾ, ദ്വാരപാലക ശില്പങ്ങളിലെയും കട്ടിളകളിലെയും ചെമ്പുപാളികളുടെ സാമ്പിളുകൾ, ദ്വാരപാലക ശില്പങ്ങളിലെ സ്വർണപ്പാളികളുടെ സൈഡ് പില്ലർ പാളികളുടെ തൂക്കം, 2019ൽ ഘടിപ്പിച്ച കട്ടിളപ്പാളികളുടെ തൂക്കം, തുടങ്ങിയവയെല്ലാം സംഘം ശേഖരിക്കും.അതേസമയം ശബരിമല സ്വർണക്കൊള്ളയിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ പത്മകുമാറിനെതിരെ കൂടുതൽ മൊഴികൾ എസ്ഐടിക്ക് ലഭിച്ചു. ഉണ്ണികൃഷ്ണൻ പോറ്റിക്ക് സഹായം ചെയ്യാൻ പത്മകുമാർ നിർബന്ധിച്ചിരുന്നുവെന്നാണ് ജീവനക്കാരുടെ മൊഴി. ശബരിമല ഗസ്റ്റ് ഹൗസുകളിൽ ഉണ്ണികൃഷ്ണൻ പോറ്റിക്ക് ഒന്നിലധികം മുറികൾ നൽകിയിരുന്നുവെന്നും ഉദ്യോഗസ്ഥർ മൊഴി നൽകി.

