പെന്‍സില്‍വാനിയ : ഒരു നായ തന്റെ ഉടമയെ വെടിവയ്ക്കുമോ? എന്നാല്‍ അങ്ങനെയൊന്ന് സംഭവിച്ചിരിക്കുന്നു. യുഎസിലെ പെന്‍സില്‍വാനിയയിലാണ് സംഭവം.ചൊവ്വാഴ്ച രാത്രി ഏകദേശം 11:13 നാണ് സംഭവം. ഷില്ലിംഗ്ടണ്‍ പൊലീസ് ഡിപ്പാര്‍ട്ട്മെന്റ് പറയുന്നതനുസരിച്ച്, പെന്‍സില്‍വാനിയയിലെ ഷില്ലിംഗ്ടണിലുള്ള സ്റ്റേറ്റ് സ്ട്രീറ്റിലെ 300-ാം ബ്ലോക്കിലുള്ള വീട്ടിലാണ് സംഭവം. 53 വയസ്സുള്ള ഒരാള്‍ തന്റെ തോക്കു വൃത്തിയാക്കുകയായിരുന്നു. തുടര്‍ന്ന് തോക്ക് കട്ടിലില്‍വെച്ചു. പെട്ടെന്ന് ഇയാളുടെ വളര്‍ത്തുനായ കട്ടിലിലേക്ക് ചാടിക്കയറിയുകയും തോക്കില്‍ നിന്നും വെടിയുതിര്‍ന്നു. ഉടമയുടെ പിന്നിലാണ് വെടിയേറ്റത്.വിവരം അറിഞ്ഞ് പൊലീസ് സംഭവസ്ഥലത്തേക്ക് എത്തിയപ്പോള്‍ ഇയാള്‍ ബോധ രഹിതനായിരുന്നു.
സംഭവത്തിന് മുമ്പ്, ഇയാൾ തന്റെ തോക്ക് വൃത്തിയാക്കുകയായിരുന്നുവെന്നും അത് ഒരു ഷോട്ട്ഗണ്‍ ആണെന്നും പൊലീസ് പറയുന്നു. സംഭവ സമയത്ത് ഇയാളും മകനും മറ്റ് രണ്ട് നായ്ക്കളുമായിരുന്നു വീട്ടില്‍ ഉണ്ടായിരുന്നത്.
പാരാമെഡിക്കുകള്‍ സ്ഥലത്തെത്തിയ ശേഷം ഇദ്ദേഹത്തെ ഒരു പ്രാദേശിക ആശുപത്രിയിലേക്ക് കൊണ്ടുപോയെന്നും അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. സംഭവത്തെക്കുറിച്ച് ഇപ്പോഴും അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്നും പൊലീസ് പറഞ്ഞു.

