Friday, December 5, 2025
HomeAmericaവ്യാപാര ചര്‍ച്ചകളിൽ ഇന്ത്യ അമേരിക്കയോട് അടുക്കുന്നുവെന്ന് ട്രംപ്

വ്യാപാര ചര്‍ച്ചകളിൽ ഇന്ത്യ അമേരിക്കയോട് അടുക്കുന്നുവെന്ന് ട്രംപ്

വാഷിംഗ്ടണ്‍ : വ്യാപാര ചര്‍ച്ചകള്‍ തുടരവെ ഇന്ത്യയുമായി കരാറിനടുത്തെത്തിയെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്.ഇന്ത്യയുമായി നടന്നുകൊണ്ടിരിക്കുന്ന വ്യാപാര ചര്‍ച്ചകളെക്കുറിച്ച് ചോദിച്ചപ്പോള്‍, യുഎസ് തീരുവകള്‍ ‘കുറയ്ക്കുമെന്ന്’ ട്രംപ് ചൊവ്വാഴ്ച പ്രഖ്യാപിച്ചു. റഷ്യയുമായുള്ള എണ്ണ വ്യാപാരം മൂലമാണ് ഇന്ത്യ ഇത്രയും ഉയര്‍ന്ന താരിഫ് നേരിടുന്നതെന്നും എന്നാല്‍ ഇപ്പോള്‍ ഇന്ത്യ അത് നിര്‍ത്തി എന്നും ട്രംപ് വീണ്ടും അവകാശപ്പെട്ടു. ഒരു ഘട്ടത്തില്‍ താരിഫ് കുറയ്ക്കാന്‍ യുഎസ് പദ്ധതിയിടുന്നുണ്ടെന്നും ഇന്ത്യയുമായുള്ള ഒരു ‘ന്യായമായ കരാറിലേക്ക്’ അവര്‍ അടുക്കുകയാണെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

‘റഷ്യന്‍ എണ്ണ കാരണം ഇന്ത്യയ്ക്ക് മേല്‍ തീരുവകള്‍ വളരെ ഉയര്‍ന്നതാണ്, ഇന്ത്യ റഷ്യന്‍ എണ്ണ വാങ്ങുന്നത് നിര്‍ത്തിവച്ചിരിക്കുന്നു. ഞങ്ങള്‍ താരിഫ് കുറയ്ക്കാന്‍ പോകുന്നു… ഒരു ഘട്ടത്തില്‍, ഞങ്ങള്‍ അവ കുറയ്ക്കും,’ ട്രംപ് പറഞ്ഞു.ഓഗസ്റ്റില്‍ ഇന്ത്യന്‍ ഇറക്കുമതിയുടെ തീരുവ 50% ആയി ഇരട്ടിയാക്കിയിരുന്നു. ഇതിന് മാസങ്ങള്‍ക്ക് ശേഷമാണ് യുഎസ് പ്രസിഡന്റിന്റെ ഈ പരാമര്‍ശങ്ങള്‍ എത്തുന്നത്. ഇന്ത്യ റഷ്യയില്‍ നിന്നും എണ്ണ വാങ്ങുന്നത് ട്രംപിനെ ചൊടിപ്പിച്ചിരുന്നു. എണ്ണ വ്യാപാരത്തില്‍ ഇന്ത്യ റഷ്യക്കു നല്‍കുന്ന പണം യുക്രെയ്ന്‍ യുദ്ധത്തിന് റഷ്യ ഉപയോഗിക്കുന്നുവെന്നാണ് ട്രംപിന്റെ വാദം. യുക്രയ്ന്‍ അധിനിവേശവും യുദ്ധവും അവസാനിപ്പിക്കാന്‍ റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനെ സമ്മര്‍ദ്ദത്തിലാക്കുന്ന ഒരു തന്ത്രമായിട്ടാണ് ട്രംപ് ഇന്ത്യക്ക് അധിക തീരുവ ചുമത്തിയത്. തന്റെ നീക്കം ഫലിച്ചുവെന്നും ഇന്ത്യ റഷ്യയില്‍ നിന്നും എണ്ണ വാങ്ങുന്നത് ഗണ്യമായി കുറച്ചുവെന്നും പിന്നീട് തുടര്‍ച്ചയായി ട്രംപ് അവകാശപ്പെടുന്നുണ്ട്.

ഇന്ത്യയും യുഎസും തമ്മില്‍ വ്യാപാര ചര്‍ച്ചകള്‍ തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. ഈ വ്യാപാര ചര്‍ച്ചകളെക്കുറിച്ച് ചോദിച്ചപ്പോള്‍ കരാറിനടുത്തെത്തിയെന്നാണ് ചൊവ്വാഴ്ച ട്രംപ് പറഞ്ഞത്. ‘ഞങ്ങള്‍ ഇന്ത്യയുമായി ഒരു കരാര്‍ ഉണ്ടാക്കുകയാണ്, മുന്‍കാലങ്ങളില്‍ ഉണ്ടായിരുന്നതില്‍ നിന്ന് വളരെ വ്യത്യസ്തമാണ്. അതിനാല്‍ ഇപ്പോള്‍, അവര്‍ എന്നെ സ്‌നേഹിക്കുന്നില്ല, പക്ഷേ അവര്‍ ഞങ്ങളെ വീണ്ടും സ്‌നേഹിക്കും. ഞങ്ങള്‍ക്ക് ന്യായമായ ഒരു കരാര്‍ ലഭിക്കുന്നു, ന്യായമായ ഒരു വ്യാപാര കരാര്‍ മാത്രം. ഞങ്ങള്‍ക്ക് വളരെ അന്യായമായ വ്യാപാര ഇടപാടുകള്‍ ഉണ്ടായിരുന്നു… പക്ഷേ ഞങ്ങള്‍ കരാറിന് അടുത്തുവരികയാണ്.’- ട്രംപ് വ്യക്തമാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments