തിരുവനന്തപുരം: ആസ്ട്രേലിയയിലേക്കും ന്യൂസിലന്‍ഡിലേക്കും ഉല്പന്നങ്ങള് കയറ്റുമതി ചെയ്യാനുള്ള ധാരണാപത്രത്തില്‍ മില്‍മ ഒപ്പുവെച്ചു. ആര്.ജി ഫുഡ്സ്, മിഡ്നൈറ്റ്സണ്‍ ഗ്ലോബല്‍ എന്നീ കമ്പനികളുമായാണ് ത്രികക്ഷി കരാർ. മില്‍മ ചെയര്മാന് കെ.എസ്. മണിയുടെ സാന്നിധ്യത്തില്‍ എം.ഡി ആസിഫ് കെ. യൂസഫ്, ആര്.ജി ഫുഡ്സ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ആര്.ജി. വിഷ്ണു, മിഡ്നൈറ്റ്സണ്‍ ഗ്ലോബല്‍ ഉടമ ബിന്ദു ഗണേഷ് കുമാര്‍ എന്നിവരാണ് ധാരണാപത്രത്തില്‍ ഒപ്പുവെച്ചത്.
ധാരണ പ്രകാരം മില്‍മ ഉൽപന്നങ്ങള് കൊണ്ടുപോകുന്നതിനുള്ള ക്രമീകരണങ്ങള്‍ ആര്.ജി ഫുഡ്സ് നടത്തും. ഗതാഗതം, കസ്റ്റംസ് ക്ലിയറന്‍സ്, ചരക്ക് കൈമാറ്റം എന്നിവയുള്‍പ്പെടെയുള്ള ലോജിസ്റ്റിക്സ് പ്രവര്‍ത്തനങ്ങള്‍ ഇതില്‍പെടും. ഉൽപന്നങ്ങളുടെ മേല്‍ ഉടമസ്ഥാവകാശമില്ലാതെ പ്രവര്‍ത്തന നിര്‍വഹണം, സൗകര്യങ്ങള്‍, ഏകോപനം എന്നിവയിൽ മിഡ്നൈറ്റ്സണ്‍ ഗ്ലോബല്‍ പങ്കാളിയാകും.
മില്‍മ ഉൽപന്നങ്ങളുടെ വിദേശ വിപണി വിപുലീകരണത്തിലെ നാഴികക്കല്ലാണ് കരാറെന്ന് കെ.എസ് മണി പറഞ്ഞു. ആര്.ജി ഫുഡ്സ് ചെയര്മാന് ആര്.ജി. രമേഷ്, എം.ഡി അംബിക രമേഷ് എന്നിവര്‍ പങ്കെടുത്തു. മില്‍മ മാര്‍ക്കറ്റിങ് ആന്‍ഡ് ക്യു എ സീനിയര്‍ മാനേജര്‍ വി.എസ്. മുരുകന് നന്ദി പറഞ്ഞു.

