ബാൾട്ടിമോർ : ദീർഘകാലത്തെ പ്രവാസ ജീവിതത്തിന് ശേഷം സ്വന്തം നാട്ടിലേക്ക് തിരിച്ചുപോരുന്ന ജോസ് കൊട്ടാരംകുന്നേലിന് പ്രൗഢഗംഭീരമായ യാത്രയയപ്പ് നൽകി ബാൾട്ടിമോർ ചെണ്ട ഗ്രൂപ്പ്. ചെണ്ടമേളത്തിന്റെ അകമ്പടിയോടുകൂടി ചേർന്ന യാത്രയയപ്പ് സമ്മേളനത്തിൽ ബാൾട്ടിമോർ ചെണ്ട ഗ്രുപ്പിന്റെ മാനേജർ ജോയി പാരിക്കാപ്പള്ളിൽ അധ്യക്ഷത വഹിച്ചു. നാട്ടിൽ നിന്നും ഏറെ ദൂരെയാണെങ്കിലും എന്നും ഹൃദയാതുരമായ നാടിന്റെ തനിമയെ പ്രവാസ ജീവിതത്തിലും മുറുകെ പിടിച്ച ജോസ് കൊട്ടാരംകുന്നേൽ ബാൾട്ടിമോറിലെ എല്ലാ മലയാളികൾക്കും എന്നും മാതൃകയാണെന്നും തുടർന്നുള്ള ജീവിതത്തിലും അദ്ദേഹത്തിന് എല്ലാവിധ ആശംസകളും പ്രാർത്ഥനകളും നേരുന്നതായും ജോയി പാരിക്കാപ്പള്ളി തന്റെ അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു.
മുൻ പ്രസിഡന്റുമാരായ ജിജോ ആലപ്പാട്ട്, അനിൽ അലോഷ്യസ്, ജോയി കൂടാളി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
പഴയകാല അംഗങ്ങളായ ജോസ് പറനിലം, ജോൺസൺ കണ്ടംകുളത്തിൽ എന്നിവർ ജോസ് കൊട്ടാരംകുന്നേലിന് ഉപഹാരങ്ങൾ സമർപ്പിച്ചു. ബിജോ വിതയത്തിൽ, ലെഞ്ചി ജേക്കബ് എന്നിവർ യാത്രയയപ്പ് സമ്മേളനത്തിന് നേതൃത്വം നൽകി.
മറുപടി പ്രസംഗത്തിൽ ബാൾട്ടിമോർ ചെണ്ട ഗ്രൂ്പ്പ് നൽകിയ ഹൃദയസ്പർശിയായ യാത്രയയപ്പിന് ജോസ് കൊട്ടാരംകുന്നേൽ നന്ദി പറഞ്ഞു.