ന്യൂഡല്‍ഹി: ഇസ്രയേല്‍ ഇറാന് നേരെ ആക്രമണം നടത്തുന്നത് ഒഴിവാക്കിയില്ലെങ്കില്‍ തന്റെ രാജ്യം ഇസ്രായേലിനെ വീണ്ടും ആക്രമിക്കുമെന്ന് ഇന്ത്യയിലെ ഇറാന്‍ അംബാസഡര്‍ ഇറാജ് ഇലാഹി. ഇസ്രായേലിനെതിരായ മിസൈല്‍ ആക്രമണത്തെ ‘പ്രതികാര നടപടി’ എന്ന് വിശേഷിപ്പിച്ച അംബാസഡര്‍, ഇറാന്‍ അതിന്റെ അന്താരാഷ്ട്ര താല്‍പ്പര്യങ്ങളെയും ദേശീയ സുരക്ഷയെയും കുറിച്ച് തമാശ പറയുന്നില്ലെന്നും വ്യക്തമാക്കി.
ചൊവ്വാഴ്ച തെഹ്റാന്‍ ഇസ്രായേല്‍ മുഴുവന്‍ ലക്ഷ്യമാക്കി 200 ഓളം മിസൈലുകള്‍ തൊടുത്തുവിട്ടപ്പോള്‍ പശ്ചിമേഷ്യയിലെ സംഘര്‍ഷം രൂക്ഷമായതിന് ശേഷമാണ് അംബാസഡറുടെ പരാമര്‍ശം.
പശ്ചിമേഷ്യയിലെ ഇസ്രയേലിന്റെ ശത്രുതാപരമായ നീക്കങ്ങള്‍ക്ക് ഈ മേഖലയില്‍ മാത്രമല്ല, ലോകമെമ്പാടുമുള്ള ജനങ്ങള്‍ സാക്ഷ്യം വഹിക്കുന്നുവെന്നും ഗാസയിലും തെക്കന്‍ ലെബനനിലും രക്തച്ചൊരിച്ചില്‍ എല്ലാവരും കാണുന്നുണ്ടെന്നും ജനങ്ങള്‍ രോഷാകുലരാണെന്നും ഇറാജ് ഇലാഹി വ്യക്തമാക്കി. ഇസ്രായേല്‍ എല്ലാ മനുഷ്യാവകാശ ഉടമ്പടികളും എല്ലാ അന്താരാഷ്ട്ര നിയമങ്ങളും ലംഘിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇസ്രയേലിനെതിരായ ഇറാന്‍ മിസൈല്‍ ആക്രമണത്തെ ‘ലോകമെമ്പാടുമുള്ള നിരവധി ആളുകള്‍ പിന്തുണയ്ക്കുമെന്ന് താന്‍ വിശ്വസിക്കുന്നുവെന്നും അംബാസഡര്‍ എന്‍ഡിടിവിയോട് പറഞ്ഞു.
മാത്രമല്ല, ഇസ്രായേല്‍ പ്രധാനമന്ത്രിയെക്കുറിച്ച് സംസാരിക്കുമ്പോള്‍, ‘ഈ നൂറ്റാണ്ടിലെ പുതിയ ഹിറ്റ്‌ലര്‍’ എന്നാണ് ഇലാഹി അദ്ദേഹത്തെ വിശേഷിപ്പിച്ചത്. ‘നമ്മുടെ കാലത്തെ ഹിറ്റ്ലര്‍ തന്റെ ക്രൂരതയും ശത്രുതയും അവസാനിപ്പിച്ചാല്‍, അവന്റെ രാജ്യത്തിന് അനന്തരഫലങ്ങള്‍ നേരിടേണ്ടിവരില്ലെന്നും എല്ലാം തുടര്‍ന്നാല്‍ ഇറാന്‍ തിരിച്ചടിച്ചുകൊണ്ടേയിരിക്കുമെന്നും ഇറാന്‍ അംബാസിഡര്‍ വ്യക്തമാക്കി.
കഴിഞ്ഞയാഴ്ച ഇസ്രയേല്‍ വധിച്ച ഹിസ്ബുള്ള തലവന്‍ ഹസന്‍ നസ്റല്ലയുടെ കൊലപാതകത്തിന് പ്രതികാരം ചെയ്യുമെന്ന് ഇറാന്‍ പ്രതിജ്ഞയെടുത്തിരുന്നു. പിന്നാലെയായിരുന്നു ഇന്നലെ രാത്രിയോടെ ഇറാന്‍ ഇസ്രയേലിനെ ആക്രമിച്ചത്.