വാഷിങ്ടന്‍ : പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഭരണകാലത്തുതന്നെ ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ അടച്ചുപൂട്ടലിലേക്ക് യുഎസ് കടക്കുന്നു. ഇക്കഴിഞ്ഞ ഒക്ടോബര്‍ 1ന് ആരംഭിച്ച ഭരണസ്തംഭനം നവംബര്‍ 4ലേക്ക് എത്തുമ്പോള്‍ നിലവിലെ ചരിത്രത്തിനൊപ്പമെത്തി. ഈയൊരു ദിനംകൂടി കടന്നുപോയാല്‍ 35 ദിവസം നീണ്ടുനിന്ന അടച്ചുപൂട്ടല്‍ ചരിത്രം തിരുത്തിക്കുറിക്കപ്പെടും.ട്രംപിന്റെ ആദ്യ ഭരണകാലയളവില്‍ 2018 ഡിസംബര്‍ 22 മുതല്‍ 2019 ജനുവരി 25 വരെ 35 ദിവസം നീണ്ടുനിന്ന ആടച്ചുപൂട്ടലാണ് യുഎസ് ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയത്.
ബജറ്റ് പാസാകാതെ വന്നതോടെ ദൈനംദിന ചെലവുകള്‍ക്കു പണമില്ലാത്ത അവസ്ഥയില്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ധനസഹായം നിര്‍ത്തലാക്കിയതോടെയാണ് ഭരണസ്തംഭനത്തിലേക്ക് യുഎസ് നീങ്ങിയത്. പ്രശ്നപരിഹാരത്തിന് സാധ്യത തെളിഞ്ഞിട്ടില്ലാത്ത സാഹചര്യമാണ് നിലവില്‍. ഇതുകൊണ്ടുതന്നെ നിലവിലെ റെക്കോഡ് മറികടക്കാനാണ് സാധ്യത. ഇതുവരെ13 തവണയാണ് സെനറ്റില്‍ ബജറ്റ് പരാജയപ്പെട്ടത്. ബജറ്റ് പാസാകാന്‍ 60 വോട്ടുകള്‍ ആവശ്യമാണ്.
സര്‍ക്കാര്‍ അടച്ചുപൂട്ടല്‍ അനിശ്ചിതമായി നീളുന്ന സാഹചര്യത്തില്‍ രാജ്യത്തെ ലക്ഷക്കണക്കിന് കുടുംബങ്ങള്‍ക്ക് നല്‍കുന്ന ഭക്ഷ്യസഹായ പദ്ധതിയായ എസ്എന്‍എപി (Supplemental Nturition Assistance Program) തുടരുന്നതു സംബന്ധിച്ച് അനിശ്ചിതത്വം തുടരുകയാണ്.

