ക്വാലാലംപുർ: ദക്ഷിണ ചൈന കടലിൽ ചൈന തുടരുന്ന വിനാശകരമായ പ്രവർത്തനങ്ങൾ ചെറുക്കാൻ ആസിയാൻ രാജ്യങ്ങൾ ശക്തമായി നിലയുറപ്പിക്കണമെന്ന് യു.എസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സേത്ത്. കടലിൽ ജലപീരങ്കി പ്രയോഗിച്ചും കപ്പലുകളിൽ ഇടിപ്പിച്ചും ചൈന പ്രകോപനം സൃഷ്ടിക്കുകയാണെന്നും യു.എസിന് സംഭവത്തിൽ ആശങ്കയുണ്ടെന്നും ആസിയാൻ യോഗത്തിൽ ഹെഗ്സേത്ത് പറഞ്ഞു. ‘‘നാം സമാധാനമാണ് കൊതിക്കുന്നത്. സംഘർഷം ആഗ്രഹിക്കുന്നില്ല. എന്നാൽ, ചൈന നിങ്ങൾക്കുമേലോ മറ്റുള്ളവർക്കുമേലോ ആധിപത്യം പുലർത്തുന്നില്ലെന്ന് നാം ഉറപ്പാക്കണം’’- അദ്ദേഹം പറഞ്ഞു. ദക്ഷിണ ചൈന കടലിനെ ചൊല്ലി ഏറെയായി സംഘർഷം തുടരുകയാണ്. മേഖല മൊത്തമായി തങ്ങൾക്ക് അവകാശപ്പെട്ടതാണെന്ന് ചൈന പറയുന്നു.
എന്നാൽ, ആസിയാൻ രാജ്യങ്ങളായ ഫിലിപ്പീൻസ്, വിയറ്റ്നാം, മലേഷ്യ, ബ്രൂണെ എന്നിവ പ്രാദേശികമായി അവകാശവാദം ഉന്നയിക്കുന്നുണ്ട്. മേഖലയിലെ പ്രധാന യു.എസ് സഖ്യകക്ഷിയായ ഫിലിപ്പീൻസുമായി ഇതിനെചൊല്ലി നിരന്തരം സംഘർഷം പതിവാണ്. ഫിലിപ്പീൻസ് ചൈനക്കെതിരെ ശക്തമായി നിലയുറപ്പിക്കുമ്പോൾ ദക്ഷിണ പൂർവേഷ്യൻ രാജ്യങ്ങളുടെ കൂട്ടായ്മയായ ആസിയാൻ മധ്യനിലപാടും സ്വീകരിക്കുന്നു.അതിനിടെ, മണിക്കൂറുകൾ കഴിഞ്ഞ് ചൈന- യു.എസ് ബന്ധം ഇത്രമേൽ ഊഷ്മളമായ ഘട്ടം വേറെയുണ്ടായിട്ടില്ലെന്നും നേരിട്ടുള്ള സൈനിക ആശയവിനിമയ സംവിധാനങ്ങൾ സ്ഥാപിക്കാൻ ഇരുരാജ്യങ്ങളും ധാരണയിലെത്തിയതായും യു.എസ് പ്രതിരോധ സെക്രട്ടറി പറഞ്ഞത് കൗതുകമായി.

