പാരീസ് : പാരീസിലെ ലൂവ്രെ മ്യൂസിയത്തിൽ കഴിഞ്ഞ മാസം നടന്ന മോഷണത്തിൽ രണ്ട് പേർക്കെതിരെ കൂടി കുറ്റം ചുമത്തിയിട്ടുണ്ടെന്ന് പാരീസ് പ്രോസിക്യൂട്ടറുടെ ഓഫീസ് അറിയിച്ചു. കുറ്റകൃത്യം ചെയ്യാനുള്ള ഉദ്ദേശ്യത്തോടെ സംഘടിത മോഷണത്തിനും ക്രിമിനൽ ഗൂഢാലോചനയ്ക്കുമാണ് 38 വയസ്സുള്ള ഒരു സ്ത്രീക്കെതിരെയും 37 വയസ്സുള്ള ഒരു പുരുഷനെതിരെയും കേസെടുത്തിരിക്കുന്നത്. മൂന്ന് ദിവസം മുമ്പ് പോലീസ് ഇവരെ അറസ്റ്റ് ചെയ്തിരുന്നു.
ഇരുവർക്ക് എതിരെയും മോഷണം, ക്രിമിനൽ ഗൂഢാലോചന എന്നീ കുറ്റങ്ങൾ ചുമത്തിയെന്നും പ്രോസിക്യൂട്ടർ ലോറെ ബെക്കുവാവു പറഞ്ഞു.ഇരുവരും തന്നെ ആരോപണങ്ങൾ നിഷേധിച്ചിട്ടുണ്ടെന്ന് പ്രോസിക്യൂട്ടർ വ്യക്തമാക്കി. “അവൾ തകർന്നിരിക്കുകയാണ്. ഈ കേസിൽ താനെങ്ങനെ പെട്ടെന്നു പോലും അവൾക്ക് മനസ്സിലാകുന്നില്ല,” എന്ന് സ്ത്രീയുടെ അഭിഭാഷകൻ അഡ്രിയൻ സൊറന്റിനോ മാധ്യമങ്ങളോട് പറഞ്ഞു,
ബുധനാഴ്ച, പോലീസ് അഞ്ചുപേരെ അറസ്റ്റ് ചെയ്തിരുന്നു. അവരിൽ മൂന്ന് പേർക്ക് കുറ്റമില്ലെന്ന് കണ്ടെത്തി വിട്ടയച്ചു. ഒരാളുടെ ഡിഎൻഎ തെളിവ് കേസുമായി ബന്ധപ്പെട്ടതായി കണ്ടെത്തിയതായും പ്രോസിക്യൂട്ടർ അറിയിച്ചു. മുമ്പ് അറസ്റ്റിലായ രണ്ട് പുരുഷന്മാർക്കെതിരെയും മോഷണത്തിനും ക്രിമിനൽ ഗൂഢാലോചനയ്ക്കും കുറ്റം ചുമത്തിയിട്ടുണ്ട്.
ലോകത്ത് ഏറ്റവുമധികം ആളുകൾ സന്ദർശിക്കുന്ന മ്യൂസിയത്തിൽ നിന്ന് ഒക്ടോബർ 19 ന് 88 മില്യൺ യൂറോ (£76 മില്യൺ; $102 മില്യൺ) വിലമതിക്കുന്ന ആഭരണങ്ങൾ മോഷണം നടത്തിയത് നാല് പുരുഷന്മാരാണ്. അതേസമയം, കേസിലെ പ്രതികളുടെ പേരുകളോ വ്യക്തിഗത വിവരങ്ങളോ ഇതുവരെ പുറത്തുവിട്ടിട്ടില്ല. പൊലീസിന്റെ പ്രവർത്തനവും ഇരകളുടെ സ്വകാര്യതയും സംരക്ഷിക്കാനായി ഫ്രാൻസ് നിയമപ്രകാരം അന്വേഷണം സംബന്ധിച്ച വിവരങ്ങൾ രഹസ്യമാക്കി വയ്ക്കേണ്ടതുണ്ട്.
അതേസമയം, മറ്റൊരു കേസിൽ, ലിയോൺ നഗരത്തിലെ സ്വർണശുദ്ധീകരണ ലബോറട്ടറിയിൽ നടന്ന സ്ഫോടനമുപയോഗിച്ച കവർച്ചയുമായി ബന്ധപ്പെട്ട് ആറുപേരെ പോലീസ് അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രി ലോറന്റ് നൂവെസ് അറിയിച്ചു. ഏകദേശം 12 മില്യൺ യൂറോ (ഏകദേശം 13.9 മില്യൺ ഡോളർ) വിലയുള്ള സ്വർണം വീണ്ടെടുത്തതായും അദ്ദേഹം ‘ എക്സിൽ’-ൽ പറഞ്ഞു.

