വാഷിങ്ടൺ : യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രണ്ടാം തവണ അധികാരത്തിൽ എത്തിയതിന് ശേഷം കുടിയേറ്റ നിയന്ത്രണങ്ങൾ ശക്തമാക്കുന്ന നിരവധി ഉത്തരവുകളാണ് പുറപ്പെടുവിച്ചിരിക്കുന്നത്. അതിൽ കഴിഞ്ഞ രണ്ട് മാസത്തിനുള്ളിൽ കൊണ്ടുവന്ന മൂന്നു പ്രധാന മാറ്റങ്ങൾ ഇന്ത്യക്കാരെ ഏറ്റവും കൂടുതൽ ബാധിക്കുന്നു.തൊഴിൽ അനുമതി കാർഡിന്റെ (EAD) ഓട്ടോമാറ്റിക് പുതുക്കൽ അവസാനിപ്പിച്ചു, H-1B വിസയുടെ വാർഷിക ഫീസ് 1 ലക്ഷം ഡോളർ (ഏകദേശം ₹88 ലക്ഷം) ആയി വർധിപ്പിച്ചു, ഗ്രീൻ കാർഡ് ഉടമകൾക്കുള്ള അമേരിക്കൻ പൗരത്വ പരീക്ഷ (Civics Test) കൂടുതൽ ബുദ്ധിമുട്ട് ഉള്ളതാക്കി എന്നിവയാണ് രണ്ട് മാസത്തിനുള്ളിൽ ട്രംപ് കൊണ്ടുവന്ന മൂന്നു പ്രധാന മാറ്റങ്ങൾ.
ഒക്ടോബർ 30 മുതലാണ് ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പ് തൊഴിലിന് അനുമതി നൽകുന്ന കാർഡിന്റെ ഓട്ടോമാറ്റിക് പുതുക്കൽ നിർത്തിവെച്ചത്. ഇതോടെ H-1B വിസ ഉടമകളുടെ ജീവിത പങ്കാളികൾക്കും F-1 വിദ്യാർത്ഥികൾക്കും (OPT പ്രോഗ്രാമിൽ ഉള്ളവർ) വലിയ പ്രതിസന്ധിയാകും. പുതുക്കലിന് ഇനി പൂർണ്ണമായ പരിശോധന വേണം, ഇത് 7–10 മാസം വരെ എടുക്കുമെന്നതിനാൽ ജോലി നഷ്ടപ്പെടാനുള്ള സാധ്യതയുമുണ്ട്.
സെപ്റ്റംബർ 19-ന് ട്രംപ് ഭരണകൂടം H-1B വിസയ്ക്ക് പുതിയ ഫീസ് പ്രഖ്യാപിച്ചത്. ഇതോടെ ഫീസ് 1 ലക്ഷം ഡോളറായി. യുഎസിന് പുറത്തുള്ള അപേക്ഷകരെ മാത്രമേ ഇത് ബാധിക്കൂ. H-1B വിസകളിൽ 70% ഇന്ത്യൻ ഐടി പ്രൊഫഷണലുകൾ ആയതിനാൽ വിസയിലെ ഈ വർധനവ് കമ്പനികൾക്കും ഉദ്യോഗാർത്ഥികൾക്കും വലിയ സാമ്പത്തിക ബുദ്ധിമുട്ടുണ്ടാണ് ഉണ്ടാക്കുന്നത്. വാൾമാർട്ട് പോലുള്ള കമ്പനികൾ ഇതിനോടകം H-1B വിസ ആവശ്യമുള്ള നിയമനങ്ങൾ താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്.
കൂടാതെ ഒക്ടോബർ 20 മുതൽ പൗരത്വത്തിന് അപേക്ഷിക്കുന്ന ഗ്രീൻ കാർഡ് ഉടമകൾക്ക് പുതിയ “Civics Test” ഉം ട്രംപ് ഭരണകൂടം നടപ്പിലാക്കി. ഇത് പൗരത്വ പരീക്ഷ കൂടുതൽ കഠിനമാക്കി. പുതിയ രീതി പ്രകാരം, 128 ചോദ്യങ്ങളിൽ നിന്ന് 20 ചോദ്യങ്ങൾക്ക് അപേക്ഷകർ ഉത്തരം നൽകുകയും വിജയിക്കാൻ കുറഞ്ഞത് 12 എണ്ണമെങ്കിലും ശരിയാക്കുകയും വേണം. രണ്ടാമത്തെ ശ്രമത്തിലും പരാജയപ്പെട്ടാൽ പൗരത്വം നിഷേധിക്കും.
കൂടാതെ അപേക്ഷകരുടെ സ്വഭാവം വിലയിരുത്തൽ കൂടുതൽ കർശനമാക്കുകയും ചെയ്തു. ട്രംപ് ഭരണകൂടത്തിന്റെ ഈ പുതിയ കുടിയേറ്റ നിയന്ത്രണങ്ങൾ അമേരിക്കയിൽ പഠിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്നവരെ നേരിട്ട് ബാധിക്കുമെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്.

