വാഷിംഗ്ടണ്‍ : പ്രശസ്ത നൈജീരിയന്‍ എഴുത്തുകാരന്‍ വൊളെയ് സോയിങ്ക (91) യുടെ വീസ യുഎസ് റദ്ദാക്കി. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ വിമര്‍ശിച്ചതിന്റെ പേരിലാണ് 1986 ലെ സാഹിത്യ നൊബേല്‍ ജേതാവുകൂടിയായ ഇദ്ദേഹത്തിനെതിരായ നടപടി.ഏറെക്കാലം യുഎസില്‍ അധ്യാപകനായിരുന്ന സോയിങ്കയ്ക്ക് സ്ഥിരതാമസത്തിനുള്ള ഗ്രീന്‍ കാര്‍ഡും ഉണ്ടായിരുന്നു.
ട്രംപ് 2017 ല്‍ യുഎസ് പ്രസിഡന്റായപ്പോള്‍ സോയിങ്ക പ്രതിഷേധ സൂചകമായി ഗ്രീന്‍ കാര്‍ഡ് നശിപ്പിച്ചു. യുഗാണ്ടയിലെ മുന്‍ ഏകാധിപതി ഈദി അമീന്റെ ‘വെള്ളക്കാരനായ പതിപ്പെ’ന്നു വിശേഷിപ്പിച്ച് ഈയിടെ നടത്തിയ പരാമര്‍ശമാകാം നടപടിക്കു കാരണമെന്ന് സോയിങ്ക തന്നെ വ്യക്തമാക്കുന്നു.
”ഇത് എന്നെക്കുറിച്ചല്ല. എനിക്ക് യുഎസിലേക്ക് മടങ്ങുന്നതിന് താല്‍പര്യമില്ല. പക്ഷേ, ഇതില്‍ ഒരു തത്വം ഉള്‍ക്കൊള്ളുന്നുണ്ട്. മനുഷ്യന്‍ എവിടെയായിരുന്നാലും മാന്യമായി പെരുമാറാന്‍ അര്‍ഹരാണ്. എന്റെ വീസ റദ്ദാക്കിയതില്‍ ഞാന്‍ വളരെ സംതൃപ്തനാണെന്ന് കോണ്‍സുലേറ്റിന് ഉറപ്പ് നല്‍കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു” സോയിങ്ക പ്രതികരിച്ചു.

