തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് സമയത്തെ വോട്ടർ പട്ടിക തീവ്രപരിഷ്കരണം (എസ്.ഐ.ആർ) മാറ്റിവെക്കണമെന്ന ആവശ്യത്തിൽ കൈമലർത്തി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ. ഇതോടെ, തദ്ദേശ തെരഞ്ഞെടുപ്പും എസ്.ഐ.ആർ നടപടികളും സമാന്തരമായി നടക്കുന്നതിലെ പ്രായോഗിക ബുദ്ധിമുട്ടികൾ ചൂണ്ടിക്കാട്ടി നിയമവഴി സ്വീകരിക്കാനൊരുങ്ങി രാഷ്ട്രീയ പാർട്ടികൾ. ബുധനാഴ്ച ചേർന്ന രാഷ്ട്രീയ പാർട്ടികളുടെ യോഗത്തിൽ ബി.ജെ.പി ഒഴികെ മറ്റ് പ്രതിനിധികളെല്ലാം എസ്.ഐ.ആർ നടപടികൾ മാറ്റിവെക്കണമെന്ന ആവശ്യമാണ് മുന്നോട്ടുവെച്ചത്.
എന്നാൽ, 2026ലെ നിയമസഭ തെരഞ്ഞെടുപ്പ് പുതിയ പട്ടിക പ്രകാരമാണ് നടക്കേണ്ടതെന്ന നിലപാട് വ്യക്തമാക്കിയും തിയതി മാറ്റാനാകില്ലെന്ന തെരഞ്ഞെടുപ്പ് കമീഷന്‍റെ നിർദേശം ചൂണ്ടിക്കാട്ടിയുമാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു. ഖേൽക്കർ ഇക്കാര്യത്തിലെ ചർച്ച അവസാനിപ്പിച്ചത്. പിന്നാലെ സംസ്ഥാനത്തെ എസ്.ഐ.ആർ നടപടിക്രമങ്ങളുടെ സമയപ്പട്ടികയും പ്രസിദ്ധീകരിച്ചു. ഈ സാഹചര്യത്തിലാണ് നിയമനടപടിയെക്കുറിച്ച് രാഷ്ട്രീയ പാർട്ടികൾ ആലോചിക്കുന്നത്. പ്രായോഗിക പ്രശ്നങ്ങൾക്കൊപ്പം ആശയപരമായ വിയോജിപ്പുകളും പ്രതിനിധികൾ യോഗത്തിൽ ഉന്നയിച്ചു.
തദ്ദേശ തെരഞ്ഞെടുപ്പ് ജോലിയിലുള്ള ഉദ്യോഗസ്ഥര്‍ തന്നെയാണ് തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണവും നടപ്പാക്കേണ്ടതെന്നതാണ് രാഷ്ട്രീയപാർട്ടികൾ ഉന്നയിച്ച് പ്രധാന വിമർശനം. എം.വി ജയരാജൻ (സി.പി.എം) സണ്ണി ജോസഫ് (കോൺഗ്രസ്) സി.പി. ചെറിയ മുഹമ്മദ് (മുസ്‍ലിം ലീഗ്), സ്റ്റീഫന്‍ ജോര്‍ജ് (കേരള കോണ്‍ഗ്രസ്- എം), ജോയി ഏബ്രാഹാം (കേരള കോണ്‍ഗ്രസ്) പി.ജി. പ്രസന്നകുമാര്‍ (ആർ.എസ്.പി) എന്നിവർ സംസാരിച്ചു. എസ്.ഐ.ആർ വിഷയത്തിൽ അഞ്ചിന് സർവകക്ഷി യോഗം ചേരാൻ ധാരണയായിട്ടുണ്ട്.

