ഏഴ് മാസം ഗര്‍ഭിണിയായിരിക്കെ ഡല്‍ഹി പോലീസിലെ ഉദ്യോഗസ്ഥ ഭാരോദ്വഹന മത്സരത്തില്‍ 145 കിലോഭാരമുയര്‍ത്തി വെങ്കലമെഡല്‍ നേടി. ഡല്‍ഹി പോലീസിലെ കോണ്‍സ്റ്റബിളായ സോണിക യാദവാണ് ആന്ധ്രാപ്രദേശില്‍ നടന്ന മത്സരത്തില്‍ മെഡല്‍ സ്വന്തമാക്കിയത്.
125 കിലോഗ്രാം സ്‌ക്വാറ്റ്, 80 കിലോഗ്രാം ബെഞ്ച് പ്രസ്സ്, 145 കിലോഗ്രാം ഡെഡ്‌ലിഫ്റ്റ് എന്നിവ സോണികയുടെ ശ്രദ്ധേയമായ പ്രകടനങ്ങളാണ്. ഗര്‍ഭകാലത്ത് സ്ത്രീകള്‍ ഭാരമുയര്‍ത്തുന്നത് സാധാരണയായി ഒഴിവാക്കുന്നതിനാല്‍ അവരുടെ ഈ നേട്ടം ശ്രദ്ധ നേടി.
ഗർഭിണിയായെങ്കിലും ചെറിയ ചില മാറ്റങ്ങള്‍ വരുത്തി സോണിക തന്റെ ഭാരോദ്വഹനം പരിശീലനം തുടര്‍ന്നുവെന്ന് അവരുടെ ഡോക്ടര്‍മാരും പരിശീലകരും പറഞ്ഞു. ഗര്‍ഭകാലത്ത് ലഘുവായ വ്യായാമങ്ങള്‍ ചെയ്യുന്നത് ഗുണം ചെയ്യുമെന്നാണ് കരുതുന്നത്. എന്നാല്‍ വളരെയധികം ഭാരം ഉയര്‍ത്തുന്നത് കുഞ്ഞിന്റെയും അമ്മയുടെയും സുരക്ഷ സംബന്ധിച്ച് സംശയമുയര്‍ത്തുന്നുണ്ട്
ഗര്‍ഭധാരണം ഒരു രോഗമല്ലെന്ന് ഗ്രേറ്റര്‍ നോയിഡയിലെ ഫോര്‍ട്ടിസ് ആശുപത്രിയിലെ മുന്‍ ഗൈനക്കോളജിസ്റ്റായ ഡോ. സോണാലി ഗുപ്ത ന്യൂസ് 18നോട് പറഞ്ഞു. ഒരു സ്ത്രീയ്ക്ക് ആരോഗ്യമുണ്ടെങ്കില്‍, പേശികള്‍ക്ക് നല്ല ബലമുണ്ടെങ്കില്‍, പതിവായി പരിശീലനം നടത്തുന്നയാളാണെങ്കില്‍ അവര്‍ക്ക് ഡോക്ടറുടെ മേല്‍നോട്ടത്തില്‍ ഭാരം ഉയര്‍ത്താന്‍ കഴിയും. എന്നാല്‍, ഗര്‍ഭകാലത്ത് ഡെഡ്‌ലിഫ്റ്റുകള്‍ സാധാരണയായി ശുപാര്‍ശ ചെയ്യാറില്ല.
ശരിയായി പരിശീലനം നടത്തുന്ന ഗര്‍ഭിണികള്‍ക്ക് സുരക്ഷിതമായി ഭാരം ഉയര്‍ത്താന്‍ കഴിയും. എങ്കിലും ചില അപകടസാധ്യകള്‍ നിലനില്‍ക്കുന്നുണ്ട്. മുമ്പ് ഒരിക്കലും ഭാരോദ്വഹനം നടത്താത്തവര്‍ ഗര്‍ഭകാലത്ത് അങ്ങനെ ചെയ്യുന്നത് ഒഴിവാക്കണമെന്ന് ഡോ. ഗുപ്ത പറഞ്ഞു.
ഗര്‍ഭകാലത്ത് ശരിയായ ഭക്ഷണക്രമം, ജീവിതശൈലി, പരിശീലനം, മെഡിക്കല്‍ ചെക്ക് അപ്പുകള്‍ എന്നിവ തുടരുന്നതിലൂടെ ഭാരോദ്വഹനം ശീലിച്ച സ്ത്രീകള്‍ക്ക് അവ തുടരാമെന്ന് ഡോ. ഗുപ്ത വിശദീകരിച്ചു. ഗര്‍ഭകാലത്ത് ഭാരോദ്വഹന മത്സരത്തില്‍ പങ്കെടുക്കുന്നത് ഇന്ത്യയില്‍ അസാധാരണമാണെങ്കിലും വിദേശരാജ്യങ്ങളില്‍ ഇത് സാധാരണമാണ്. യുഎസില്‍ നിന്നും യൂറോപ്പില്‍ നിന്നുമുള്ള ഗര്‍ഭിണികളായ മത്സരാര്‍ത്ഥികള്‍ ഒളിമ്പിക്‌സ് ഉള്‍പ്പെടെയുള്ള മത്സരങ്ങളില്‍ പങ്കെടുത്തത് മുമ്പ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇത് സാധ്യമാണെങ്കിലും അതീവ ജാഗ്രത ആവശ്യമാണെന്ന് വിദഗ്ധര്‍ നിര്‍ദേശിക്കുന്നു.
ഗര്‍ഭധാരണത്തിന് മുമ്പ് ഭാരോദ്വഹനത്തില്‍ ഏര്‍പ്പെട്ടിട്ടില്ലാത്ത സ്ത്രീകള്‍ ഗര്‍ഭകാലത്ത് അങ്ങനെ ചെയ്താല്‍ അപകടസാധ്യതകള്‍ വളരെ കൂടുതലാണ്. മാസം തികയാതെയുള്ള പ്രസവവേദന, രക്തസ്രാവം, ഗര്‍ഭഛിദ്രം, വാട്ടര്‍ ഡിസ്ചാര്‍ജ്, കുഞ്ഞിന്റെ രക്തസമ്മര്‍ദത്തെ പ്രതികൂലമായി ബാധിക്കല്‍ തുടങ്ങിയ ഗുരുതരമായ സങ്കീര്‍ണതകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്.
സാധാരണ സ്ത്രീകള്‍ ഗര്‍ഭകാലത്ത് അഞ്ച് മുതല്‍ 10 കിലോഗ്രാം ഭാരം പോലും ഉയര്‍ത്തരുതെന്ന് ഡോ. ഗുപ്ത ഊന്നിപ്പറഞ്ഞു. ഇത് അമ്മയുടെയും കുഞ്ഞിന്റെയും ജീവന്‍ തന്നെ അപകടത്തിലാക്കിയേക്കാമെന്നും അവര്‍ പറഞ്ഞു. പെട്ടെന്ന് ഭാരം ഉയര്‍ത്തുന്നത് അമ്മയില്‍ ക്ഷതങ്ങളും ആഘാതത്തിനുമുള്ള സാധ്യത വര്‍ധിപ്പിക്കുന്നതായും അവര്‍ കൂട്ടിച്ചേര്‍ത്തു.

