ദുബൈ: നാദൽ ഷിബ മേഖലയിൽ ഡ്രോൺ ഉപയോഗിച്ചുള്ള ഭക്ഷ്യ ഉൽപന്നങ്ങളുടെ വിതരണം ആരംഭിച്ചു. നാദൽ ഷിബ ഗ്രാൻഡ് മോസ്ക് പരിസരമാണ് പിക്കപ് പോയന്റ്. ഈ ഭാഗത്തുള്ളവർക്ക് അവന്യു മാൾ റസ്റ്റാറന്റുകളിൽനിന്നും കഫേകളിൽനിന്നും ചൈനീസ് ഡെലിവറി ദാതാക്കളായ ‘കീറ്റ’ആപ് വഴി ഭക്ഷണം ഓർഡർ ചെയ്താൽ ഡ്രോണുകൾ നാദൽ ഷിബ ഗ്രാൻഡ് മോസ്കിന്റെ മുറ്റത്ത് എത്തിച്ചുതരും. ഇവിടെനിന്ന് ഉപഭോക്താക്കൾക്ക് സാധനങ്ങൾ എടുക്കാം.
യു.എ.ഇയിൽ പലയിടങ്ങളിലും ഈ രീതിയിൽ പള്ളിമുറ്റങ്ങൾ ഡെലിവറി ഹബുകളായി ഉപയോഗിച്ചുവരുന്നുണ്ട്. ഉപഭോക്താക്കളുടെ സൗകര്യത്തിനായി സാങ്കേതികവിദ്യ സമന്വയിപ്പിച്ചുകൊണ്ട്, പള്ളികളെ സ്മാർട്ട് ഹബ്ബുകളായി മാറ്റാൻ ഡ്രോൺ ഡെലിവറി റൂട്ട് സഹായകമാവുമെന്നാണ് വിലയിരുത്തൽ.
പരിസ്ഥിതി സൗഹൃദവും വേഗമേറിയതുമായ സേവനം നൽകുന്നതിനായി പൊതു, സ്വകാര്യ മേഖലകൾ ഒരുമിച്ചാണ് നാദൽ ഷിബ ഡ്രോൺ റൂട്ട് ഉപയോഗിക്കുക. ദുബൈ സിവിൽ ഏവിയേഷൻ, ഇസ്ലാമിക് അഫയേഴ്സ് ആൻഡ് ചാരിറ്റബ്ൾ ആക്ടിവിറ്റീസ് ഡിപ്പാർട്ട്മെന്റ്, കീറ്റ ഡ്രോൺ എന്നിവയുടെ പങ്കാളിത്തത്തോടെയാണ് സംരംഭം.
2024 ഡിസംബറിൽ ദുബൈ സിലിക്കൻ ഒയാസിസ് മേഖലയിൽ ഡ്രോൺ ഡെലിവറി നടത്താൻ കീറ്റക്ക് ഡി.സി.എ.എ അനുമതി നൽകിയിരുന്നു. ആദ്യഘട്ടത്തിൽ ആറ് ഡ്രോൺ ഉപയോഗിച്ച് സർവിസ് നടത്താനാണ് അനുമതി. പദ്ധതിയിൽ ആദ്യ ഓർഡർ നൽകിയത് ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമായിരുന്നു.
സിലിക്കൻ ഒയാസിസിലെ ഡ്രോൺ ലാൻഡിങ് പോയന്റുകളിൽ ഒന്നായ റോച്ചസ്റ്റർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ദുബൈയുടെ പ്ലാറ്റ്ഫോം ഉപയോഗിച്ചായിരുന്നു ഓർഡർ നൽകിയത്.പിന്നാലെ കൂടുതൽ ഇടങ്ങളിലേക്ക് ഡ്രോൺ ഡെലിവറി സർവിസ് വ്യാപിപ്പിച്ചു. അടുത്തവർഷം നഗരത്തിന്റെ 30 ശതമാനം മേഖലയിലും ഡ്രോൺ ഡെലിവറി വ്യാപിപ്പിക്കുകയാണ് ലക്ഷ്യം. വരുന്ന അഞ്ച് വർഷത്തിനുള്ളിൽ ഇത് 70 ശതമാനമായി വർധിപ്പിക്കും.

