Friday, December 5, 2025
HomeNewsപിഎം ശ്രീയിൽ സിപിഎം പിന്നോട്ട്; സി.പി.ഐ ഉപാധി അംഗീകരിക്കും, ഇളവ് ആവശ്യപ്പെട്ട്...

പിഎം ശ്രീയിൽ സിപിഎം പിന്നോട്ട്; സി.പി.ഐ ഉപാധി അംഗീകരിക്കും, ഇളവ് ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്ത് അയക്കും

തിരുവനന്തപുരം : കേന്ദ്രസർക്കാരിൻ്റെ പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് ഇളവ് ആവശ്യപ്പെട്ട് കേന്ദ്രത്തിനു കത്ത് അയക്കാൻ സർക്കാർ തലത്തിൽ ആലോചന. കേന്ദ്രത്തിന് കത്തയക്കാമെന്ന സമവായം സിപിഐക്ക് മുന്നിൽ വെക്കാനാണ് സിപിഎമ്മിൻ്റെ നീക്കം. വിഷയം ചർച്ച ചെയ്യാനായി മുന്നണി യോഗവും ഉടൻ വിളിക്കും. എന്നാൽ കരാർ അതേപടി തുടരുമെങ്കിലും മാനദണ്ഡങ്ങളിൽ ഇളവ് മാത്രമായിരിക്കും ആവശ്യപ്പെടുക. ഇക്കാര്യത്തിൽ പിന്നീടുള്ള തീരുമാനം എടുക്കേണ്ടത് കേന്ദ്രമാണ്. പിഎം ശ്രീയുമായി ബന്ധപ്പെട്ട് സിപിഐ ഉടക്ക് തുടരുന്നതിനിടെയാണ് സിപിഎമ്മിൻ്റെ പുനരാലോചനയെന്നതാണ് പ്രസക്തമാവുന്നത്.

അതേസമയം, ഡി രാജയുമായി എംഎ ബേബി സംസാരിച്ചു. കേരളത്തിലെ നേതാക്കളുമായുള്ള ചർച്ചയ്ക്ക് ശേഷമാണ് ഡി രാജയെ ഫോണിൽ വിളിച്ചത്. ചർച്ചകളിൽ പ്രതീക്ഷയുണ്ടെന്ന് സൂചിപ്പിച്ച് ദേശീയ നേതാക്കളും രം​ഗത്തെത്തി. കത്ത് അയച്ച് രാഷ്ട്രീയ തീരുമാനം പ്രഖ്യാപിച്ചാൽ സിപിഐ വഴങ്ങുമെന്നാണ് സൂചന. ഡി രാജയെ എംഎ ബേബി ഇക്കാര്യം അറിയിച്ചിട്ടുണ്ട്. കേന്ദ്രത്തിനു നൽകാനുദ്ദേശിക്കുന്ന കത്തിൻ്റെ ഉള്ളടക്കവും അറിയിച്ചു കഴിഞ്ഞു.

പി.എം ശ്രീയിൽ നിന്ന് പൂർണമായി സി.പി.എമ്മോ സംസ്ഥാന സർക്കാരോ പിന്നോട്ട് പോകില്ല. അതേസമയം, നിബന്ധനകളിൽ ഇളവ് തേടാനാണ് നീക്കം. പദ്ധതി പൂർണമായി റദ്ദാക്കണമെന്നാണ് സി.പി.ഐ തുടക്കം മുതൽ മുന്നോട്ടുവെച്ച നിർദേശം. നിബന്ധനകളിൽ ഇളവ് തേടുക വഴി സി.പി.ഐയെ അനുനയിപ്പിക്കാനുള്ള തന്ത്രപരമായ നീക്കമാണ് സി.പി.എം സംസ്ഥാന നേതൃത്വം ലക്ഷ്യമിടുന്നത്.

മുമ്പ് പി.എം ശ്രീ ധാരണാപത്രത്തിൽ ഒപ്പിട്ട പഞ്ചാബ് സർക്കാർ പിന്നീട് പിന്നോട്ട് പോയിരുന്നു. ഇതേതുടർന്ന് പഞ്ചാബിനുള്ള സർവശിക്ഷാ അഭിയാൻ ഫണ്ട് കേന്ദ്ര സർക്കാർ തടഞ്ഞുവെക്കുകയുണ്ടായി. ഇതോടെ ധാരണാപത്രവുമായി പഞ്ചാബ് മുന്നോട്ടു പോവുകയായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments