ടോക്യോ: ഇന്ത്യ-പാക് സംഘർഷത്തിനിടയിൽ ഏഴ് പുതിയ വിമാനങ്ങൾ വെടിവെച്ചിട്ടിരുന്നുവെന്ന അവകാശവാദം ആവർത്തിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. മെയ് ഏഴു മുതൽ 10 വരെ അതിർത്തിയിലുണ്ടായ ഇന്ത്യ- പാക് സൈനിക ഏറ്റുമുട്ടലിൽ ഏഴ് പുതിയ മനോഹരമായ വിമാനങ്ങൾ വെടിവെച്ചിട്ടെന്ന് ട്രംപ് പറഞ്ഞു. ടോക്യോയിൽ വെച്ച് അമേരിക്കൻ, ജാപ്പനീസ് ബിസിനസ് നേതാക്കളോടൊപ്പമുള്ള അത്താഴത്തിനിടെയായിരുന്നു ട്രംപിന്റെ അവകാശവാദം.
“ഇന്ത്യയെയും പാകിസ്താനെയും നോക്കൂ, അവർ ഏറ്റുമുട്ടുകയായിരുന്നു. ഏഴ് പുത്തൻ, മനോഹരമായ വിമാനങ്ങൾ വെടിവെച്ചിട്ടു,” ട്രംപ് പറഞ്ഞു. എന്നാൽ, ഏഴ് വിമാനങ്ങൾ നഷ്ടപ്പെട്ടത് ആർക്കാണെന്ന് ട്രംപ് വ്യക്തമാക്കിയില്ല.സംഘർഷം അവസാനിപ്പിച്ചില്ലെങ്കിൽ ഇരു രാജ്യങ്ങളുമായും യുഎസ് ഒരു വ്യാപാരവും നടത്തില്ലെന്ന് താൻ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിനോടും പാക് സൈന്യത്തിലെ ഫീൽഡ് മാർഷൽ അസിം മുനീറിനോടും പറഞ്ഞതായി ട്രംപ് അവകാശപ്പെടുന്നു.
തന്റെ വാക്കുകൾ 24 മണിക്കൂറിനുള്ളിൽ വെടിനിർത്തലിന് കാരണമായെന്നും അത് അത്ഭുതകരമായിരുന്നുവെന്നും പറഞ്ഞ ട്രംപ്, ആണവായുധങ്ങളുള്ള ഇരു രാജ്യങ്ങൾക്കുമിടയിൽ ഒരു വലിയ സംഘർഷം ഒഴിവാക്കാൻ താൻ വ്യാപാര ബന്ധം ഉപയോഗിച്ചുവെന്നും ആവർത്തിച്ചു.
അതേസമയം, വെടിനിർത്തലിന് മധ്യസ്ഥത വഹിച്ചെന്ന യുഎസ് പ്രസിഡന്റിന്റെ അവകാശവാദങ്ങൾ മാസങ്ങളായി ഇന്ത്യ തള്ളിക്കളയുന്നുണ്ട്. കനത്ത നഷ്ടം സംഭവിച്ച പാകിസ്താനിൽ നിന്ന് നേരിട്ടുള്ള അഭ്യർത്ഥന ലഭിച്ചതിനെ തുടർന്നാണ് മെയ് 10-ന് വെടിനിർത്തലിന് സമ്മതിച്ചതെന്നും ഇന്ത്യ വ്യക്തമാക്കി.

