ന്യൂയോർക്ക്: യുഎസിലെ വാർഷിക ദീപാവലി ആഘോഷങ്ങൾ നവംബർ 9-ന് മാൻഹാട്ടൻ ടൈംസ് സ്‌ക്വയറിൽ നടക്കും. ആദ്യം ഒക്ടോബർ 12-നായി നിശ്ചയിച്ചിരുന്നെങ്കിലും മോശം കാലാവസ്ഥ കാരണം നവംബർ ഒമ്പതിലേക്ക് മാറ്റി വെച്ചതാണ്. ദീപാവലി ആഘോഷത്തിൻ്റെ 10-ാം വാർഷികത്തിന് ന്യൂയോർക്കിലെ ട്രൈബേക്ക റൂഫ്‌ടോപ്പ് 360-ൽ ദീപാവലി അവാർഡ്സ് ആൻഡ് ഗാല ഡിന്നറിലൂടെയാണ് തുടക്കമായത്. ,വിനോദം, വൈദ്യശാസ്ത്രം, തുടങ്ങിയ മേഖലകളിൽ ഇന്ത്യൻ-അമേരിക്കൻ സമൂഹത്തിന്റെ നേട്ടങ്ങൾ കൈവരിച്ചവരെ ചടങ്ങിൽ അനുമോദിച്ചു.
നവംബർ ഒമ്പതിന് രാവിലെ 11 മുതൽ ദീപാവലി ബസാർ, സാംസ്കാരിക പരിപാടികൾ എന്നിവയോടെ ആഘോഷം ആരംഭിക്കും. ഉച്ചതിരിഞ്ഞ് കുട്ടികൾക്കായുള്ള ഷോകളും “കലേഴ്സ് ഓഫ് ഇന്ത്യ” നൃത്ത-സംഗീത പ്രദർശനവും നടക്കും. വൈകിട്ട് 4.30 മുതൽ മൽകിത് സിംഗ്, രാജ കുമാരി, അഞ്ജന പത്മനാഭൻ എന്നിവർ പങ്കെടുക്കുന്ന “ലൈറ്റ് അപ്പ് ടൈംസ് സ്‌ക്വയർ” സംഗീത കച്ചേരി നടക്കും. പ്രധാന ആകർഷണമായ ദിയ ലൈറ്റിംഗ് ചടങ്ങും കൗണ്ട്‌ഡൗണും വൈകിട്ട് 5 മുതൽ 6 വരെ വൺ ടൈംസ് സ്‌ക്വയറിൽ നടക്കും. അതിന് പിന്നാലെ മുഴുവൻ ടൈംസ് സ്‌ക്വയർ പ്രകാശഭൂരിതമാകും.
ദീപാവലി ബസാറിൽ ഇന്ത്യൻ ഭക്ഷണങ്ങൾ, ഹാൻഡ്‌ക്രാഫ്റ്റ് ഉൽപ്പന്നങ്ങൾ, മെഹന്തി ആർട്ട് എന്നിവ ലഭ്യമായിരിക്കും. പ്രത്യേക ഫോട്ടോ സോണുകളും ഒരുക്കിയിട്ടുണ്ട്. സുരക്ഷാ പരിശോധനകൾ നടക്കുന്നതിനാൽ സന്ദർശകർ പൊതുഗതാഗതം ഉപയോഗിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു. ടൈംസ് സ്‌ക്വയറിൽ നടക്കുന്ന ഈ ദീപാവലി ആഘോഷം പത്താം വാർഷികമാണ് ഇക്കൊല്ലം ആചരിക്കുന്നത്. ന്യൂയോർക്കിന്റെ ബഹുസാംസ്കാരിക ഐക്യത്തിന്റെയും പ്രതീകമായി ദീപാവലി ആഘോഷം മാറുകയാണ്.

