Friday, December 5, 2025
HomeNews‘മലയാളം വാനോളം ലാൽസലാം’: പരിപാടിയുടെ ചെലവ് തുക പറഞ്ഞു മോഹൻലാലിനെ ആക്ഷേപിക്കരുതെന്ന് മന്ത്രി സജി...

‘മലയാളം വാനോളം ലാൽസലാം’: പരിപാടിയുടെ ചെലവ് തുക പറഞ്ഞു മോഹൻലാലിനെ ആക്ഷേപിക്കരുതെന്ന് മന്ത്രി സജി ചെറിയാൻ

തിരുവന്തപുരം : ദാദാ സാഹെബ് ഫാൽക്കെ പുരസ്കാരം നേടിയ നടൻ മോഹൻലാലിനെ ആദരിക്കാൻ സംസ്ഥാന സർക്കാർ നടത്തിയ പരിപാടിയുടെ ചെലവ് കണക്കുകൾ പറഞ്ഞ് താരത്തെ ആക്ഷേപിക്കരുതെന്ന് സാംസ്കാരിക മന്ത്രി സജി ചെറിയാൻ. ഒക്ടോബർ നാലിനായിരുന്നു ‘മലയാളം വാനോളം ലാൽസലാം’ എന്ന പേരിൽ സർക്കാർ ആദരം സംഘടിപ്പിച്ചത്. പരിപാടിക്ക് പിന്നാലെ നടത്തിപ്പിന് രണ്ടുകോടി 84 ലക്ഷം രൂപ ചെലവായെന്ന വാർത്ത പുറത്തുവന്നിരുന്നു. ഇതേ കുറിച്ചുള്ള മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിനാണ് മന്ത്രി പ്രതികരിച്ചത്.

മോഹൻലാൽ ഇന്ത്യ കണ്ട പ്രഗൽഭനായ നടനാണ്. രണ്ടുകോടി 84 ലക്ഷം അദ്ദേഹത്തിന്റെ പരിപാടിക്ക് ചെലവഴിച്ചാൽ ഇത്രയ്ക്ക് ആക്ഷേപിക്കേണ്ട കാര്യമുണ്ടോ‍?. ഒരു സിനിമയിൽ അഭിനയിക്കുമ്പോൾ എത്ര കോടിയാണ് കിട്ടുന്നത്. ഇത് മലയാളിക്കും കേരളത്തിനും മാധ്യമങ്ങൾക്കും നാണക്കേടാണെന്നും മന്ത്രി പറഞ്ഞു. നിങ്ങൾ ഒരു ചെറിയ മനുഷ്യനായി മോഹൻലാലിനെ കാണുന്നു. അയാൾ വല്യ മനുഷ്യനല്ലേ. എ.കെ ആന്‍റണിയുടെ കാലത്തല്ലേ അടൂർ ഗോപാലകൃഷ്ണന് അവാർഡ് കിട്ടിയതെന്നും അതിന് ഒരു ചായ മേടിച്ചു കൊടുക്കാൻ പോലും യു.ഡി.എഫ് തയ്യാറായില്ലെന്നും മന്ത്രി പറഞ്ഞു.

പുറത്ത് വന്ന തുക എസ്റ്റിമേറ്റ് തുകയാണ്. ഈ പരിപാടിക്ക് ഒരു തുക വകയിരുത്തി, അവിടെയുണ്ടായിരുന്ന ഏതോ ഗവൺമെന്‍റ് ഉദ്യോഗസ്ഥൻ അത് അതുപോലെ മാധ്യമങ്ങളോട് പറഞ്ഞു. ചെലവായതിന്‍റെ കണക്ക് ഇനിയും പുറത്തുവന്നിട്ടില്ല. ബില്ലുകൾ വന്നുകൊണ്ടിരിക്കുന്നേ ഉള്ളൂ. ആ തുകയുടെ പകുതിയിൽ താഴെയേ വന്നിട്ടുള്ളൂ എന്നാണ് ഞാൻ മനസ്സിലാക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.ഇനി ചെലവഴിച്ചാൽ തന്നെ എന്തിനാണ് പ്രയാസപ്പെടുന്നത്. മലയാളത്തെ വാനോളമുയർത്തിയ മഹാനായ നടന് വേണ്ടിയല്ലേ ചെയ്തത്. മലയാള ഭാഷക്ക് വേണ്ടി കുറച്ച് പണം ചെലവായതിന് പ്രയാസപ്പെടേണ്ട കാര്യമുണ്ടോ?. അഞ്ച് ദിവസം കൊണ്ട് ചെയ്ത വലിയൊരു പ്രൊജക്റ്റ് അല്ലേ. ഇത്തരം നല്ല കാര്യങ്ങളെ അഭിനന്ദിക്കണെമെന്നും മന്ത്രി പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments