ചെന്നൈ : ട്രെയിനുകളുടെ വേഗക്കുറവ് മറികടക്കാന്‍ പുതിയ സാങ്കേതികവിദ്യ പരീക്ഷിക്കാന്‍ റെയില്‍വേ. ട്രാക്കിലെ വളവുകളില്‍ വേഗം കുറയ്ക്കാതെ സഞ്ചരിക്കാന്‍ കഴിയുന്ന ടില്‍ടിങ് ട്രെയിനുകളുമായാണ് പുത്തന്‍ പരീക്ഷണം. പുതിയതായി നിര്‍മിക്കുന്ന വന്ദേഭാരത് ട്രെയിനുകളില്‍ വിദേശസഹകരണത്തോടെ ഈ സാങ്കേതികവിദ്യ നടപ്പാക്കി. ഘട്ടങ്ങളായി മറ്റ് ട്രെയിനുകളിലും കൊണ്ടുവരാനാണ് ആലോചന.
കോച്ചുകളുടെ അടിഭാഗത്തുള്ള പ്രത്യേക ഹൈഡ്രോളിക് സംവിധാനത്തിലാണ് വളവുകളില്‍ വേഗം കുറയ്ക്കാതെ ട്രെയിന്‍ ഓടുന്നത്. ഇതിനായി ഹൈഡ്രോളിക് ടില്‍ടിങ് ബോഗികള്‍ ഉപയോഗിക്കേണ്ടിവരും. ചെന്നൈയിലെ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയില്‍ നിര്‍മിക്കുന്ന പുതിയ ട്രെയിനുകളില്‍ സാങ്കേതികവിദ്യ പരീക്ഷിക്കാനാണ് നീക്കം.
അര്‍ധ -അതിവേഗ റെയില്‍വേയ്ക്കായി പഠനം നടത്തിയ മുന്‍ റെയില്‍വേ ചീഫ് എന്‍ജിനീയര്‍ അലോക് വര്‍മയുടെ നേതൃത്വത്തിലുള്ള സംഘത്തിന്റെ റിപ്പോര്‍ട്ടില്‍ ടില്‍ടിങ് ട്രെയിനാണ് കേരളത്തിന് അനുയോജ്യമായ മാതൃകയെന്ന് വ്യക്തമാക്കിയിരുന്നു. ആറുമണിക്കൂര്‍കൊണ്ട് തിരുവനന്തപുരത്തുനിന്ന് കാസര്‍കോട് എത്താനാകും.
കേരളത്തില്‍ നിലവില്‍ 55-60 കിലോമീറ്ററാണ് ശരാശരി ട്രെയിന്‍ വേഗം. വളവുകളും കയറ്റങ്ങളുമുള്ള പാത കാരണം വേഗം കൂട്ടാന്‍ കഴിയാത്ത സാഹചര്യവുമുണ്ട്. തിരുവനന്തപുരം-കാസര്‍കോട് പാതയില്‍ 36 ശതമാനവും വളവുകളാണ്. ഈ ഭാഗത്ത് 626 വളവുകളും 230 ലെവല്‍ക്രോസുകളും 138 ഇടത്ത് വേഗനിയന്ത്രണവുമുള്ളതിനാല്‍ നിലവില്‍ വേഗം കൂട്ടല്‍ അസാധ്യമാണ്. 2016-ല്‍ മുംബൈ-ഡല്‍ഹി റൂട്ടില്‍ ടില്‍ടിങ് തീവണ്ടി പരീക്ഷിച്ചിരുന്നു. 2017 -ല്‍ വിദേശ സാങ്കേതികവിദ്യയുടെ സഹകരണത്തോടെ തദ്ദേശീയമായി ഇത്തരം ബോഗികള്‍ ഉണ്ടാക്കാന്‍ കരാറൊപ്പിട്ടിരുന്നെങ്കിലും മുന്നോട്ട് പോയില്ല.
ചൈന, ഇറ്റലി, റഷ്യ, പോര്‍ച്ചുഗല്‍, ഫിന്‍ലന്‍ഡ്, യുകെ, സ്വിറ്റ്‌സര്‍ലന്‍ഡ്, ജര്‍മനി തുടങ്ങിയ രാജ്യങ്ങളില്‍ ഇത്തരത്തിലുള്ള ട്രെയിനുകള്‍ സര്‍വീസ് നടത്തുന്നുണ്ട്. വേഗത്തിന്റെ സ്വാധീനത്താല്‍ കോച്ചുകള്‍ സ്വയം ചെരിയുന്ന പാസീവ് ടില്‍ട്ടും ഇലക്ട്രിക് -ഹൈഡ്രോളിക് സംവിധാനം ഉപയോഗിച്ച് കോച്ചുകള്‍ കൃത്യമായ അളവില്‍ ചെരിയുന്ന ആക്ടീവ് ടില്‍ട്ട് സാങ്കേതികവിദ്യയുമുണ്ട്.

