Friday, December 5, 2025
HomeNewsആഫ്രിക്കൻ രാജ്യമായ മഡഗാസ്കറിലും സർക്കാരി​​നെ പ്രതിസന്ധിയിലാക്കി ജെൻ സി പ്രക്ഷോഭം

ആഫ്രിക്കൻ രാജ്യമായ മഡഗാസ്കറിലും സർക്കാരി​​നെ പ്രതിസന്ധിയിലാക്കി ജെൻ സി പ്രക്ഷോഭം

ആന്റനാനരിവോ (മഡഗാസ്കർ): നേപ്പാളിനും മൊറോക്കോക്കും പിന്നാലെ ആഫ്രിക്കൻ രാജ്യമായ മഡഗാസ്കറിലും സർക്കാരി​​നെ പ്രതിസന്ധിയിലാക്കി ജെൻ സി പ്രക്ഷോഭം. വൈദ്യുതി, കുടിവെള്ള ക്ഷാമത്തിൽ പ്രതിഷേധിച്ച് ഉടലെടുത്ത പ്രതിഷേധം രാജ്യത്ത് അഴിമതിക്കും ദുർഭരണത്തിനും അടിസ്ഥാന സൗകര്യങ്ങളുടെ അഭാവത്തിനുമെതിരെയുള്ള വലിയ പ്രക്ഷോഭമായി രൂപം പ്രാപിക്കുകയായിരുന്നു.

സൈന്യത്തിൽ ഒരുവിഭാഗം കൂറുമാറുകയും പ്രക്ഷോഭകാരികൾക്കൊപ്പം ചേരുകയും ചെയ്തതിന് പിന്നാലെ പ്രസിഡന്റ് ആൻഡ്രി രജോലിന മഡഗാസ്കർ വിട്ടതായി പ്രതിപക്ഷ നേതാവ് സിറ്റ്നി രാൻഡ്രിയാനാസോളോനി​യൈ​കോ അറിയിച്ചു. പ്രസിഡന്റിന്റെ ഓഫീസ് വിവരം സ്ഥിരീകരിച്ചതായും നിലവിൽ അവർ എവിടെയാ​ണെന്ന് അറിയില്ലെന്നും സിറ്റ്നി പറഞ്ഞു.

നേരത്തെ, തിങ്കളാഴ്ച വൈകീട്ട് ഏഴിന് രാജ്യത്തെ അഭിസംബോധന ചെയ്യുമെന്ന് പ്രസിഡന്റിൻറെ ഓഫീസ് അറിയിച്ചിരുന്നു. പിന്നീട് ഓൺലൈനായി നടത്തിയ പ്രതികരണത്തിൽ താൻ സുരക്ഷിതമായ സ്ഥലത്താണെന്നും തന്റെ ജീവന് ഭീഷണിയുണ്ടെന്നും രജോലിന പറഞ്ഞു. സെപ്റ്റംബർ 25മുതൽ ത​ന്നെ അപായപ്പെടുത്താൻ ശ്രമങ്ങൾ തുടരുകയാണ്. ചില രാഷ്ട്രീയക്കാരുടെയും ഏതാനും സൈനീക ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിലാണ് ഗൂഢാലോചന. ജീവൻ രക്ഷിക്കാൻ വേണ്ടിയാണ് താൻ നാടുവിട്ടതെന്നും രജോലിന പറഞ്ഞു.

സെപ്റ്റംബർ 25നാണ് മുൻ ​ഫ്രഞ്ച് കോളനിയായ മഡഗാസ്കറിൽ യുവാക്കളുടെയും വിദ്യാർഥികളുടെയും​ നേതൃത്വത്തിൽ പ്രതിഷേധം ആരംഭിച്ചത്. കുടിവെള്ളവും വൈദ്യുതിയും പതിവായി തടസപ്പെടുന്നതിനെതിരെയായിരുന്നു ആദ്യഘട്ടത്തിൽ പ്രതിഷേധം. പിന്നാലെ, ഇത് രാജ്യമാ​കെ വ്യാപിച്ചു. അഴിമതിക്കും ദുർഭരണത്തിനും അടിസ്ഥാന സൗകര്യങ്ങളുടെ അഭാവത്തിനുമെതിരെ ആയിരങ്ങൾ തെരുവിലിറങ്ങി.

2009ൽ രജോലിനയെ അധികാരത്തിലെത്താൻ സഹായിച്ച സൈനീക വിഭാഗമായ കാപ്സാറ്റ് (CAPSAT) ഇതിനിടെ പിന്തുണ പിൻവലിക്കുകയും പ്രക്ഷോഭകാരികൾക്കൊപ്പം നിലയുറപ്പിക്കുകയും ചെയ്തതോടെയാണ് സ്ഥിതിഗതികൾ കൂടുതൽ സങ്കീർണമായത്. രാജ്യ തലസ്ഥാനമായ അന്റാനനാരിവോയിലേക്ക് എത്തിയ ആയിരക്കണക്കിന് പ്രക്ഷോഭകാരികളെ തടയാൻ വിസമ്മതിച്ച സൈന്യം അവർക്കൊപ്പം നിലയുറപ്പിക്കുകയായിരുന്നു. സൈന്യത്തിന്റെ ചുമതല ഏറ്റെടുത്തതായും പുതിയ മേധാവിയെ നിയമിച്ചതായും കാപ്സാറ്റ് വ്യക്തമാക്കുക കൂടെ ചെയ്തതോടെയാണ് ​ഫ്രഞ്ച് സൈനീക വിമാനത്തിൽ രജോലിന നാടുവിട്ടതെന്നാണ് വിവരം.

ഇതിനിടെ, മറ്റൊരു നേതാവായ ജീൻ ആൻഡ്രെ ന്ദ്രെമാഞ്ചാരിക്ക് താത്കാലിക ചുമതല നൽകിയതായി സെനറ്റ് പ്രസ്താവനയിൽ വ്യക്തമാക്കി. അതേസമയം, ഫ്രഞ്ച് സർക്കാറുമായി നീക്കുപോക്കുണ്ടാക്കിയ രജോലിന ഫ്രാൻസിൽ അഭയം തേടിയതായും സ്ഥിരീകരിക്കപ്പെടാത്ത വിവരങ്ങളുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments