കണ്ണൂര്‍: സിപിഎം കേന്ദ്രകമ്മിറ്റിയംഗം ഇ.പി. ജയരാജന്റെ ആത്മകഥ ‘ഇതാണെന്റെ ജീവിതം’ പുറത്തിറങ്ങുന്നു. നവംബര്‍ മൂന്നിന് കണ്ണൂരില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പുസ്തകം പ്രകാശനം ചെയ്യും. കഥാകൃത്ത് ടി. പത്മനാഭന്‍ ഏറ്റുവാങ്ങും. ‘മാതൃഭൂമി ബുക്സ്’ ആണ് പ്രസാധകര്‍.
കട്ടന്‍ചായയും പരിപ്പുവടയും, ഒരു കമ്യൂണിസ്റ്റിന്റെ ജീവിതമെന്ന പേരില്‍ പിണറായി സര്‍ക്കാരിനെതിരേയും സിപിഎമ്മിനെതിരേയും പരാമര്‍ശങ്ങളുള്ള ഇ.പി. ജയരാജന്റെ ആത്മകഥ പുറത്തിറങ്ങുന്നുവെന്ന പരസ്യം പാലക്കാട്, ചേലക്കര, വയനാട് ഉപതിരഞ്ഞെടുപ്പ് സമയത്ത് വലിയ വിവാദമായിരുന്നു. ആത്മകഥയെന്ന പേരില്‍ പ്രചരിച്ച കുറിപ്പുകള്‍ സിപിഎമ്മിനും തലവേദനയായി.
എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തുനിന്ന് മാറ്റിയതുള്‍പ്പെടെയുള്ള കാര്യങ്ങളാണ് അതിലുണ്ടായിരുന്നത്. പാര്‍ട്ടി തന്നെ മനസ്സിലാക്കിയില്ലെന്നും രണ്ടാം പിണറായി സര്‍ക്കാര്‍ ദുര്‍ബലമാണെന്നും ആത്മകഥയില്‍ പറയുന്നതായി പ്രചരിച്ചു. പാലക്കാട്ടെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഡോ. പി. സരിനെതിരേ വിമര്‍ശനമുണ്ടെന്ന വാര്‍ത്തകളും വന്നതോടെ തിരഞ്ഞെടുപ്പ് വേളയില്‍ പ്രതിസന്ധി കനത്തു.
വാര്‍ത്തകള്‍ തള്ളിയ ജയരാജന്‍ പ്രസാധക സ്ഥാപനത്തിനെതിരേ നിയമനടപടി സ്വീകരിച്ചിരുന്നു. താനെഴുതാത്ത ആത്മകഥയാണ് തന്നോട് ചോദിക്കാതെ പ്രകാശനം ചെയ്യുന്നതെന്നും ഇത് ക്രിമിനല്‍കുറ്റമാണെന്നും അദ്ദേഹം പറഞ്ഞു. ആത്മകഥ എഴുതിത്തീര്‍ന്നിട്ടില്ലെന്നും പ്രസിദ്ധീകരിക്കാന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും വ്യക്തമാക്കിയ അദ്ദേഹം തിരഞ്ഞെടുപ്പ് ദിവസം വാര്‍ത്തകള്‍ വന്നതിന് പിന്നില്‍ ഗൂഢാലോചന ആരോപിച്ചതോടെ വിവാദം ചൂടുപിടിച്ചു.

