വാഷിങ്ടൻ : ഇസ്രയേൽ–ഹമാസ് യുദ്ധം അവസാനിച്ചെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. സമാധാന ഉച്ചകോടിയ്ക്കായി ഈജിപ്തിലേക്ക് തിരിക്കും മുൻപായിരുന്നു ട്രംപിന്റെ പ്രതികരണം. ഇസ്രയേലിൽ വിമാനം ഇറങ്ങുന്ന ട്രംപ്, അവിടെ രാജ്യത്തിന്റെ പാർലമെന്റിനെ അഭിസംബോധന ചെയ്യും. തുടർന്നായിരിക്കും ഈജിപ്തിലേക്ക് പോവുക. സമാധാന ഉച്ചകോടിയിൽ, ഗാസയിലെ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ട്രംപിന്റെ സമാധാന പദ്ധതിയെ പിന്തുണയ്ക്കാൻ ഒട്ടേറെ ലോകനേതാക്കളാണ് എത്തുന്നത്.
‘‘യുദ്ധം അവസാനിച്ചു. ഈ യാത്ര പ്രത്യേകതകളുള്ളതാണ്. ഈ നിമിഷത്തെക്കുറിച്ച് എല്ലാവരും വളരെ ആവേശത്തിലാണ്. ഇത് വളരെ സവിശേഷമായ സംഭവമാണ്.’’– ഡോണൾഡ് ട്രംപ് പറഞ്ഞു. ഗാസയിലെ വെടിനിർത്തൽ നിലനിൽക്കുമെന്ന് കരുതുന്നുണ്ടോ എന്ന ചോദ്യത്തിനു നിലനിൽക്കുമെന്നും അവർ ക്ഷീണിതരാണെന്ന് താൻ കരുതുന്നു എന്നുമായിരുന്നു ട്രംപിന്റെ മറുപടി.
അതേസമയം, ഗാസ സമാധാന പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ, ബന്ദികളെ മോചിപ്പിക്കാൻ ഇസ്രയേലും ഹമാസും സമ്മതിച്ചു. ഒക്ടോബർ ഏഴിലെ ആക്രമണത്തിൽ തട്ടിക്കൊണ്ടുപോയ എല്ലാ ഇസ്രയേലി ബന്ദികളെയും ഹമാസ് മോചിപ്പിക്കും. പകരമായി ഇസ്രയേൽ 2,000 പലസ്തീൻ തടവുകാരെയും മോചിപ്പിക്കും. ബന്ദി കൈമാറ്റം ഇന്നു തന്നെയുണ്ടാകുമെന്നാണ് വിവരം. എന്നാൽ, വെടിനിർത്തൽ കരാറിന്റെ അവസാന ഘട്ടങ്ങൾ എങ്ങനെ ആയിരിക്കും എന്ന കാര്യത്തിൽ വ്യക്തത കൈവന്നിട്ടില്ല.
ജീവിച്ചിരിക്കുന്ന 20 ഇസ്രയേലി ബന്ദികളെ മോചിപ്പിക്കുമ്പോൾ താൻ അവിടെ ഉണ്ടാകുമോ എന്ന് ഉറപ്പില്ലെന്നും ട്രംപ് പറഞ്ഞു. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ, പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത്, സിഐഎ മേധാവി ജോൺ റാറ്റ്ക്ലിഫ്, യുഎസ് ഉന്നത സൈനിക ഓഫിസർ ഡാൻ കെയ്ൻ എന്നിവർ ട്രംപിനെ അനുഗമിക്കുന്നുണ്ട്.

