ന്യൂയോർക്ക്: ഇസ്രായേൽ സൈന്യത്തിന് ക്ളൗഡ് സേവനങ്ങൾ ലഭ്യമാക്കുന്നതിൽ പ്രതിഷേധിച്ച് മൈക്രോസോഫ്റ്റിൽ നിന്ന് മുതിർന്ന എഞ്ചിനീയറുടെ രാജി. കഴിഞ്ഞ 13 വർഷങ്ങളായി മൈക്രോസോഫ്റ്റിൽ ജോലി ചെയ്യുന്ന സ്കോട്ട് സ്റ്റഫിൻ ഗ്ളോവ്സ്കിയാണ് രാജി വെച്ചത്. സഹപ്രവർത്തകർക്ക് രാജിക്കത്ത് പങ്കുവെച്ചുകൊണ്ടായിരുന്നു സ്റ്റഫിൻ മൈക്രോസോഫ്റ്റ് വിട്ടത്.
സമീപകാല ചരിത്രത്തിലെ വലിയ അതിക്രമത്തിന് കമ്പനി നൽകുന്ന സാങ്കേതിക പിന്തുണ തനിക്ക് അംഗീകരിക്കാനാവുന്നില്ലെന്ന് ആയിരക്കണക്കിന് സഹപ്രവർത്തകൾക്ക് അയച്ച രാജിക്കത്തിൽ സ്റ്റഫിൻ പറഞ്ഞു. വിയോജിപ്പറിയിച്ച് നടപടി നേരിടുന്നതിനേക്കാൾ താൻ രാജിവെച്ച് ഒഴിയാനാണ് ആഗ്രഹിക്കുന്നതെന്നും സ്റ്റഫിൻ വ്യക്തമാക്കി.
ഇസ്രായേൽ സൈന്യവുമായുള്ള ബന്ധത്തെ പ്രതി ദീർഘനാളായി മൈക്രോസോഫ്റ്റിൽ നടക്കുന്ന പ്രതിഷേധങ്ങളുടെ തുടർച്ചയായാണ് മുതിർന്ന എഞ്ചിനീയറുടെ രാജി വിലയിരുത്തപ്പെടുന്നത്. ഗസ്സ പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ട് അഞ്ച് തൊഴിലാളികളെ കമ്പനി നേരത്തെ പുറത്താക്കിയിരുന്നു.
സമ്മർദ്ദം ശക്തമായിരിക്കെ, സെപ്റ്റംബറിൽ ഇസ്രായേൽ സൈന്യത്തിനുള്ള ചില സേവനങ്ങൾ നിർത്തുന്നതായി കമ്പനി പ്രഖ്യാപിച്ചിരുന്നു. ഗസ്സയിലും വെസ്റ്റ്ബാങ്കിലുമായി മണിക്കൂറിൽ ദശലക്ഷക്കണക്കിന് ആളുകളുടെ ഫോൺ വിവരങ്ങൾ ചോർത്താൻ ഇസ്രായേൽ സൈന്യം മൈക്രോസോഫ്റ്റിന്റെ അസുർ പ്ളാറ്റ് ഫോം ഉപയോഗിക്കുന്നതായി ഓഗസ്റ്റിൽ ഗാർഡിയൻ അന്വേഷണാത്മക റിപ്പോർട്ട് പ്രസിദ്ധീകരിച്ചതിന് പിന്നാലെയായിരുന്നു നടപടി.
ഇതിന് പിന്നാലെ, തൊഴിലാളികൾക്ക് ശക്തമായ താക്കീതുമായി കമ്പനിയുടെ പ്രസിഡന്റ് ബ്രാഡ് സ്മിത് രംഗത്തെത്തിയതും വാർത്തയായിരുന്നു. ഇസ്രായേൽ സൈന്യം 635ലേറെ മൈക്രോസോഫ്റ്റ് സബ്സ്ക്രിപ്ഷനുകൾ ഉപയോഗിക്കുന്നുണ്ടെന്നും ഇവയിൽ ഭൂരിഭാഗവും നിലവിൽ പ്രവർത്തനം തുടരുന്നുണ്ടെന്നും ഫെബ്രുവരിയിൽ അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തിരുന്നു.ഗസ്സയിൽ വെടിനിർത്തൽ പ്രഖ്യാപിക്കപ്പെടുന്നതിനിടെയാണ് സ്റ്റഫിൻ കമ്പനി വിടുന്നത്.
ഇതിനിടെ, മൈക്രോസോഫ്റ്റിൽ പ്രതിഷേധം പുകയുകയാണ്. നോ അസുർ ഫോർ അപാർത്തീഡ് ഗ്രൂപ്പിന്റെ നേതൃത്വത്തിൽ വ്യാഴാഴ്ചയും കമ്പനിയുടെ വാഷിംഗ്ടൺ ആസ്ഥാനത്ത് പ്രതിഷേധം തുടർന്നു. 1,5000ലധികം തൊഴിലാളികൾ ഒപ്പിട്ട നിവേദനവും കൈമാറിയിട്ടുണ്ട്.
ഗാർഡിയൻ റിപ്പോർട്ടിലെ പരാമർശങ്ങളുമായി ബന്ധപ്പെട്ട് നടത്തി അന്വേഷണത്തിൽ ചില വസ്തുതകൾ കണ്ടെത്തിയതായി ബ്രാഡ് സ്മിത് സ്ഥിരീകരിച്ചിരുന്നു. അനുബന്ധ നടപടിയായി ഇസ്രായേൽ സൈന്യത്തിൻറെ യൂണിറ്റ് 8200നുള്ള നിർമിത ബുദ്ധി, ക്ളൗഡ് സേവനങ്ങൾ നിർത്തിവെച്ചതായും മൈക്രോസോഫ്റ്റ് വ്യക്തമാക്കിയിരുന്നു. എന്നാൽ, ഒരു യൂണിറ്റിന് നേരെ നടപടി എടുത്ത് കമ്പനിക്ക് തടിയൂരാനാവില്ലെന്നാണ് തൊഴിലാളികളുടെ പക്ഷം. നടപടി വർഷത്തോളമായി തുടരുന്ന തങ്ങളുടെ പ്രതിഷേധത്തിന്റെ വിജയമാണെന്ന് വിശേഷിപ്പിച്ച നോ അസുർ ഫോർ അപാർത്തീഡ് ഗ്രൂപ്പ് പ്രതിഷേധങ്ങൾ തുടരുമെന്നും വ്യക്തമാക്കി.

