ന്യൂഡൽഹി: സർജൻ വൈസ് അഡ്മിറൽ ആരതി സരിനെ സായുധസേന മെഡിക്കൽ സർവീസസിന്റെ (DGAFMS) 46-ാമത് ഡയറക്ടർ ജനറലായി നിയമിച്ചു. DGAFMS ചുമതലയിലെത്തുന്ന ആദ്യ വനിതാ ഓഫീസറാണ് ആരതി സരിൻ. നേരത്തെ നാവികസേനയുടെയും വ്യോമസേനയുടെ മെഡിക്കൽ സർവീസിന്റെ ഡയറക്ടർ ജനറലായി ആരതി സേവനമനുഷ്ഠിച്ചിട്ടുണ്ട്. കൂടാതെ പൂനെയിലുള്ള സായുധസേന മെഡിക്കൽ കോളേജിലെ (AFMC) ഡയറക്ടർ ആൻഡ് കമാൻഡന്റ് കൂടിയായിരുന്നു അവർ. 2021ൽ വിശിഷ്ട സേവാ മെഡലും 2024ൽ അതിവിശിഷ്ട സേവാ മെഡലും ആരതി സരിൻ സ്വന്തമാക്കിയിട്ടുണ്ട്.
പൂനെ AFMCയുടെ പൂർവവിദ്യാർത്ഥിയായ ആരതി സരിൻ 1985 ഡിസംബറിലാണ് സായുധസേനയുടെ മെഡിക്കൽ സർവീസിൽ കമ്മീഷൻ ചെയ്യപ്പെട്ടത്. 38 വർഷത്തെ കരിയറിനിടെ നിരവധി അക്കാദമിക്, അഡ്മിനിസ്ട്രേറ്റീവ് നിയമനങ്ങളാണ് ആരതിയെ തേടി വന്നിട്ടുള്ളത്. ആർമി ആശുപത്രിയിലെ റേഡിയോ ഓങ്കോളജി ഡിപ്പാർട്ട്മെന്റ് മേധാവി, INHS അശ്വിനിയുടെ കമാൻഡിംഗ് ഓഫീസർ, നാവികസേനയുടെ ദക്ഷിണ, പശ്ചിമ നേവൽ കമാൻഡുകളുടെ കമാൻഡ് മെഡിക്കൽ ഓഫീസർ എന്നീ ചുമതലകളും സർജൻ വൈസ് അഡ്മിറൽ ആരതി നിർവഹിച്ചിട്ടുണ്ട്.