ന്യൂഡൽഹി: ഇന്ത്യ- ജമൈക്ക ബന്ധത്തെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ചരിത്രത്തിലും സംസ്‌കാരത്തിലുമൂന്നിയ ബന്ധമാണ് ഇരുരാജ്യങ്ങളും കൈമാറുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ജമൈക്കൻ പ്രധാനമന്ത്രി ആൻഡ്ര്യൂ ഹോൾസെനസുമായി കൂടിക്കാഴ്ച നടത്തിയ ശേഷമായിരുന്നു പ്രധാനമന്ത്രിയുടെ വാക്കുകൾ.” ജമൈക്കൻ പ്രധാനമന്ത്രി ആൻഡ്ര്യൂ ഹോൾസെനസിനെ ഇന്ത്യയിലേക്ക് ഞാൻ സ്വാഗതം ചെയ്യുന്നു. ജമൈക്കയും ആൻഡ്ര്യൂ ഹോൾസെനസും ഇന്ത്യയുടെ ദീർഘകാല സുഹൃത്തുക്കളാണ്. അദ്ദേഹത്തെ ഒരുപാട് തവണ കാണാനുള്ള അവസരവും ഭാഗ്യവും ഇതിന് മുൻപും എനിക്ക് ലഭിച്ചിട്ടുണ്ട്. ഓരോ തവണ ഹോൾസെനസുമായി കൂടിക്കാഴ്ച നടത്തുമ്പോഴും ഇന്ത്യ- ജമൈക്ക ബന്ധം കൂടുതൽ ദൃഢപ്പെടുന്നു. കരീബിയൻ മേഖലയിലെ ഇന്ത്യയുടെ ഇടപെടലുകൾ കൂടുതൽ ശക്തമാക്കുന്നതിനും ഇന്ത്യ- ജമൈക്ക ഉഭയകക്ഷി ബന്ധം ദൃഢപ്പെടുത്തുന്നതിനും ഈ കൂടിക്കാഴ്ച സഹായിക്കുമെന്ന് ഉറപ്പുണ്ട്.”- പ്രധാനമന്ത്രി പറഞ്ഞു.
ജമൈക്കയുടെ വികസനയാത്രയിൽ വിശ്വസ്തരായ വികസന പങ്കാളിയായിരിക്കും ഇന്ത്യയെന്നും പ്രധാനമന്ത്രി പറഞ്ഞു. നാല് ‘ C’ കളിലാണ് ഇരുരാജ്യങ്ങളുടെയും ബന്ധം ഉൾക്കൊള്ളുന്നത്. കൾച്ചർ, ക്രിക്കറ്റ്, കോമൺവെൽത്ത്, കരികോം (കരീബിയൻ കമ്മ്യൂണിറ്റി) എന്നീ നാല് ഘടകങ്ങൾ ഇന്ത്യ- ജമൈക്ക ബന്ധത്തെ ആഴത്തിലാക്കുന്നു. ക്രിക്കറ്റിനോടുള്ള അഭിനിവേശം ഇരുരാജ്യങ്ങളുടെ ബന്ധത്തിലും അടിവരയിടുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.ITEC, ICCR തുടങ്ങിയ സ്‌കോളർഷിപ്പുകൾ വഴി ജമൈക്കയിലെ ജനങ്ങളുടെ കഴിവുകൾ വർദ്ധിപ്പിക്കുന്നതിനും വികസനം ഉറപ്പുവരുത്തുന്നതിനും ഇന്ത്യ സംഭാവനകൾ നൽകുന്നു. വരും വർഷങ്ങളിലും ജമൈക്കയുമായുള്ള സഹകരണം ഇന്ത്യ തുടരുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.