ബാങ്കോക്ക്: അദ്ധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് ഫീൽഡ് ട്രിപ്പന് പോയ സ്കൂൾബസിന് തീപിടിച്ച് 25 മരണം. പരിക്കേറ്റ 16 പേർ ചികിത്സയിലാണ്. തായ്ലൻഡിലാണ് രാജ്യത്തെ നടുക്കുന്ന അപകടമുണ്ടായത്. വടക്കൻ ബാങ്കോക്കിന്റെ പ്രാന്തപ്രദേശത്ത് വച്ചായിരുന്നു സംഭവം. മരിച്ചവരിൽ എത്ര കുട്ടികളുണ്ടെന്ന് വ്യക്തമല്ല. ആശുപത്രിയിൽ ചികിത്സയിലുള്ളവരിൽ 16 വിദ്യാർത്ഥികളും മൂന്ന് അദ്ധ്യാപകരുമുണ്ടെന്ന് ഗതാഗതമന്ത്രി സൂരിയ ജുവാങ്റൂങ്ഗ്രുവാങ്കിറ്റ് അറിയിച്ചു. ബസിന് തീപിടിച്ചത് എങ്ങനെയാണെന്ന് പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
സ്കൂൾ ബസിൽ 44 പേരാണുണ്ടായിരുന്നത്. ഉതായ് താനി പ്രവിശ്യയിൽ നിന്നുള്ള വിദ്യാർത്ഥി സംഘമായിരുന്നു ഫീൽഡ് ട്രിപ്പിനെത്തിയത്. 44 പേരിൽ 38ഉം വിദ്യാർത്ഥികളായിരുന്നു. ടയർ പൊട്ടിത്തെറിച്ചതാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. ടയർ പൊട്ടിയതോടെ നിയന്ത്രണം വിട്ട ബസ് ചെന്നിടിക്കുകയും ഇടിയുടെ ആഘാതത്തിൽ ഇന്ധനടാങ്കിൽ തീപ്പൊരി ഉണ്ടാവുകയും ചെയ്തിരിക്കാമെന്നാണ് വിലയിരുത്തൽ. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് അനുശോചനം രേഖപ്പെടുത്തുന്നതായി തായ്ലൻഡ് പ്രധാനമന്ത്രി പേടോങ്ടാൺ ഷിനവത്ര അറിയിച്ചു. ലോകത്തിലെ ഏറ്റവും മോശം റോഡ് സുരക്ഷയുള്ള രാജ്യങ്ങളിലൊന്നാണ് തായ്ലൻഡ്. ഡ്രൈവർമാരുടെ അശ്രദ്ധയും സുരക്ഷിതമല്ലാത്ത വാഹനങ്ങളും നിരവധി റോഡപകടങ്ങൾക്ക് കാരണമായിട്ടുണ്ട്.