വാഷിങ്ടന്‍: ഏറെ പ്രതീക്ഷകൾക്കൊടുവിൽ യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപിന് നിരാശ സമ്മാനിച്ചാണ് സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം ഇന്നലെ പ്രഖ്യാപിച്ചത്. ‘ജനാധിപത്യത്തിന്റെ ദീപം അണയാതെ കാക്കുന്ന ഒരു വനിതയ്ക്ക്’ എന്ന വിശേഷണത്തോടെയാണ് നൊബേല്‍ സമിതി വെനസ്വേലന്‍ പ്രതിപക്ഷ നേതാവ് മരിയ കൊറീന മച്ചാഡോയ്ക്ക് പുരസ്‌കാരം പ്രഖ്യാപിച്ചത്. സമ്മാനം ലഭിക്കാത്തതില്‍ ട്രംപിന് നിരാശയുണ്ട്. നിരാശ കലർന്ന് പ്രതികരണവുമായി ട്രംപ് രംഗത്തെത്തുകയും ചെയ്തു.
സമ്മാനം ലഭിച്ച വെനസ്വേലന്‍ പ്രതിപക്ഷ നേതാവ് മരിയ കൊറീന മച്ചാഡോയ്ക്ക് താന്‍ പല അവസരങ്ങളിലും സഹായം നല്‍കിയിട്ടുണ്ടെന്നാണ് ട്രംപ് അവകാശപ്പെടുന്നത്. വെനസ്വേലന്‍ പ്രതിപക്ഷ നേതാവ് വിളിച്ചെന്നും തന്റെ ‘ബഹുമാനാര്‍ഥം’ സമ്മാനം സ്വീകരിക്കുന്നതായി പറഞ്ഞെന്നും ട്രംപ് വ്യക്തമാക്കി. സ്വന്തം സമാധാന ശ്രമങ്ങളെ പുകഴ്ത്തി ദശലക്ഷക്കണക്കിന് ആളുകളുടെ ജീവന്‍ രക്ഷിച്ചതില്‍ തനിക്ക് സന്തോഷമുണ്ടെന്നും മാധ്യമങ്ങളോട് ട്രംപ് പറഞ്ഞു.
“നൊബേൽ സമ്മാനം ലഭിച്ച വ്യക്തി ഇന്ന് എന്നെ വിളിച്ച്, ‘നിങ്ങൾ അത് ശരിക്കും അർഹിക്കുന്നതിനാൽ ഞാൻ ഇത് നിങ്ങളുടെ ബഹുമാനാർത്ഥം സ്വീകരിക്കുന്നു’ എന്ന് പറഞ്ഞു… എന്നിരുന്നാലും, ‘എനിക്ക് തരൂ’ എന്ന് ഞാൻ പറഞ്ഞില്ല. അവൾ അങ്ങനെ ചെയ്തിരിക്കാമെന്ന് ഞാൻ കരുതുന്നു… ഞാൻ അവളെ സഹായിച്ചിട്ടുണ്ട്. ദുരന്തസമയത്ത് വെനിസ്വേലയിൽ അവർക്ക് ധാരാളം സഹായം ആവശ്യമായിരുന്നു. ദശലക്ഷക്കണക്കിന് ജീവൻ രക്ഷിച്ചതിനാൽ ഞാൻ സന്തോഷവാനാണ്…” വൈറ്റ് ഹൗസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ ട്രംപ് പറഞ്ഞു.

