പാരിസ് : സത്യപ്രതിജ്ഞ ചെയ്ത് 27–ാം ദിവസം ഫ്രഞ്ച് പ്രധാനമന്ത്രി സെബാസ്റ്റിൻ ലുകോനു (39) രാജിവച്ചു. മന്ത്രിസഭാംഗങ്ങളെ തീരുമാനിച്ചതിൽ വ്യാപക പ്രതിഷേധമുണ്ടായതിനെ തുടർന്നാണ് രാജി. മന്ത്രിസഭയ്ക്ക് പാർലമെന്റിന്റെ അംഗീകാരം കിട്ടില്ലെന്ന് വ്യക്തമായതോടെ ലുകോനു രാജി പ്രഖ്യാപിക്കുകയായിരുന്നു. പ്രസിഡന്റ് ഇമ്മാനുവൽ മക്രോ രാജി സ്വീകരിച്ചു.
സത്യപ്രതിജ്ഞ ചെയ്ത് 14 മണിക്കൂറിനുള്ളിൽ മന്ത്രിസഭ രാജിവച്ചതോടെ ലുകോനുവിന്റേത് ആധുനിക ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും ഹ്രസ്വമായ സർക്കാർ ആയി. ഇമ്മാനുവൽ മക്രോ അധികാരമേറ്റെടുത്ത ശേഷം 2 വർഷത്തിനുള്ളിൽ രാജിവയ്ക്കുന്ന അഞ്ചാമത്തെ പ്രധാനമന്ത്രിയാണ് ലുകോനു. പ്രതിരോധ മന്ത്രിയായിരുന്ന ലുകോനുവിനെ സെപ്റ്റംബർ 9നാണ് മക്രോ പ്രധാനമന്ത്രിയായി നിയമിച്ചത്.
ഇടക്കാല തിരഞ്ഞെടുപ്പ് വേണമെന്ന ആവശ്യമുയർന്നു. 2024 ലെ തിരഞ്ഞെടുപ്പിൽ ആർക്കും ഭൂരിപക്ഷം കിട്ടാതെ വന്നതോടെയാണ് ഫ്രാൻസിൽ രാഷ്ട്രീയ പ്രതിസന്ധി ഉടലെടുത്തത്.

