അഹമ്മദാബാദ് : ഇതു സംഭവിക്കുമെന്ന് ഉറപ്പായിരുന്നു, പക്ഷേ ഇത്രയും വേഗം നടപ്പിലാകുമെന്ന് ആരും പ്രതീക്ഷിച്ചിട്ടുണ്ടാകില്ല. ഇന്ത്യൻ ക്രിക്കറ്റിൽ രോഹിത് ശർമ എന്ന നായകന്റെ യുഗം അവസാനിച്ചിരിക്കുന്നു. ടെസ്റ്റിനു പിന്നാലെ ഏകദിനത്തിലും രോഹിത്തിന്റെ പിൻഗാമിയായി ഇന്ത്യൻ ക്രിക്കറ്റിന്റെ പുത്തൻ പോസ്റ്റർ ബോയ്, ശുഭ്മാൻ ഗിൽ ചുമതലയേറ്റെടുക്കും. ഇന്ത്യയ്ക്ക് ചാംപ്യൻസ് ട്രോഫി നേടിത്തന്ന് ഏഴു മാസത്തിനു ശേഷമാണ് നായകസ്ഥാനത്തുനിന്നു രോഹിത്തിന്റെ പടിയിറക്കം. അതും ട്രോഫി നേടിയതിനു ശേഷമുള്ള ആദ്യ പരമ്പരയിൽ തന്നെ. 2027 ഏകദിന ലോകകപ്പ് ലക്ഷ്യമിട്ടുള്ള ടീമിനെ വാർത്തെടുക്കുന്നതിനാണ് അജിത് അഗാർക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റിയുടെ ‘കടുത്ത’ തീരുമാനം.
മുഖ്യപരിശീലകൻ ഗൗതം ഗംഭീർ, ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയ എന്നിവരുമായി കൂടിയാലോചിച്ചാണ് സെലക്ഷൻ കമ്മിറ്റിയുടെ തീരുമാനം. ഇന്ത്യ– വെസ്റ്റിൻഡീസ് ആദ്യ ടെസ്റ്റ് നടന്ന അഹമ്മദാബാദിലായിരുന്നു സെലക്ഷൻ കമ്മിറ്റി യോഗം. നായകസ്ഥാനത്തുനിന്നു നീക്കുന്ന വിവരം രോഹിത് ശർമയെ മുൻകൂട്ടി അറിയിച്ചിരുന്നതായി അജിത് അഗാർക്കർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. എന്നാൽ രോഹിത് ശർമയും വിരാട് കോലിയും 2027 ലോകകപ്പ് ടീമിലുണ്ടാകുമോ എന്ന ചോദ്യത്തിന് അദ്ദേഹം മൗനം പാലിച്ചു.
മൂന്നു ഫോർമാറ്റുകളിലായി മൂന്നു ക്യാപറ്റന്മാരെ നിയോഗിക്കുന്നത് അപ്രായോഗികമാണെന്നും അതിനാലാണ് ഗില്ലിനെ ഏകദിന ക്യാപ്റ്റനാക്കാൻ നിശ്ചയിച്ചതെന്നും അജിത് അഗാർക്കർ പറഞ്ഞു. ‘‘അവർ (വിരാട് കോലിയും രോഹിത് ശർമയും) ഇപ്പോൾ കളിക്കുന്ന ഫോർമാറ്റ് ഇതാണ്. അതുകൊണ്ടാണ് അവരെ ടീമിലുൾപ്പെടുത്തിയത്. 2027 ലോകകപ്പിനെക്കുറിച്ച് ഇപ്പോൾ സംസാരിക്കേണ്ടതില്ലെന്ന് ഞാൻ കരുതുന്നു. ക്യാപ്റ്റൻസി മാറ്റം വേണമെന്ന് തീരുമാനിച്ചിരുന്നു.’’– അജിത് അഗാർക്കർ മാധ്യമപ്രവർത്തകരോട് പറഞ്ഞു.‘
‘രണ്ടു കാര്യങ്ങളുണ്ട്. ഒന്നാമതായി, മൂന്നു ഫോർമാറ്റുകൾക്കും മൂന്ന് വ്യത്യസ്ത ക്യാപ്റ്റന്മാർ ഉണ്ടായിരിക്കുക എന്നത് അപ്രായോഗികമാണ്. സെലക്ടർമാർക്കു മാത്രല്ല, കോച്ചിനും മൂന്ന് ആളുകളുമായി ചേർന്ന് ടീമിനെ മെനയുക എന്നത് വെല്ലുവിളിയാണ്. രണ്ടാമത്, അടുത്ത ലോകകപ്പിനെക്കുറിച്ചും ചിന്തിച്ച് തുടങ്ങണം.ഇപ്പോൾ ഏറ്റവും കുറവ് കളിക്കുന്ന ഒരു ഫോർമാറ്റും ഏകദിനമാണ്. അതിനാൽ അടുത്ത ആൾക്ക് യഥാർഥത്തിൽ ലഭിക്കേണ്ട അത്രയും മത്സരങ്ങൾ കിട്ടില്ല. അതല്ല, മറ്റൊരാളെ നിയമിക്കുകയാണെങ്കിൽ, അദ്ദേഹത്തിന് സ്വയം തയാറെടുക്കാനോ ആസൂത്രണം ചെയ്യാനോ ഉള്ള സമയവും ലഭിക്കുന്നില്ല.’’– അഗാർക്കർ പറഞ്ഞു.
നായകസ്ഥാനത്തുനിന്നു നീക്കിയതിനോട് രോഹിത്തിന്റ പ്രതികരണം എങ്ങനെയായിരുന്നെന്ന് വ്യക്തമാക്കാൻ അജിത് അഗാർക്കർ തയാറായില്ല. അതേസമയം, അദ്ദേഹത്തെ നീക്കാനുള്ള തീരുമാനം എടുക്കുന്നത് ബുദ്ധിമുട്ടേറിയതായിരുന്നെന്നും അഗാർക്കർ പറഞ്ഞു. അതും ഏറ്റവുമൊടുവിൽ നായകനായി കളിച്ചപ്പോൾ ഇന്ത്യയ്ക്ക് ചാംപ്യൻസ് ട്രോഫി കിരീടം നേടിത്തന്ന ഒരാളെ.
‘‘അദ്ദേഹം ചാംപ്യൻസ് ട്രോഫി നേടിയില്ലെങ്കിലും, ഇന്ത്യയ്ക്ക് വേണ്ടി അദ്ദേഹം എത്ര നല്ല പ്രകടനം കാഴ്ചവച്ചിട്ടുണ്ടെന്നതിനാൽ അത് ബുദ്ധിമുട്ടുള്ള ഒരു തീരുമാനമാകുമായിരുന്നു. എന്നാൽ ഭാവിയെക്കുറിച്ച് ചിന്തിക്കേണ്ടതുണ്ട്. ഒരു ടീമെന്ന നിലയിൽ എവിടെ നിൽക്കുന്നെന്നും ടീമിന് ഏറ്റവും അനുയോജ്യമായത് എന്താണെന്ന് നോക്കണമെന്നും ഞങ്ങൾ കരുതുന്നു. അത് ഇപ്പോഴായാലും ആറു മാസത്തിന് ശേഷമായാലും. ഞങ്ങൾ എടുക്കേണ്ട തീരുമാനങ്ങളാണിവ. ഞാൻ പറഞ്ഞതുപോലെ, ഈ ഘട്ടത്തിൽ ഏകദിന ക്രിക്കറ്റിൽ ഇത് ബുദ്ധിമുട്ടാണ്.
കാരണം, ആ തീരുമാനം എടുത്താൽ ന്യായമായും അതു നേരത്തെ തന്നെ ചെയ്യാൻ ശ്രമിക്കുകയും മറ്റൊരു ഫോർമാറ്റിൽ നയിക്കാനുള്ള ആത്മവിശ്വാസം നേടാൻ അദ്ദേഹത്തിനു മതിയായ അവസരം നൽകുകയും വേണം. അതായിരുന്നു ആശയം, പക്ഷേ അത് എല്ലായ്പ്പോഴും ബുദ്ധിമുട്ടാണ്. അതും വളരെ വിജയിച്ച ഒരാളെ മാറ്റുക എന്ന തീരുമാനം എടുക്കുന്നത്.’’ അഗാർക്കർ കൂട്ടിച്ചേർത്തു.

