അബുദാബി : ഉഭയ, സൗഹൃദ ബന്ധങ്ങൾ ശക്തിപ്പെടുത്താനുള്ള തന്ത്രപരമായ നീക്കങ്ങളുമായി യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. യെമൻ, ഇറാഖ് എന്നീ പ്രമുഖ അറബ് രാജ്യങ്ങളിലെ പ്രധാനമന്ത്രിമാരുമായി അബുദാബിയിലെ ഖസർ അൽ ഷാതിയിൽ അദ്ദേഹം പ്രത്യേകം കൂടിക്കാഴ്ചകൾ നടത്തി. ഇരു രാജ്യങ്ങളുമായുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്താനും സാമ്പത്തിക-വികസന സഹകരണം വിപുലീകരിക്കാനും പ്രാദേശിക സുരക്ഷയും സ്ഥിരതയും ഉറപ്പാക്കാനുമുള്ള വഴികളാണ് ചർച്ചാവിഷയമായത്.
ഇറാഖ് പ്രധാനമന്ത്രി മുഹമ്മദ് ഷിയാ അൽ സുദാനിയുമായാണ് യുഎഇ പ്രസിഡന്റ് ചർച്ച നടത്തിയത്. അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനാണ് ഇറാഖി പ്രധാനമന്ത്രിക്ക് ഊഷ്മളമായ സ്വീകരണം നൽകി. ചർച്ചയിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള വികസന, സാമ്പത്തിക മേഖലകളിലെ ഉഭയകക്ഷി സഹകരണം വിപുലീകരിക്കുന്നതിനുള്ള വഴികൾക്കാണ് പ്രാധാന്യം നൽകിയത്. കൂടാതെ മധ്യപൂർവദേശത്തെ ഏറ്റവും പുതിയ സംഭവവികാസങ്ങൾ ഉൾപ്പെടെ ഇരു രാജ്യങ്ങൾക്കും പൊതുവായ പ്രാദേശിക, രാജ്യാന്തര വിഷയങ്ങൾ ചർച്ചയായി.
പലസ്തീൻ രാഷ്ട്രത്തെ രാജ്യാന്തര സമൂഹം അംഗീകരിച്ചതിനെക്കുറിച്ച് സംസാരിച്ച നേതാക്കൾ ഇത് പലസ്തീൻ ജനതയുടെ ന്യായമായ അഭിലാഷങ്ങൾ നിറവേറ്റുന്നതിനുള്ള സുപ്രധാന ചുവടുവെയ്പ്പാണെന്ന് വിലയിരുത്തി. മേഖല നേരിടുന്ന വെല്ലുവിളികളുടെ പശ്ചാത്തലത്തിൽ കൂട്ടായ അറബ് പ്രവർത്തനങ്ങളുടെ പ്രാധാന്യവും ഇരു നേതാക്കളും എടുത്തുപറഞ്ഞു. യുഎഇ-ഇറാഖ് ബന്ധത്തിൻ്റെ ശക്തിയും പ്രാദേശിക സുരക്ഷ ഉറപ്പാക്കുന്നതിൽ ഈ ബന്ധത്തിനുള്ള പങ്കും നേതാക്കൾ ആവർത്തിച്ചുറപ്പിച്ചു.
കൂടിക്കാഴ്ചയിൽ യെമൻ പ്രധാനമന്ത്രി സാലെം സാലെഹ് ബിൻ ബ്രായ്ക്ക് പങ്കെടുത്തു. യുഎഇയും യെമനും തമ്മിലുള്ള അടുത്ത ബന്ധങ്ങളും പൊതുതാൽപര്യങ്ങൾ സംരക്ഷിക്കുന്നതിനുള്ള സഹകരണവും നേതാക്കൾ വിലയിരുത്തി. യെമൻ പ്രസിഡൻഷ്യൽ ലീഡർഷിപ്പ് കൗൺസിൽ ചെയർമാൻ ഡോ. റഷാദ് മുഹമ്മദ് അൽ-അലീമിയുടെ ആശംസകൾ പ്രധാനമന്ത്രി ബിൻ ബ്രായ്ക്ക് യുഎഇ പ്രസിഡന്റിനെ അറിയിച്ചു. മറുപടിയായി, യെമനിലെ ജനങ്ങളുടെ വികസനം, സുരക്ഷ, സ്ഥിരത എന്നിവയ്ക്കുവേണ്ടിയുള്ള എല്ലാ ശ്രമങ്ങൾക്കും യുഎഇയുടെ സ്ഥിരമായ പിന്തുണ ഉണ്ടാകുമെന്ന് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് ആവർത്തിച്ചുറപ്പിച്ചു.

