Friday, December 5, 2025
HomeNews"ഒന്നും ഒളിക്കാനില്ല, ഞങ്ങളുടെ കൈകൾ ശുദ്ധമാണ്, ദേവസ്വം ബോർഡിന് വീ‌ഴ്‌ച പറ്റിയിട്ടില്ല"; സ്വർണപ്പാളി വിവാദത്തിൽ പി....

“ഒന്നും ഒളിക്കാനില്ല, ഞങ്ങളുടെ കൈകൾ ശുദ്ധമാണ്, ദേവസ്വം ബോർഡിന് വീ‌ഴ്‌ച പറ്റിയിട്ടില്ല”; സ്വർണപ്പാളി വിവാദത്തിൽ പി. എസ്. പ്രശാന്ത്

തിരുവനന്തപുരം : ശബരിമല സ്വര്‍ണപ്പാളി വിഷയത്തില്‍ ദേവസ്വം ബോര്‍ഡിന് പാളിച്ച സംഭവിച്ചിട്ടില്ലെന്നും 407 ഗ്രാം സ്വര്‍ണം ലോക്കറില്‍ ഉണ്ടെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത്. ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ കയ്യില്‍ സ്വര്‍ണപ്പാളി കൊടുത്തുവിട്ടിട്ടില്ലെന്നും പ്രശാന്ത് വ്യക്തമാക്കി

‘ദേവസ്വം മന്ത്രി വി.എന്‍.വാസവനുമായി ഇന്നലെ ഇക്കാര്യം ചര്‍ച്ച ചെയ്തു. എല്ലാ വിഷയങ്ങളിലും സമഗ്രാന്വേഷണം വേണം എന്നാണ് സര്‍ക്കാരിന്റെയും ബോര്‍ഡിന്റെയും നിലപാട്. ഇക്കാര്യം ഹൈക്കോടതിയില്‍ ആവശ്യപ്പെടുമെന്നും പ്രശാന്ത് പറഞ്ഞു. അറ്റകുറ്റപ്പണിക്കായി സ്വര്‍ണപ്പാളി ചെന്നൈയിലേക്ക് കൊണ്ടുപോയത് വ്യവസ്ഥകള്‍ എല്ലാം പാലിച്ചാണ്. മഹസര്‍ തയാറാക്കി പൊലീസ് അകമ്പടിയോടെയാണ് സ്വര്‍ണം കൊണ്ടുപോയത്. ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ കയ്യില്‍ സ്വര്‍ണം കൊടുത്തു വിടുകയല്ല ദേവസ്വം ബോര്‍ഡ് ചെയ്തത്. 1998ലാണ് വിജയ് മല്യ സ്വര്‍ണം പൂശിയത്. രണ്ടു ദ്വാരപാലക ശില്‍പങ്ങള്‍ 14 പാളികളിലായി 38 കിലോ ആണുള്ളത്. അതില്‍ സ്വര്‍ണത്തിന്റെ സാന്നിധ്യം 397 ഗ്രാമാണ്. അതില്‍ 12 പാളി മാത്രമാണ് അറ്റകുറ്റപ്പണിക്കായി കൊണ്ടുപോയത്. അതിന് 22 കിലോ തൂക്കവും 281 ഗ്രാം സ്വര്‍ണവുമാണ് ഉണ്ടായിരുന്നത്. 

ചെന്നൈയില്‍ കേവലം 10 ഗ്രാം മാത്രമാണ് നവീകരണത്തിന് വേണ്ടി ഉപയോഗിച്ചത്. കോടതി ഉത്തരവ് പ്രകാരം നവീകരണത്തിന് ശേഷം തിരിച്ചുകൊണ്ടുവന്നപ്പോള്‍ സ്വര്‍ണത്തിന്റെ അളവ് 291 ഗ്രാം ആയി. ഇപ്പോള്‍ 14 പാളികളായി 38 കിലോയും 407 ഗ്രാം സ്വര്‍ണവുമാണ് ഉള്ളത്. അതു ലോക്കറില്‍ സൂക്ഷിച്ചിട്ടുണ്ട്. ഇക്കാര്യങ്ങള്‍ എല്ലാം ഹൈക്കോടതിയെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. ഒക്‌ടോബര്‍ 17ന് ദ്വാരപാലകശില്‍പത്തില്‍ സ്വര്‍ണപ്പാളി സ്ഥാപിക്കും. ഇക്കാര്യത്തില്‍ ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ സേവനം തേടിയത് ചെന്നൈ കമ്പനിയുടെ 40 വര്‍ഷത്തെ വാറന്റി കരാര്‍ അദ്ദേഹത്തിന്റെ പേരില്‍ ആയതു കൊണ്ടാണ്. 

ഒന്നും മറയ്ക്കാനില്ലാത്തതുകൊണ്ടാണ് കോടതിയില്‍ സമഗ്രമായ അന്വേഷണം ആവശ്യപ്പെടുന്നത്. ഉണ്ണിക്കൃഷ്ണൻ പോറ്റിയാണ് വ്യാജ ആരോപണവുമായി വന്നത്. ഇപ്പോള്‍ അദ്ദേഹം തന്നെ പെട്ടു. നാലു കിലോഗ്രാം സ്വര്‍ണം കുറഞ്ഞു എന്നു പറഞ്ഞ് എത്തിയ പ്രതിപക്ഷ നേതാവ് എന്തുകൊണ്ട് ഉണ്ണിക്കൃഷ്ണൻ പോറ്റിക്കെതിരെ ഒന്നും മിണ്ടുന്നില്ല. പ്രതിപക്ഷ നേതാവ് പറയുന്നത് കേട്ടാല്‍ ദേവസ്വം ബോര്‍ഡ് ഇതുവരെ അവര്‍ ഭരിച്ചിട്ടില്ല എന്ന് തോന്നും. ദേവസ്വം വിജിലന്‍സിനെ പേടിച്ച് ഇറങ്ങി ഓടിയ മെമ്പര്‍മാരുടെ ചരിത്രം ഇവിടെ ഉണ്ട്’’– പ്രശാന്ത് പറഞ്ഞു. 

ദേവസ്വം ബോര്‍ഡ് മന്ത്രിയുടെയും തന്റേയും കൈകള്‍ ശുദ്ധമാണ്. അന്വേഷണം വരുന്നതില്‍ പേടിയില്ല. 2019ല്‍ ചെമ്പ് പാളി എന്നു രേഖപ്പെടുത്തിയതുള്‍പ്പെടെയുള്ള വിഷയം കോടതിയുടെ പരിഗണയിലാണെന്നും പ്രശാന്ത് പറഞ്ഞു. ആഗോള അയ്യപ്പ സംഗമത്തിന്റെ പശ്ചാത്തലത്തിലാണ് ഇത്തരം ആരോപണങ്ങള്‍ ഉയര്‍ന്നുവന്നത്. ആഗോള അയ്യപ്പ സംഗമത്തിന് ലഭിച്ച സ്വീകാര്യതയാണ് ഇതിന് പിന്നില്‍. സ്വര്‍ണപ്പാളി വിഷയം ഒരു സുവര്‍ണാവസരമായി ചിലര്‍ ഉപയോഗിക്കുന്നുവെന്നും പ്രശാന്ത് പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments