തിരുവനന്തപുരം : വൈദ്യുത വിതരണ കമ്പനികളുടെ കമ്മി നികത്താനുള്ള നടപടികൾക്ക് സുപ്രീംകോടതി വിധിയെത്തുടർന്ന് ആപ്ടെൽ (അപ്പലേറ്റ് ട്രൈബ്യൂനൽ ഫോർ ഇലക്ട്രിസിറ്റി) നടപടി തുടങ്ങിയതിനിടെ കേരളത്തിൽ വൈദ്യുതി നിരക്ക് കൂട്ടുന്ന സാഹചര്യം ഒഴിവാക്കാനുള്ള ഇടപെടലുമായി റഗുലേറ്ററി കമീഷൻ.
അടുത്തിടെ രണ്ടുതവണ വൈദ്യുതിനിരക്ക് വർധിപ്പിച്ച സാഹചര്യത്തിൽ കെ.എസ്.ഇ.ബിയുടെ നഷ്ടം നികത്താൻ വീണ്ടും നിരക്ക് വർധിപ്പിക്കുന്നതിനോട് കമീഷൻ യോജിക്കുന്നില്ല. വിതരണ കമ്പനികളുടെ നഷ്ടം നികത്താൻ വലിയ തോതിൽ ഉപഭോക്താക്കളുടെ താരിഫ് വർധിപ്പിക്കുന്നത് ഒഴിവാക്കാൻ, പിന്നീട് നികത്താമെന്ന ധാരണയോടെ ഒരുഭാഗം റഗുലേറ്ററി കമീഷനുകൾ മാറ്റിവെക്കാറുണ്ട്. ഇതാണ് റെഗുലേറ്ററി ആസ്തിയായി (റഗുലേറ്ററി അസറ്റ്) കണക്കാക്കുന്നത്.
ഇത് വലിയതോതിൽ വർധിക്കുന്ന സാഹചര്യത്തിലാണ് കോടതി ഇടപെടൽ. 6645.30 കോടിയാണ് റഗുലേറ്ററി അസറ്റ് അഥവാ കമ്മിയായി കെ.എസ്.ഇ.ബിക്കുള്ളത്. ഇത് 2024 ലെ കണക്കാണെന്നും അതിനുശേഷം കെ.എസ്.ഇ.ബി ലാഭക്കണക്കുകളാണ് നൽകിയതെന്നും കമീഷൻ ആപ്ടെലിനെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. ഇതിനുപുറമേ 2024-25 വർഷത്തേതടക്കം കണക്കുകൾ പുതുക്കി സമർപിക്കാൻ കമീഷൻ കെ.എസ്.ഇ.ബിയോട് ആവശ്യപ്പെട്ടു.
അടുത്തദിവസം കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരിൽനിന്ന് നേരിട്ട് വിശദാംശങ്ങൾ ആരായും. കണക്കുകൾ ബോധ്യപ്പെട്ടശേഷമുള്ള നഷ്ടം എങ്ങനെ നികത്തണമെന്നതിൽ കെ.എസ്.ഇ.ബി കമീഷന് അപേക്ഷ നൽകേണ്ടിവരും. ഇത് പരിശോധിച്ച് നടപടിക്രമങ്ങൾ പൂർത്തിയാക്കിയാകും തുടർനടപടികളിലേക്ക് കടക്കുക. ഇക്കാര്യം ആപ്ടെലിനെയും അറിയിച്ചിട്ടുണ്ട്.

