Friday, December 5, 2025
HomeEuropeഇന്ത്യക്കാരായ തൊഴിലാളികളെ സ്വാഗതംചെയ്ത് ജര്‍മനി

ഇന്ത്യക്കാരായ തൊഴിലാളികളെ സ്വാഗതംചെയ്ത് ജര്‍മനി

ന്യൂഡല്‍ഹി: യുഎസ് എച്ച്1 ബി വിസ ഫീസ് ഉയര്‍ത്തിയതിന് പിന്നാലെ ഇന്ത്യക്കാരായ തൊഴിലാളികളെ സ്വാഗതംചെയ്ത് ജര്‍മനി. ഇന്ത്യയിലെ ജര്‍മന്‍ സ്ഥാനപതിയായ ഡോ. ഫിലിപ്പ് അക്കേര്‍മാന്‍ ആണ് ഉയര്‍ന്ന വൈദഗ്ധ്യമുള്ള ഇന്ത്യക്കാരെ ജര്‍മനിയിലേക്ക് സ്വാഗതംചെയ്ത് രംഗത്തെത്തിയത്. കഴിഞ്ഞദിവസം സാമൂഹികമാധ്യമമായ എക്‌സില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയായിരുന്നു അദ്ദേഹം ജര്‍മനിയിലെ തൊഴിലവസരങ്ങള്‍ വിശദീകരിച്ചത്.

സ്ഥിരതയാര്‍ന്ന കുടിയേറ്റ നയങ്ങള്‍കൊണ്ടും ഐടി, മാനേജ്‌മെന്റ്, സയന്‍സ്, ടെക് മേഖലകളില്‍ ഇന്ത്യക്കാര്‍ക്കുള്ള തൊഴിലവസരങ്ങള്‍ കൊണ്ടും ജര്‍മനി വേറിട്ടുനില്‍ക്കുന്ന രാജ്യമാണെന്ന് ഡോ. ഫിലിപ്പ് അക്കേര്‍മാന്‍ എക്‌സില്‍ കുറിച്ചു. ”ജര്‍മനിയില്‍ ജോലിചെയ്യുന്ന ഇന്ത്യക്കാരേക്കുറിച്ച് സംസാരിക്കാനുള്ള നല്ല നിമിഷമാണിത്. ജര്‍മനിയില്‍ ഏറ്റവുംകൂടുതല്‍ സമ്പാദിക്കുന്നവരില്‍ ഇന്ത്യക്കാരുമുണ്ട്. ജര്‍മനിയില്‍ ജോലിചെയ്യുന്ന ശരാശരി ഇന്ത്യക്കാരന്‍ ശരാശരി ജര്‍മന്‍ തൊഴിലാളിയെക്കാള്‍ കൂടുതല്‍ വരുമാനം നേടുന്നു. നമ്മുടെ സമൂഹത്തിനും അതിന്റെ ക്ഷേമത്തിനും ഇന്ത്യക്കാര്‍ വലിയ സംഭാവന നല്‍കുന്നു എന്നതാണ് ഈ ഉയര്‍ന്ന ശമ്പളം വാങ്ങുന്നതിന്റെ അര്‍ഥം. ഞങ്ങള്‍ കഠിനാധ്വാനത്തിലും മികച്ച ആളുകള്‍ക്ക് മികച്ച ജോലികള്‍ നല്‍കുന്നതിലും വിശ്വസിക്കുന്നു.

ഞങ്ങളുടെ കുടിയേറ്റ നയം ഒരു ജര്‍മന്‍ കാറിനെപ്പോലെയാണ് പ്രവര്‍ത്തിക്കുന്നത്. അത് വിശ്വസനീയവും ആധുനികവുമാണ്. അത് അങ്ങോട്ടും ഇങ്ങോട്ടും തിരിയാതെ ഒരു നേര്‍രേഖയില്‍ പോകും. ഉയര്‍ന്ന വേഗത്തില്‍ പോകുമ്പോള്‍ ബ്രേക്കിടേണ്ടിവരുമെന്ന് നിങ്ങള്‍ ഭയപ്പെടേണ്ടതില്ല. ഒരുരാത്രികൊണ്ട് ഞങ്ങള്‍ ഞങ്ങളുടെ നിയമങ്ങള്‍ മാറ്റില്ല. ഉയര്‍ന്ന വൈദഗ്ധ്യമുള്ള ഇന്ത്യക്കാരെ ഞങ്ങള്‍ ജര്‍മനിയിലേക്ക് സ്വാഗതംചെയ്യുന്നു”, അദ്ദേഹം വീഡിയോസന്ദേശത്തില്‍ പറഞ്ഞു.

ദിവസങ്ങള്‍ക്ക് മുന്‍പാണ് എച്ച്1 ബി വിസയ്ക്കുള്ള ഫീസ് ഒരുലക്ഷം ഡോളറായി അമേരിക്ക ഉയര്‍ത്തിയത്. ഇതോടെ വിദേശങ്ങളില്‍നിന്നുള്ള ജീവനക്കാരെ നിയമിക്കാന്‍ യുഎസ് കമ്പനികള്‍ ഭീമമായ തുകയാണ് സര്‍ക്കാരിലേക്ക് അടയ്‌ക്കേണ്ടിവരുന്നത്. വിദേശരാജ്യങ്ങളില്‍നിന്നുള്ള ജീവനക്കാരെ നിയമിക്കുന്നതില്‍നിന്ന് കമ്പനികള്‍ പിന്‍വാങ്ങാനും ഇത് കാരണമാകും. നിലവില്‍ യുഎസിലെ എച്ച്1 ബി വിസ ഉടമകളില്‍ ഭൂരിഭാഗവും ഇന്ത്യക്കാരാണ്. യുഎസിലെ വന്‍കിട ടെക് കമ്പനികളില്‍ ജോലിതേടുന്ന ഇന്ത്യക്കാരായ ടെക്കികളെയാണ് ഡൊണാള്‍ഡ് ട്രംപിന്റെ പുതിയ തീരുമാനം ഏറ്റവും കൂടുതല്‍ ബാധിക്കുന്നത്. ഈ സാഹചര്യത്തിലാണ് ജര്‍മനി ഇന്ത്യക്കാരെ സ്വാഗതംചെയ്ത് രംഗത്തെത്തിയതെന്നതും ശ്രദ്ധേയമാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments