Friday, December 5, 2025
HomeEntertainmentബംഗ്ലദേശിനെ ‘സേഫ്’ ആക്കാൻ സെയ്ഫ് ഹസൻ പൊരുതി നോക്കി: ഏഷ്യാകപ്പിൽ ഇന്ത്യയ്ക്ക് മിന്നും ജയം;...

ബംഗ്ലദേശിനെ ‘സേഫ്’ ആക്കാൻ സെയ്ഫ് ഹസൻ പൊരുതി നോക്കി: ഏഷ്യാകപ്പിൽ ഇന്ത്യയ്ക്ക് മിന്നും ജയം; ഫൈനലിൽ സ്ഥാനം ഉറപ്പിച്ചു

ദുബായ് : ഒരറ്റത്ത് സെയ്ഫ് ഹസൻ ആഞ്ഞടിച്ചെങ്കിലും ബംഗ്ലദേശിനെ ‘സേഫ്’ ആക്കാൻ അതുമാത്രം പോരായിരുന്നു. ഏഷ്യാകപ്പിൽ അപരാജിത കുതിപ്പ് തുടരുന്ന ഇന്ത്യ, ബംഗ്ലദേശിനെ തകർത്ത് ടൂർണമെന്റിന്റെ ഫൈനലിൽ കടന്നു. ഇന്ത്യ ഉയർത്തിയ 169 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ബംഗ്ലദേശിന്റെ ഇന്നിങ്സ് 19.3 ഓവറിൽ 127 റൺസിൽ അവസാനിച്ചു. ഇന്ത്യയ്ക്ക് 41 റൺസ് ജയം

മൂന്നു വിക്കറ്റെടുത്ത കുൽദീപ് യാദവ്, രണ്ടു വിക്കറ്റെടുത്ത വരുൺ ചക്രവർത്തി എന്നിവരാണ് ബംഗ്ലദേശിനെ കറക്കിവീഴ്ത്തിയത്. ജസ്പ്രീത് ബുമ്ര രണ്ടും ശിവം ദുബെ, തിലക് വർമ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. അർധസെഞ്ചറി നേടിയ ഓപ്പണർ സെയ്ഫ് ഹസൻ (51 പന്തിൽ 69) ബംഗ്ലദേശ് നിരയിൽ പൊരുതിയെങ്കിലും പിന്തുണ നൽകാൻ ആരുമുണ്ടായില്ല. രണ്ടു പേർ മാത്രമാണ് ബംഗ്ലദേശ് ബാറ്റിങ് നിരയിൽ രണ്ടക്കം കടന്നത്. ഇന്ത്യയുടെ ജയത്തോടെ, ശ്രീലങ്ക ടൂർണമെന്റിൽനിന്നു പുറത്തായി. ബംഗ്ലദേശ്– പാക്കിസ്ഥാൻ മത്സരത്തിലെ വിജയി, ഫൈനലിൽ ഇന്ത്യയുടെ എതിരാളികളാകും.

മറുപടി ബാറ്റിങ്ങിൽ, ഓപ്പണർ തൻസീദ് ഹസൻ തമീമിനെ (3 പന്തിൽ 1) രണ്ടാം ഓവറിൽ തന്നെ നഷ്ടമായെങ്കിലും സെയ്ഫ് ഹസനും പർവേശ് ഹൊസൈൻ ഇമോനും (19 പന്തിൽ 21) ചേർന്ന് ബംഗ്ലദേശിന് മുന്നോട്ടു നയിച്ചു. രണ്ടാം വിക്കറ്റിൽ ഇരുവരും ചേർന്ന് 42 റൺസ് നേടി. പവർപ്ലേയിൽ 44 റൺസായിരുന്നു ബംഗ്ലദേശിന്റെ സമ്പാദ്യം. ഏഴാം ഓവറിൽ ഇമോനെ പുറത്താക്കി കുൽദീപ് ആണ് കൂട്ടുകെട്ട് പൊളിച്ചത്. പിന്നീടെത്തിയ ഒരു ബാറ്റർക്കും രണ്ടക്കം കടക്കാനായില്ല. ഒരറ്റത്ത് സെയ്ഫ് ഹസൻ മികച്ച രീതിയിൽ ബാറ്റു ചെയ്തെങ്കിലും വിജയലക്ഷ്യം മറികടക്കാൻ അതു മാത്രം പോരായിരുന്നു.

നാല് തവണയാണ് സെയ്‌ഫിന്റെ ക്യാച്ച് ഇന്ത്യൻ ഫീൽഡർമാർ ഡ്രോപ് ചെയ്തത്. ഒടുവിൽ 18–ാം ഓവറിൽ ബുമ്രയുടെ പന്തിൽ അക്ഷർ പട്ടേൽ, സെയ്‌ഫിനെ കൈക്കുള്ളിൽ ‘സേഫ്’ ആക്കിയതോടെ ബംഗ്ലദേശിന്റെ പ്രതീക്ഷ പൂർണമായും അവസാനിച്ചു. തൗഹിദ് ഹൃദോയി (10 പന്തിൽ 7), ഷമീം ഹൊസൈൻ (പൂജ്യം), ജാക്കർ അലി(5 പന്തിൽ 4)), മുഹമ്മദ് സൈഫുദ്ദീൻ (7 പന്തിൽ 4), റിഷാദ് ഹൊസൈൻ (3 പന്തിൽ 2), തൻസിം ഹസൻ സാക്കിബ് (പൂജ്യം), മുസ്തഫിസുർ റഹ്മാൻ (11 പന്തിൽ 6) നസും അഹമ്മദ് (4 പന്തിൽ 4*) എന്നിങ്ങനെയാണ് മറ്റു ബംഗ്ലദേശ് ബാറ്റർമാരുടെ സ്കോറുകൾ.

പാക്കിസ്ഥാനെതിരെ എവിടെ നിർത്തിയോ, അവിടെനിന്നാണ് ഇന്ത്യൻ ഓപ്പണർമാരായ അഭിഷേക് ശർമയും ശുഭ്മാൻ‌ ഗില്ലും ബംഗ്ലദേശിനെതിരെ തുടങ്ങിയത്. ഓപ്പണർമാരുടെ ‘പവർപ്ലേ’യിൽ ഏഷ്യാകപ്പ് സൂപ്പർ ഫോറിൽ ബംഗ്ലദേശിനെതിരെ ആദ്യം ബാറ്റു ചെയ്ത ഇന്ത്യ, ആറു വിക്കറ്റ് നഷ്ടത്തിലാണ് 168 റൺസെടുത്തത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക്, മോഹിച്ച തുടക്കമാണ് ഓപ്പണർമാരായ അഭിഷേക് ശർമയും (37 പന്തിൽ 75), ശുഭ്മാൻ ഗില്ലും (19 പന്തിൽ 29) ചേർന്ന് നൽകിയത്. ഒന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് 77 റൺസാണ് സ്കോർ ബോർഡിൽ ചേർത്തത്. ആദ്യത്തെ മൂന്ന് ഓവറിൽ 17 റൺസ് മാത്രമെടുത്ത ഇന്ത്യ, പിന്നീടുള്ള മൂന്ന് ഓവറിൽ 55 റൺസെടുത്തു. പവർപ്ലേ അവസാനിക്കുമ്പോൾ വിക്കറ്റ് നഷ്ടം കൂടാതെ 72 റൺസെന്ന നിലയിലായിരുന്നു ഇന്ത്യ. ടൂർണമെന്റിൽ ഇന്ത്യയുടെ ഏറ്റവും ഉയർന്ന പവർപ്ലേ സ്കോറാണിത്. എന്നാൽ തൊട്ടടുത്ത ഓവറിൽ ഗില്ലിനെ വീഴ്ത്തി റിഷാദ് ഹൊസൈൻ ബംഗ്ലദേശിന് ആദ്യ ബ്രേക്ക് ത്രൂ നൽകി. ഒരു സിക്സും രണ്ടു ഫോറുമടങ്ങുന്നതായിരുന്നു ഗില്ലിന്റെ ഇന്നിങ്സ്.

പിന്നീടെത്തിയത്, ബാറ്റിങ്ങിൽ സ്ഥാനക്കയറ്റം ലഭിച്ച ശിവം ദുബെയാണ്. മൂന്നു പന്ത് മാത്രം നേരിട്ട് രണ്ടു റണ്‍സുമായി ദുബെ മടങ്ങിയതോടെ ആ പരീക്ഷണം പാളി. എന്നാൽ മറുവശത്ത്, അഭിഷേക് ബാറ്റിങ് പ്രഹരം തുടർന്നതോട ഇന്ത്യൻ സ്കോർ ബോർഡ് ചലിച്ചു. ഇതിനിടെ 25 പന്തിൽ അഭിഷേക് അർധസെഞ്ചറി നേടുകയും ചെയ്തു. ഇതു അഞ്ചാം തവണയാണ് അഭിഷേക്, 25ഓ അതിൽ കുറവോ പന്തിൽ അർധസെഞ്ചറി നേടുന്നത്. പത്ത് ഓവർ തികഞ്ഞപ്പോൾ 96/2 എന്ന ശക്തമായ നിലയിലായിരുന്നു ഇന്ത്യ.

എന്നാൽ 12–ാം ഓവറിൽ അഭിഷേക് റണ്ണൗട്ടായത് ഇന്ത്യയ്ക്ക് തിരിച്ചടിയായി. നോൺ സ്ട്രൈക്കർ എൻഡിൽനിന്ന് സിംഗളിനായി ഓടിയ അഭിഷേക്, പാതി ദൂരം പിന്നിട്ടശേഷം തിരിച്ചോടിയെങ്കിലും റിഷാദ് ഹൊസൈന്റെ ത്രോയിൽ മുസ്തഫിസുർ റഹ്മാൻ റണ്ണൗട്ടാക്കുകയായിരുന്നു. അഞ്ചു സിക്സും ആറു ഫോറും അടങ്ങുന്നതായിരുന്നു അഭിഷേകിന്റെ ഇന്നിങ്സ്. അതേ ഓവറിൽ തന്നെ ക്യാപ്റ്റൻ സൂര്യകുമാറിനെയും (11 പന്തിൽ 5) ഇന്ത്യയ്ക്ക് നഷ്ടമായി. ഇതോടെ ഇന്ത്യയുടെ റൺറേറ്റ് കുറഞ്ഞു. പിന്നീടെത്തിയ ഹാർദിക് പാണ്ഡ്യ (29 പന്തിൽ 38) ആണ് ഇന്ത്യൻ സ്കോർ 160 കടത്തിയത്. ഒരു സിക്സും നാല് ഫോറും അടിച്ച ഹാർദിക്, ഇന്നിങ്സിനെ അവസാന പന്തിലാണ് പുറത്തായത്. തിലക് വർമ (7 ഓവറിൽ 5), അക്ഷർ പട്ടേൽ (15 പന്തിൽ 10*) എന്നിങ്ങനെയാണ് മറ്റു ബാറ്റർമാരുടെ സ്കോറുകൾ.∙ ടോസ് ബംഗ്ലദേശിന്ടോസ് നേടിയ ബംഗ്ലദേശ് ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. പരുക്കേറ്റ ക്യാപ്റ്റൻ ലിറ്റൺ ദാസിന്റെ അഭാവത്തിൽ വിക്കറ്റ് കീപ്പർ ജാക്കർ അലിയാണ് ബംഗ്ലദേശിനെ നയിക്കുന്നത്. ഇതടക്കം ശ്രീലങ്കയ്ക്കെതിരായ മത്സരത്തിൽ കളിച്ച ടീമിൽ നാലു മാറ്റങ്ങളുമായാണ് ബംഗ്ലദേശ് ഇറങ്ങിയത്. ഇന്ത്യയുടെ പ്ലേയിങ് ഇലവൻ നിലനിർത്തി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments