വാഷിങ്ടൺ : യുഎസിലേക്ക് കുടിയേറി നിയമപരമായ സ്ഥിരതാമസമാക്കാൻ സമ്പന്നർക്കായി ‘ട്രംപ് ഗോൾഡ് കാർഡ്’ എന്ന പുതിയ കുടിയേറ്റ പദ്ധതിക്ക് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അംഗീകാരം നൽകി. ഖജനാവിലേക്ക് കോടിക്കണക്കിന് ഡോളർ ലക്ഷ്യമിടുന്ന ഈ പദ്ധതി, നിലവിലെ നിയമപരമായ കുടിയേറ്റ സംവിധാനത്തിന്റെ പരിഷ്കരണമാണ്.
പദ്ധതിയുടെ വിശദാംശങ്ങൾ
വില : വ്യക്തികൾക്ക് 10 ലക്ഷം ഡോളറും (ഏകദേശം 8.8 കോടി രൂപ), കോർപ്പറേറ്റുകൾക്ക് ഓരോ ജീവനക്കാരനും 20 ലക്ഷം ഡോളറുമാണ് (ഏകദേശം 16.8 കോടി രൂപ) ഈ പദ്ധതിക്ക് കീഴിൽ നൽകേണ്ടത്.
ലക്ഷ്യം : സമ്പന്നരായ വ്യക്തികൾക്കും കോർപ്പറേറ്റുകൾക്കും യുഎസിൽ അതിവേഗം സ്ഥിരതാമസത്തിന് അവസരം നൽകുകയാണ് ട്രംപ് ഗോൾഡ് കാർഡിന്റെ പ്രധാന ലക്ഷ്യം.
വിസ: അപേക്ഷകരെ സൂക്ഷ്മമായി പരിശോധിച്ച ശേഷം നിലവിലുള്ള EB-1 അല്ലെങ്കിൽ EB-2 വിസ വിഭാഗങ്ങളിൽ ഉൾപ്പെടുത്തി സ്ഥിരതാമസത്തിനുള്ള അനുമതി നൽകും.
വരുമാനം: ഈ പദ്ധതിയിലൂടെ 100 ബില്യൺ ഡോളർ വരുമാനം നേടാൻ കഴിയുമെന്ന് യുഎസ് വാണിജ്യ സെക്രട്ടറി ഹോവാർഡ് ലുട്‌നിക് വ്യക്തമാക്കി. ഈ വരുമാനം നികുതി കുറയ്ക്കുന്നതിനും കടം വീട്ടുന്നതിനും ഉപയോഗിക്കുമെന്ന് ട്രംപ് പറഞ്ഞു.
ട്രംപ് ഗോൾഡ് കാർഡ് അപേക്ഷിക്കുന്ന വിധം : trumpcard.gov എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക. Apply Now എന്ന ഭാഗത്ത് ആവശ്യമായ വിവരങ്ങൾ നൽകുക.നിർദ്ദേശിച്ച അപേക്ഷാ ഫീസ് അടയ്ക്കുക.ആവശ്യമായ രേഖകൾ സമർപ്പിക്കുക.യുഎസ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസ്, ഡിപ്പാർട്ട്‌മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി എന്നീ ഏജൻസികൾ അപേക്ഷകരുടെ വിവരങ്ങൾ പരിശോധിക്കും.
അപേക്ഷ അംഗീകരിക്കപ്പെട്ടാൽ, നിശ്ചിത തുക യുഎസ് സർക്കാരിന് നൽകണം.എല്ലാ നടപടികളും പൂർത്തിയായാൽ, അപേക്ഷകന് EB-1 അല്ലെങ്കിൽ EB-2 വിസ പ്രകാരം സ്ഥിരതാമസ അനുമതി ലഭിക്കും, തുടർന്ന് ട്രംപ് ഗോൾഡ് കാർഡ് നൽകും.
കാർഡ് റദ്ദാക്കാവുന്ന സാഹചര്യങ്ങൾ കാർഡ് ഉടമ രാജ്യസുരക്ഷയ്ക്ക് ഭീഷണിയായാൽ, ക്രിമിനൽ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടാൽ, തട്ടിപ്പ് നടത്തുകയോ തെറ്റായ വിവരങ്ങൾ നൽകുകയോ ചെയ്താൽ, വിസയുടെ നിബന്ധനകൾ ലംഘിച്ചാൽ.
ട്രംപ് പ്ലാറ്റിനം കാർഡ് വരുന്നു : – -ട്രംപ് ഭരണകൂടം ഉടൻ തന്നെ ട്രംപ് പ്ലാറ്റിനം കാർഡ് അവതരിപ്പിക്കാൻ പദ്ധതിയിടുന്നുണ്ട്. 50 ലക്ഷം ഡോളറാണ് ഇതിന് വില. ഈ കാർഡ് ഉടമകൾക്ക് ഒരു വർഷം 270 ദിവസം വരെ യുഎസിൽ താമസിക്കാം, കൂടാതെ യുഎസിന് പുറത്തുനിന്നുള്ള വരുമാനത്തിന് നികുതി നൽകേണ്ടതില്ല.

